ന്യൂഡൽഹി: കേരളത്തിൽ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാം സുപ്രീംകോടതിയിൽ. താൻ അസം സ്വദേശിയാണ്. തന്റെ ബന്ധുക്കളെല്ലാം അസമിലാണ്. തന്റെ ദരിദ്ര കുടുംബാംഗങ്ങൾക്ക് കേരളത്തിലെത്തി ജയിലിൽ തന്നെ കാണുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അമീറുൾ ഇസ്ലാം സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്.

വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി വധശിക്ഷ ശരിവച്ചിട്ടില്ല. അതിനാൽ സാധാരണ ജയിൽപ്പുള്ളികൾക്കുള്ള ജയിൽ മാറ്റം അടക്കമുള്ള അവകാശങ്ങൾ തനിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രതി അസം ഗവർണറെ സമീപിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവർണർ ഈ ആവശ്യം തള്ളിയിരുന്നു. സുപ്രീം കോടതി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനൻ എന്നിവർ മുഖേനയാണ് ഹർജി ഫയൽ ചെയ്തതിട്ടുള്ളത്.

കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2016 ഏപ്രിൽ 28ന് ആണ്, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോൾ ഇരവിച്ചിറ കനാൽപുറമ്പാക്കിലെ വീട്ടിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. ജിഷ അതിക്രൂരമായ ബലാത്സംഗത്തിനിരയായി മൃഗീയമായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ശരീരത്ത് 38 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു.

കൊലയാളി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് മെയ് എട്ടിന് പൊലീസിന് സൂചന ലഭിച്ചു. മെയ് 14ന് കൊലയാളിയുടെ ഡിഎൻഎ ഫലം പുറത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്.

ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. ഒടുവിൽ ജൂൺ 16 ന് അസം സ്വദേശിയായ അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പെരുമ്പാവൂരിലെ ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്നു ഇയാൾ. തമിഴ്‌നാട്ടിലെ കൊറിയർ കമ്പനിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ഏറെ നാൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ജൂൺ 16ന് പ്രതി, അസം സ്വദേശി അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇംഗിതത്തിന് വഴങ്ങാത്തതിലുള്ള വൈരാഗ്യം മൂലം പ്രതി ജിഷയെ കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. ലൈംഗികാസക്തിയോടെ ജിഷയെ കടന്നു പിടിച്ച പ്രതി, എതിർത്തപ്പോൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഷയെ പലതവണ കുത്തുകയായിരുന്നു.

ഡിഎൻഎ പരിശോധനാഫലവും കുറ്റപത്രത്തിനൊപ്പം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് ശിക്ഷിച്ചത്.