- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന കേസ് പൊളിയുന്നു; സിബിഐ അന്വേഷണത്തെ തടയാനുള്ള തെലുങ്കാനാ സർക്കാരിന്റെ നീക്കത്തിനും സുപ്രീംകോടതിയിൽ പ്രാഥമിക തിരിച്ചടി; അമൃതാ ആശുപത്രിയിലെ ഡോ ജഗ്ഗു സ്വാമി അടക്കമുള്ളവർക്ക് ആശ്വാസം; പൊളിയുന്നത് ജയിലിൽ അടയ്ക്കാനുള്ള കെസിആർ നീക്കം
ഹൈദരാബാദ്: തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ഡോ. ജഗ്ഗു സ്വാമി അടക്കമുള്ളവരെ പ്രതിചേർക്കുന്നത് തടഞ്ഞ് കോടതിയുടെ ഇടപെടൽ ചർച്ചയാക്കുന്നത് നടന്ന അന്വേഷണ നാടകമെല്ലാം രാഷ്ട്രീയ പ്രേരിതമെന്ന വാദം. തെലുങ്കാന ഹൈക്കോടതി ഈ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്. തെലുങ്കാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘവും ഇതോടെ അപ്രസക്തമായി.
കേസിൽ അടിയന്തര ഇടപെടൽ തേടി തെലുങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തെലുങ്കാനയിലെ ഹൈക്കോടതി വിധിക്ക് സ്‌റ്റേ നൽകിയില്ല. ഈ ഹർജിയിൽ സുപ്രീംകോടതി വിശദ വാദം കേൾക്കും. ഏതായാലും തെലുങ്കാന സർക്കാർ നടത്തിയ ഗൂഢാലോചനയെന്ന വാദം ബിജെപിയും കൂട്ടരും ശക്തമായി ഉയർത്തുകയാണ്. തെലുങ്കാനയിലെ രാഷ്ട്രീയത്തിൽ ഇത് പ്രതിഫലിക്കുമെന്നും സൂചനയുണ്ട്. സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് ജഗ്ഗു സ്വാമി അടക്കമുള്ളവരും വിശ്വസിക്കുന്നു.
അമൃത ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ജഗ്ഗു സ്വാമി. ജഗ്ഗു സ്വാമിയെ അറസ്റ്റു ചെയ്യാൻ തെലുങ്കാനാ പൊലീസ് ശ്രമിച്ചിരുന്നു. അമൃതാ ആശുപത്രിയിൽ അടക്കം റെയ്ഡും നടത്തി. ബിജെപി ഓർഗനൈസിങ് സെക്രട്ടറിയായ ബി.എൽ സന്തോഷ്, എൻ.ഡി.എ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജഗ്ഗു സ്വാമി കോടതിയെ സമീപിച്ചത്. തനിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും താൻ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്നുമാണ് ജഗ്ഗു സ്വാമി കോടതിയെ അറിയിച്ചത്. ഇത് കോടതിയും അംഗീകരിച്ചു. ഇതോടെ ജഗ്ഗു സ്വാമിക്ക് കേസുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന അവസ്ഥ വന്നു.
എറണാകുളം അമൃത ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായ ജഗ്ഗു സ്വാമിക്കായി ആശുപത്രിയിലടക്കം അന്വേഷണസംഘം നോട്ടീസ് പതിച്ചിരുന്നു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷൻ കമലത്തിനായി തുഷാർ വെള്ളാപ്പള്ളിയെ ബന്ധപ്പെടുത്തി എന്നായിരുന്നു തെലുങ്കാനയിലെ പ്രത്യേക അന്വേഷണ സംഘം ആരോപിക്കാൻ ശ്രമിച്ചത്. സംഭവത്തിലെ പ്രതികളിലൊരാളായ ഫരീദാബാദ് ആസ്ഥാനമായുള്ള മതപ്രഭാഷകൻ രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധമുള്ളയാളാണ് ഡോ.ജഗ്ഗു സ്വാമി. രാമചന്ദ്ര ഭാരതിയുമായുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ച് കേസുണ്ടാക്കാനായിരുന്നു തെലുങ്കാനാ പൊലീസ് ശ്രമിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.
ഡോ.ജഗ്ഗു സ്വാമി അമൃതാ ആശുപത്രിയിലെ അഡി.ജനറൽ മാനേജറാണ്. കരുനാഗപ്പള്ളിയെ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഡോ. ജഗ്ഗു പിന്നീട് ആശുപത്രിയുടെ ചുമതലക്കാരനായി മാറുകയുമായിരുന്നു. കേരളത്തിന് അകത്തു പുറത്തുമായി നിരവധി രാഷ്ട്രീയ നേതാക്കളുമായും പ്രശസ്ത വ്യക്തികളുമായി ജഗ്ഗു സ്വാമിക്ക് ബന്ധമുണ്ട്. ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റി ബിജെപിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ആരോപണം.
എന്നാൽ കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ തെളിവുകളൊന്നും ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല. ഇതോടെ രാഷ്ട്രീയ പ്രേരിതമാണെന്ന മറുവാദവുമെത്തി. അങ്ങനെയാണ് സിബിഐ അന്വേഷണമെന്ന ആവശ്യത്തിലേക്ക് കാര്യങ്ങളെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ