- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രഡ്ജർ വാങ്ങിയത് മൂന്ന് പേരടങ്ങിയ ഡിപ്പാർട്ട്‌മെന്റ് പർച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിൽ; കേസ് എടുത്തത് ഒരാൾക്കെതിരെ; ആരോപിച്ചിരിക്കുന്ന കുറ്റം ഗൂഢാലോചനയും; ഒരാൾ അദ്ദേഹത്തോട് മാത്രം ഗൂഢാലോചന നടത്തി അഴിമതി ചെയ്തുവെന്ന് പറയുന്നത് യുക്തിസഹമല്ല; കേസ് പകപോക്കലെന്ന് ജേക്കബ് തോമസ്
ന്യൂഡൽഹി: ഡ്രഡ്ജർ അഴിമതി കേസിൽ ധനകാര്യ വകുപ്പും വിജിലൻസ് ഡിപ്പാർട്മെന്റും തനിക്കെതിരെ നടത്തിയ അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. അത് വെറുമൊരു പകപോക്കലാണെന്ന് ജേക്കബ് തോമസ് പറയുന്നു. സുപ്രീംകോടതിയിലാണ് ജേക്കബ് തോമസ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഹോളണ്ട് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടന്നെന്നായിരുന്നു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. ഹോളണ്ട് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല വസ്തുതകളും സർക്കാരിൽ നിന്ന് മറച്ചുവച്ചെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഹൈക്കോടതി ഈ കേസ് റദ്ദാക്കി. ഇതിന് പിന്നാലെ കേരള സർക്കാർ സുപ്രീംകോടതിയിൽ എത്തി. ഈ കേസിലാണ് ജേക്കബ്ബ് തോമസ് നിലപാട് വിശദീകരിക്കുന്നത്.
വിജിലൻസ് ഡയറക്ടർ ആയിരുന്നപ്പോൾ ഉന്നതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിലുള്ള പകപോക്കലാണ് തനിക്കെതിരായ കേസ്. സ്വയം ഗൂഢാലോചന നടത്തിയാണ് അഴിമതി നടത്തിയതെന്ന വിജിലൻസ് കണ്ടെത്തൽ യുക്തിസഹമല്ലെന്നാരോപിച്ച് ജേക്കബ് തോമസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തു. കള്ളക്കേസാണ് തനിക്കെതിരെ എടുത്തതെന്ന് യുക്തിസഹമായി വിവരിക്കുകായണ് ജേക്കബ് തോമസ്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരാണ് ഈ കേസിൽ കേരളത്തിനായി ഹാജരാകുന്നത്.
വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സർക്കാർ ഉൾപ്പടെ നൽകിയ ഹർജികൾ തള്ളണമെന്ന് സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ മുൻ ഡിജിപി ജേക്കബ് തോമസ് ആവശ്യപ്പെട്ടു. തനിക്കെതിരായ വിജിലൻസ് കേസ് ബാലിശമാണ്. മൂന്ന് സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്‌മെന്റ് പർച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയത്. എന്നാൽ കേസ് എടുത്തത് തനിക്കെതിരെ മാത്രമാണ്.
ആരോപിച്ചിരിക്കുന്ന കുറ്റം ഗൂഢാലോചനയും. ഒരാൾ അദ്ദേഹത്തോട് മാത്രം ഗൂഢാലോചന നടത്തി അഴിമതി ചെയ്തുവെന്ന് പറയുന്നത് യുക്തിസഹമല്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ജേക്കബ് തോമസ് തോമസ് അറിയിച്ചിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ ആയിരുന്നപ്പോൾ മന്ത്രിമാർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പടെ പല പ്രമുഖർക്കും എതിരെ താൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ പകപോക്കലാണ് ഡ്രഡ്ജർ അഴിമതി കേസെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ