ചെന്നൈ: നാളെ ഇസ്രോയ്ക്ക് നിർണ്ണായകം. രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിൽ കുതിപ്പുണ്ടാക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമെന്ന ഇസ്രോയുടെ നീക്കങ്ങൾ പുതു തലത്തിലെത്തുകയാണ്. 5.4 ടൺ ഭാരമുള്ള 36 ഉപഗ്രഹങ്ങൾ ഒറ്റയടിക്കു ഭ്രമണപഥത്തിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് ജിഎസ്എൽവി മാർക്ക്3 ആണ് ഇവയെ ഭ്രമണപഥങ്ങളിലെത്തിക്കുക. ജിഎസ്എൽവി റോക്കറ്റുകൾ വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

വൺവെബ് കമ്പനിയുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള കൗണ്ട് ഡൗൺ തുടങ്ങി. നാളെ അർധരാത്രി 12.07ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് 36 ഉപഗ്രഹങ്ങളുമായി ജിഎസ്എൽവി മാർക്ക് 3 കുതിച്ചുയരും. വൺ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക.

ഭൂമിയോട് ഏറ്റവും ചേർന്നുള്ള ഭ്രമണപഥമാണു ലക്ഷ്യസ്ഥാനം. അതുകൊണ്ട് തന്നെ ഇസ്‌റോയുടെ ഫാറ്റ് ബോയെന്നും ബാഹുബലിയെന്നും വിളിപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അധിക കുതിപ്പേകുന്ന വികാസ് എൻജിൻ വൺവെബ് ദൗത്യത്തിനുള്ള എൽഎംവി എം 3 വിക്ഷേപണ വാഹനത്തിലില്ല. ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ് വൺവെബ് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിന്റെ ഇന്റർനെറ്റ് വേഗതയേയും മാറ്റി മറിക്കും.

ഭാരതി എന്റർപ്രൈസസിന് ഓഹരി പങ്കാളിത്തമുള്ള വൺവെബിന്റെ സേവനം എയർടെൽ വഴി ഇന്ത്യയ്ക്കും ലഭിക്കും. ഇസ്‌റോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണ് വൺവെബുമായുള്ളത്. വിക്ഷേപണത്തറയിൽ നിന്നു പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.

648 ഉപഗ്രഹങ്ങൾ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇന്റർനെറ്റ് സേവനം ലഭ്യമാകുന്ന വമ്പൻ പദ്ധതിയിലാണ് ഇസ്രോ കൂടി ഭാഗമാകുന്നത്. 36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂർത്തിയാകുമെന്നു വൺവെബ് അറിയിച്ചു. ഉപഗ്രഹങ്ങൾ അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിന്നു പ്രത്യേക ചരക്കുവിമാനങ്ങളിലാണ് ചെന്നൈയിൽ എത്തിച്ചത്. ഇവിടെ നിന്നു റോഡു മാർഗമാണ് ശ്രീഹരിക്കോട്ടയിലേക്ക് എത്തിച്ചത്. ഇതുവരെ പിഎസ്എൽവി. റോക്കറ്റുകൾ ഉപയോഗിച്ചുള്ള വാണിജ്യ വിക്ഷേപങ്ങൾ മാത്രമേ ഇസ്രോ നടത്തിയിരുന്നൊള്ളു. 10 ടൺ ഭാരം വഹിക്കാൻ കഴിയുന്ന, ബാഹുബലി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജിഎസ്എൽവി കൂടി ഉപയോഗപ്പെടുത്തിയതോടെ ഇസ്രോയുടെ വാണിജ്യ വിക്ഷേപണത്തിന് കൂടുതൽ കരുത്തുലഭിക്കും.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് സാറ്റ്കോം കമ്പനി ഉപഗ്രഹ വിക്ഷേപണത്തിനായി റഷ്യൻ ബഹിരാകാശ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഇസ്രോയുടെ സേവനം ഉപയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു. റഷ്യ-.യുക്രെയ്ൻ സംഘർഷത്തിൽ പ്രതിഷേധിച്ച് കസാക്കിസ്ഥാനിലെ റഷ്യയുടെ ബൈക്ക്‌നൂർ കോസ്മോഡ്രോമിൽ നിന്നുള്ള എല്ലാ വിക്ഷേപണങ്ങളും കമ്പനി താൽക്കാലികമായി നിർത്തിവച്ചിരുന്നു. 2022 ഫെബ്രുവരി വരെ 428 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച വൺവെബ് വൈകാതെ തന്നെ ഇന്ത്യയിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കിയേക്കും.

അലാസ്‌ക, കാനഡ, യുകെ, ആർട്ടിക് മേഖല എന്നിവിടങ്ങളിൽ കമ്പനിയുടെ സേവനങ്ങൾ ഇതിനകം തന്നെ ലഭ്യമാണ്. 36 ഉപഗ്രഹങ്ങളുടെ മറ്റൊരു കൂട്ടം 2023 ജനുവരിയിൽ ഭ്രമണപഥത്തിൽ എത്തിക്കാനും വൺവെബ് പദ്ധതിയിട്ടിട്ടുണ്ട്. ഭാരതി എയർടെല്ലിന്റെ വൺവെബ് , ജിയോ സാറ്റ്ലൈറ്റ് എന്നീ കമ്പനികളോട് സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള സ്പെക്ട്രം ലേലത്തിലൂടെ നൽകിയാൽ മതിയോ എന്ന കാര്യത്തിൽ കേന്ദ്രം തീരുമാനം എടുത്തിട്ടില്ല. സ്പെക്ട്രം ലേലത്തിലൂടെ നൽകണമെന്നാണ് ജിയോയുടെയും വോഡാഫോൺ ഐഡിയയുടെയും നിലപാട്.

മേഖലയിലെ നിയമങ്ങളിൽ കൂടുതൽ വ്യക്ത വരുത്തുന്ന ബഹിരാകാശ പോളിസി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. പോളിസുയെ കരട് പുറത്തിറങ്ങാൻ ആണ് ടെലികോം കമ്പനികളും കാത്തിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പടെ രാജ്യത്തെ എല്ലാ മേഖലകളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സാറ്റ്ലൈറ്റ് വഴി സാധിക്കും. ഇതിന് കൂടുതൽ കരുത്ത് പകരുന്നതാണ് ഇസ്രോയുടെ പുതിയ വിക്ഷേപണവും.