- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരതിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ യാത്രയ്ക്ക് 1071 രൂപ മതി; കെ റെയിൽ മുമ്പോട്ട് വയ്ക്കുന്നതിനേക്കാൾ നിരക്ക് കുറയ്ക്കുന്നത് തീവണ്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ കണക്കിലെടുത്ത്; വേഗത പരമാവധി കൂട്ടാനും ശ്രമം; തുടക്കത്തിൽ സർവ്വീസ് കോഴിക്കോട് വരെയെന്നും സൂചന; ജനശതാബ്ദി നിർത്തില്ല; അതിവേഗം ഇനി വെസ്റ്റ് കോസ്റ്റ് യാത്ര
തിരുവനന്തപുരം: ജനശതാബ്ദി തീവണ്ടി നിർത്താതെ തന്നെ വന്ദേഭാരതും കേരളത്തിൽ ഓടിക്കും. നിരക്കും പരമാവധി കുറയ്ക്കും. സമയം കൂടുതൽ ലാഭിക്കാനും ആലോചനയുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ നിരക്ക് ചെയർകാറിന് 1071 രൂപയായിരിക്കുമെന്നാണ് സൂചന. എക്‌സിക്യൂട്ടീവ് ചെയർകാറിന് 2194 രൂപയും. ഇനിയും നിരക്ക് കുറയ്ക്കുന്നതും പരിഗണനയിലുണ്ട്. കെ റെയിലിന് വേണ്ടി സംസ്ഥാന സർക്കാർ മുമ്പോട്ട് വച്ച നിരക്കിനെക്കാൾ കുറയ്ക്കാനാണ് ശ്രമം. വിമാനയാത്രാ ചാർജ്ജിന് മുകളിൽ നിരക്ക് പോവുകയുമില്ല.
അതിനിടെ തിരുവനന്തപുരത്തു നിന്നുള്ള ആദ്യ വന്ദേഭാരത് ട്രെയിനിന്റെ സർവീസ് കോഴിക്കോട് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ട്രെയിൻ തൽക്കാലം കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കാനും പിന്നീടു കണ്ണൂരിലേക്കു നീട്ടാനും നീക്കം നടക്കുന്നുവെന്നാണു സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വന്ദേഭാരത്തിന്റെ വേഗത കൂട്ടിയ ശേഷം കണ്ണൂരിലേക്ക് വിടാനാണ് ആലോചന. എന്നാൽ ഇക്കാര്യത്തിൽ കണ്ണൂരിലേക്ക് പോകണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. വെസ്റ്റ് കോസ്റ്റിലൂടെയുള്ള തീവണ്ടി യാത്ര അതിവേഗതയിലേക്ക് കൊണ്ടു വരുന്നതാണ് വന്ദേഭാരത്
വന്ദേഭാരത് കണ്ണൂർ വരെ സർവീസ് നടത്തിയില്ലെങ്കിൽ യാത്രക്കാർക്കും റെയിൽവേയ്ക്കും പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല. ഇന്നലെ കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്‌പ്രസ് കൊച്ചുവേളി യാർഡിലാണുള്ളത്. വന്ദേഭാരത് എക്സ്‌പ്രസ് 25 നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ ചടങ്ങിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ നവീകരിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനവും നിർവഹിക്കും. ഈ നവീകരണവും അതിവേഗം നടക്കും.
തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ 500 കിലോ മീറ്ററാണ് ദൂരം. മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസുകൾ യാത്ര പൂർത്തിയാക്കാനെടുക്കുന്ന സമയവും കേരളത്തിൽ പ്രതീക്ഷിക്കപ്പെടുന്ന വേഗവും കണക്കാക്കമ്പോൾ, ഈ ദൂരം പിന്നിടാൻ ആറര മണിക്കൂറോളം എടുത്തേക്കാം. സ്റ്റോപ്പുകളുടെ എണ്ണം കൂടുതലുള്ളത് കൂടി കണക്കിലെടുക്കുമ്പോൾ ഏഴ് മണിക്കൂർ വരെയാകാനും സാധ്യതയുണ്ട്. പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കാൻ മറ്റ് ട്രെയിനുകളുടെ സർവീസ് അതിനനുസരിച്ച് ക്രമീകരിക്കും. എ.സി കോച്ചുകൾ മാത്രമാണ് ഈ ട്രെയിനിലുണ്ടാകുക. ചെയർ കാർ, എക്സിക്യുട്ടീവ് എന്നിങ്ങനെ രണ്ട് ക്ലാസുകളാകും ഉണ്ടാകുക.
വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങുന്നതു കേരളത്തിന്റെ റെയിൽ ഗതാഗത രംഗത്തു പുതിയ ചരിത്രം രചിക്കും. വന്ദേഭാരതിനായി ട്രാക്കുകളിലെ വേഗം കൂട്ടുന്നതു മറ്റു ട്രെയിനുകൾക്കും ഗുണം ചെയ്യും. തിരുവനന്തപുരം മുതൽ കോഴിക്കോടു വരെയുള്ള ട്രാക്കിലെ പ്രശ്‌നങ്ങൾ പരിശോധിക്കാനും നവീകരണം നടത്തുന്ന റെയിൽവേ സ്റ്റേഷനുകൾ കാണാനും ഇന്നലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് ഇൻസ്‌പെക്ഷൻ സ്‌പെഷൽ ട്രെയിനിൽ ഈ റൂട്ടിൽ സഞ്ചരിച്ചിരുന്നു. ഭൂമിയേറ്റെടുക്കാതെ വേഗ നിയന്ത്രണങ്ങൾ നീക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ അതിനുള്ള നടപടി ഉടൻ വേണമെന്ന് ആർ.എൻ.സിങ് നിർദേശിച്ചിട്ടുണ്ട്.
വന്ദേഭാരത് എക്സ്‌പ്രസ് കേരളത്തിലെ ട്രാക്കിലൂടെ ആദ്യ സർവീസ് നടത്തുന്നതിനു മുന്നോടിയായുള്ള ട്രയൽ റൺ അടുത്തയാഴ്ച നടത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാവിലെ അഞ്ചരയ്ക്കു തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പരീക്ഷണ സർവീസ് നടത്തും. തിരികെ രാത്രി 11 ന് എത്തും. വന്ദേഭാരതിനായി 6 സെറ്റ് ടൈംടേബിളുകളാണു ദക്ഷിണ റെയിൽവേ, ബോർഡിനു നൽകിയിട്ടുള്ളത്. രാവിലെ 5നു പുറപ്പെട്ടു ഉച്ചയോടെ കണ്ണൂരിലെത്തി, രാത്രി പത്തിനു മുൻപായി തിരികെ തലസ്ഥാനത്തു എത്തുന്ന സമയക്രമമാണു പരിഗണനയിലുള്ളത്. 7 മുതൽ ഏഴര മണിക്കൂർ വരെ റണ്ണിങ് ടൈമുള്ള ടൈംടേബിളുകളിൽ ഇനിയും സമയം കുറയ്ക്കാൻ കഴിയുമോയെന്നാണു റെയിൽവേ ബോർഡ് നോക്കുന്നത്.
കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിൻ എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കേരളത്തിൽ സർവീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയിൽനിന്ന് കേരളത്തിലെത്തി. 16 കോച്ചുകളുള്ള ട്രെയിനാണ് ഇത്. തുടക്കത്തിൽ ഒരു ട്രെയിനാകും സർവീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സർവീസ് പരിഗണിക്കുന്നത്. ഇതിനൊപ്പമാണ് തുടക്കത്തിൽ കോഴിക്കോട് വരെ സർവ്വീസെന്ന ചിന്ത. ഏപ്രിൽ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും. 24-ന് കൊച്ചിയിലോ 25-ന് തിരുവനന്തപുരത്തോ ആണ് ഫ്ളാഗ് ഓഫ് പരിഗണിക്കുന്നത്.
ഏതാനും ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതിൽ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിൻ ഫ്ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്. ഒമ്പത് സ്റ്റോപ്പുകളുള്ള സർവീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സർവീസിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊർണൂർ, തിരൂർ, ചെങ്ങന്നൂർ, കായംകുളം ഇവയിൽ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.
തിരുവനന്തപുരം ഡിവിഷനാണ് സർവീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സർവീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്‌പ്രസുകൾ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. മണിക്കൂറിൽ 180 കിലോ മീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ഈ വേഗം സാധ്യമല്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏറെക്കാലമായി നടത്തിവരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ