തിരുവനന്തപുരം: ആർഎസ്എസ് മുസ്ലിം സംഘടനകളുമായി ചർച്ചകളിലേക്ക് കടന്നത് അടുത്തിടെയാണ്. ദേശീയ തലത്തിലെ വിവിധ സംഘടനകളുമായി ചർച്ച നടത്തിയ മോഹൻ ഭാഗവതും സംഘവും ഇപ്പോൾ കേരളത്തിലും ദേശീയ തലത്തിലും പ്രബലമായ സംഘടനകളുമായും ചർച്ച തുടങ്ങി വെച്ചിട്ടുണ്ട്. കുറച്ചുകാലമായി കേരളത്തിലെ മുംസ്ലീംസമൂഹത്തിലും ആർഎസ്എസ് ഏതു സംഘനയുമായാണ് ചർച്ച നടത്തിയതെന്ന ചോദ്യം ഉയർന്നിരുന്നു. ഇപ്പോൾ ആർഎസ്എസുമായി ചർച്ച നടത്തിയത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തുവന്നു.

ജനുവരി 14ന് ന്യൂഡൽഹിയിൽ വച്ച് ചർച്ച നടന്നതായി ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറിയും മുൻ കേരള അമീറുമായ ടി ആരിഫ് അലി വ്യക്തമാക്കി. ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ടി ആരിഫ് അലി ഇക്കാര്യം വ്യക്തമാക്കിയത്. ആർഎസ്എസുമായി ചർച്ച നടത്തിയതിൽ തെറ്റില്ലെന്നും അദ്ദേഹം പഞ്ഞു. കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും അതിനാലാണ് ചർച്ച നടത്തിയതെന്നും ആ്രിഫ് അലി വ്യക്തമാക്കി.

മുൻ തെരഞ്ഞെടുപ്പു കമ്മിഷണർ എസ്വൈ ഖുറേഷി, ഡൽഹി മുൻ ലഫ്റ്റ്നന്റ് ഗവർണർ നജീബ് ജങ്, ഷാഹിസ് സിദ്ദിഖി, സയീദ് ഷെർവാനി എന്നിവർ 2022 ഓഗസ്റ്റിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ചർച്ച നടത്തിയതെന്നാണ് ആരിഫലി സ്ഥിരീകരിക്കുന്നത്. അതേസമയം മുൻനിര നേതാക്കളുമായി ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി.

ജമാമഅത്തെ ഇസ്ലാമിയുമായുള്ള ചർച്ചയ്ക്ക് ആർഎസ്എസ് നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ഖുറേഷിയാണ് ജമാഅത്തുമായി ബന്ധപ്പെട്ടത്. ചർച്ചകളിൽ സഹകരിക്കണമെന്ന് ഖുറേഷി ആവശ്യപ്പെടുകയായിരുന്നു. മറ്റു മുസ്ലിം സംഘടനകളുമായും അദ്ദേഹം സംസാരിച്ചിരുന്നു. ചർച്ചയിൽ ഇരു കൂട്ടർക്കും തുല്യ പങ്കാളിത്തം വേണമെന്ന് തുടക്കത്തിൽ തന്നെ ഞങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് കൃത്യമായ ഘടന വേണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. ചർച്ച സുതാര്യമായിരിക്കണമെന്നും നിർദ്ദേശിച്ചു. ഇരുപക്ഷത്തിനും പറയാനുള്ളത് അങ്ങോട്ടുമിങ്ങോട്ടും കേൾക്കണം. വെറുതെ ചർച്ച മാത്രമല്ലാതെ എന്തെങ്കിലും ഫലമുണ്ടാവണമെന്നും ഞങ്ങൾ പറഞ്ഞു. ഇതെല്ലാം ഖുറേഷി അംഗീകരിച്ചതോടെയാണ് ചർച്ച യാഥാർഥ്യമായത്- ആരിഫ് അലി അഭിമുഖത്തിൽ പറയുന്നു.

ജമാഅത്തെ ഇസ്ലാമി സംവാദത്തിൽ വിശ്വസിക്കുന്ന സംഘടനയാണ്. സമൂഹത്തിലെ ഏതു വിഭാഗവുമായും ഇടപെടാൻ ഞങ്ങൾക്കു മടിയില്ല. മുസ്ലിം സംഘടനകളുമായി നടത്തിയ ചർച്ചയോടെ കേന്ദ്രത്തെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് ആർഎസ്എസ് തന്നെ തെളിയിച്ചു, അതാണ് സത്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെ ചർച്ചയ്ക്കിടെ ആർഎസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ നടക്കുന്ന ബുൾഡോസർ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചു.

കാശിയിലും മഥുരയിലും ഉൾപ്പെടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസ് നേതൃത്വവും ചർച്ചയിൽ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ആർഎസ്എസുമായി ചർച്ച നടത്തിയതിനെ ജമാഅത്തെ ഇസ്ലാമി എതിർത്തിരുന്നല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ ആരിഫ് അലിയുടെ മറുപടി ഇങ്ങനെ: ആർഎസ്എസുമായി ഏതു സംഘടന നടത്തുന്ന ചർച്ചയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിലേക്കും ഭൂരിപക്ഷ പ്രീണനത്തിലേക്കും പോവരുത് എന്നാണ് ഞങ്ങളുടെ നിലപാട്.

ആർഎസ്എസുമായി ഇനിയും ചർച്ച തുടരും. ഇപ്പോൾ നടത്തിയത് രണ്ടാം നിര നേതാക്കളുമായുള്ള ആശയ വിനിമയമാണ്. മുൻനിര നേതാക്കൾ അടുത്ത ഘട്ടത്തിൽ ചർച്ച നടത്തുമെന്ന് ആരിഫ് അലി പറഞ്ഞു. ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതിന്റെ പേരിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതന്നില്ലെന്നും ആരിഫ് അലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കൃത്യമായ നിലപാടുകളുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ആർഎസ്എസുമായുള്ള ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടുകൾ മുൻപേ തന്നെ ചർച്ച ചെയ്ത് തീരുമാനിച്ചതാണ്. പ്രസ്ഥാനത്തിലുള്ളവരെയെല്ലാം ഇക്കാര്യം ആദ്യമേ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ നയിക്കുന്ന സംഘടനയുമായി ചർച്ചയ്ക്കില്ലെന്ന് മുൻവിധികളോടെ തീരുമാനിക്കുന്നത് ശരിയായ നീക്കമല്ലെന്നും ആരിഫ് അലി ചൂണ്ടിക്കാട്ടി.