- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കാൻ അവശേഷിക്കുന്നത് ഒരു മാസം മാത്രം; ജയിൽ പരിഷ്കരണം പഠിക്കാൻ ജയിൽ മേധാവി വിദേശത്തേക്ക്; സന്ദർശനം നടത്തുക അമേരിക്കയിലും കാനഡയിലും; വിവാദ ഐപിഎസ് ഓഫീസർ സുധേഷ് കുമാറിന്റെ യാത്രയുടെ ചെലവ് വഹിക്കുന്നത് വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ എന്ന സ്ഥാപനം
ആലപ്പുഴ: വിരമിക്കാൻ ഒരു മാസം മാത്ര ശേഷിക്കവേ ജയിൽ മേധാവി സുധേഷ് കുമാർ വിദേശയാത്രക്ക് ഒരുങ്ങുന്നു. ജയിൽ മേധാവിക്ക് സർക്കാർ ചെലവിൽ വിദേശ യാത്രയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ജയിൽ മേധാവി, ഡിജിപി സുധേഷ് കുമാറിനാണ് കാനഡയും അമേരിക്കയും സന്ദർശിക്കാനുള്ള രണ്ടാഴ്ചത്തെ ടൂറിന് സർക്കാർ അനുമതി നൽകിയത്. ഇവിടങ്ങളിലെ ജയിൽ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനാണ് സുധേഷ് കുമാറിന്റെ യാത്ര.
അടുത്ത മാസം 30ന് സുധേഷ് കുമാർ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് അസാധാരണ നടപടി. രണ്ട് വർഷമെങ്കിലും സർവീസ് ബാക്കിയുള്ളവരെയേ പരിശീലനത്തിനും പഠനങ്ങൾക്കും അയക്കാവൂ എന്നാണ് മാർഗനിർദ്ദേശം. ഇത് ലംഘിച്ചാണ് സെപ്റ്റംബർ 14 വരെയുള്ള യാത്രയ്ക്ക് സുധേഷ് കുമാറിന് അനുമതി നൽകിയത്.
അമേരിക്കയിലേയും കാനഡയിലേയും ജയിൽ സംവിധാനങ്ങളെ കുറിച്ച് പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനായി വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കണം. തുടർന്ന് നാട്ടിൽ ജയിൽ സംവിധാനങ്ങളിൽ പരിഷ്‌ക്കാരങ്ങൾ കൊണ്ടു വരണം. പക്ഷെ ഇതെല്ലാം ചെയ്യാൻ ചുമതലപ്പെട്ട സുധേഷ് കുമാർ അടുത്തമാസം 30ന് വിരമിക്കും.
അങ്ങിനെയെങ്കിൽ ഈ സന്ദർശനത്തിന് എന്ത് ഗുണമുണ്ട് എന്നതാണ് പ്രധാന ചോദ്യം. സുധേഷ് കുമാറിന് പകരം ജയിൽ വകുപ്പിലെ ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ സർക്കാരിന് നിയോഗിക്കാമായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അഖിലേന്ത്യാ സർവീസ് മാർഗനിർദ്ദേശങ്ങൾ സുധേഷ് കുമാറിന് യാത്രാനുമതി നൽകിയതിലൂടെ ലംഘിക്കപ്പെട്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സുധേഷ് കുമാറിന്റെ യാത്രയുടെ ചെലവ് വഹിക്കുന്നത് വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ എന്ന സ്ഥാപനമാണ്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സർക്കാരുകളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ നടത്തുന്ന സ്ഥാപനമാണിത്. അതേസമയം നേരത്തെ തന്നെ നിരവധി വിവാദങ്ങളിൽ പെട്ട ഓഫീസറാണ് സുദേഷ് കുമാർ. സിവിൽ പൊലീസ് ഓഫീസരെ ഡിജിപിയുടെ മകൾ മർദ്ദിച്ചത് അടക്കം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇത് കൂടാതെ വിജിലൻസ് ഡയറക്ടറായിരിക്കെ തലസ്ഥാനത്തെ പ്രമുഖ ജുവലറിയിൽ നിന്ന്, ഉടമയുടെ മകനെ വിരട്ടി 95 ശതമാനം ഡിസ്‌കൗണ്ടിൽ ഏഴുപവന്റെ നെക്ലേസ് വാങ്ങിയ ജയിൽ ഡി.ജി.പി സുധേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് ചീഫ്‌സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സർക്കാരിന് ശുപാർശ നൽകയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജുവലറിയുടമയിൽ നിന്നടക്കം ഇരുവരും വിവരങ്ങൾ തേടിയിരുന്നു. സി.സി ടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും പരിശോധിച്ചിരുന്നു.
തിരുവനന്തപുരം എം.ജി റോഡിലെ ജുവലറിയിൽ നിന്ന് മകൾക്കായി ആന്റിക് ശ്രേണിയിൽപെട്ട 7 പവന്റെ നെക്ലേസിന് പലതവണ ഡിസ്‌കൗണ്ട് ആവശ്യപ്പെട്ട സുധേഷ് കുമാർ ഒടുവിൽ സ്വർണക്കടത്തിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത്രയും കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കിയത്. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.അതേസമയം, വിജിലൻസ് ഡയറക്ടറായിരിക്കെ സുധേഷ് കുമാർ ഉത്തരവിട്ട മൂന്ന് അന്വേഷണങ്ങളിൽ കഴമ്പില്ലെന്ന് കാട്ടി വിജിലൻസ് റിപ്പോർട്ട് നൽകി.
മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.പി ടോമിൻ തച്ചങ്കരി, ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത്, ക്രൈംബ്രാഞ്ച് എസ്‌പി പ്രശാന്തൻ കാണി എന്നിവർക്കെതിരെയുള്ള അന്വേഷണങ്ങളാണിവ. ഊമക്കത്ത് പരാതിയായി സ്വീകരിച്ചായിരുന്നു ശ്രീജിത്തിനും പ്രശാന്തൻ കാണിക്കുമെതിരായ അന്വേഷണം. തച്ചങ്കരി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ എം.ഡിയായിരുന്ന കാലത്തെ ഇടപാടിലായിരുന്നു അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ