- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് യുവാക്കളുടെ ജീവനെടുത്ത മകന്റെ വാഹനാപകടക്കേസ്: അഞ്ച് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കിയില്ല; രണ്ടു ലക്ഷം നഷ്ടപരിഹാരം വാങ്ങിയെന്ന വ്യാജപ്രചാരണവും കുടുംബത്തിന് വേദനയായി; വിവാദങ്ങൾക്കിടെ മണിമലയിലെ യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
മണിമല: മണിമലയിൽ മകൻ ഓടിച്ച വാഹനം ഇടിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടിൽ ജോസ് കെ മാണി എം പി എത്തി. കുടുംബങ്ങങ്ങളെ എങ്ങനെ സ്വന്തനിപ്പിക്കുമെന്നറിയാതെ ജോസ് കെ. മാണി വിതുമ്പി. കറിക്കാട്ടൂർ പതാലിപ്ലാവ് ചുവന്ന താഴെ വീട്ടിലാണ് അദ്ദേഹം എത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ എത്തിയത്.
ഒന്നര മണിക്കൂറോളം വീട്ടിൽ ഇരുന്നു. കാര്യങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു. മാതാപിതാക്കൾക്ക് പറയാൻ വാക്കുകളില്ലായിരുന്നു. ജിസിന്റെ ഭാര്യ അൻസു അദ്ദേഹത്തോട് സംസാരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നെന്ന് എംപി കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്.
അപകടത്തിനു കാരണക്കാരനായ തന്റെ മകൻ ഏറെ വിഷമിത്തിലാണെന്ന് ജോസ് കെ. മാണി കുടുംബങ്ങളെ അറിയിച്ചു. സഹോദരങ്ങളുടെ മരണം വലിയ വിഷമം ഉണ്ടാക്കിയെന്നും ഇതിലും ഭേദം അപകടത്തിൽ താൻ മരിക്കുകയാണ് വേണ്ടിയിരുന്നതെന്നും മകൻ തങ്ങളോടെ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. മക്കൾ നഷ്ടമായ കുടുംബത്തിന് വേണ്ടത് ചെയ്യുമെന്നും എം പി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ വാർഡ് അംഗം ജോസഫ് കുഞ്ഞ്
എന്നിവർ ഒപ്പമുണ്ടായിരുന്നു. എൻ. ജയരാജ് എം എൽ. എ രാവിലെ വീട്ടിൽ എത്തിയിരുന്നു.
കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രാവിലെ എത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മണിമലയ്ക്ക് സമീപം അപകടം ഉണ്ടായത്. അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ സഹോദരങ്ങൾ മരണപെട്ടിരുന്നു. അമിത വേഗതയിൽ ജോസ് കെ മാണി എം പിയുടെ മകൻ കെ. എം. മാണി ജൂനിയർ ഓടിച്ച ഇന്നോവ കാർ നിയന്ത്രണം നഷ്ടമായി സ്‌കൂട്ടറിൽ ഇടിച്ചാണ് സഹോദരങ്ങൾ മരിക്കുന്നത്.
അപകടം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അപകടത്തിൽ വാഹനം ഓടിച്ച ഡ്രൈവറെ മാറ്റുന്നത് ഉൾപ്പെടെയുള്ള അട്ടിമറികൾ മണിമല പൊലീസ് സ്റ്റേഷൻനിൽ നടന്നു. ആദ്യം എഫ്. ഐ. ആറിൽ 45 വയസ്സ് പ്രായമുള്ളയാളാണ് വാഹനം ഓടിച്ചതെന്നു രേഖപ്പെടുത്തിയിരുന്നു. കാറിന്റെ പിന്നിൽ സ്‌കൂട്ടർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്നു വരെ പ്രചരണം നടന്നു. എന്നാൽ വാഹനങ്ങൾ എതിർ ദിശയിലാണ് എത്തിയത്.
അപകടത്തിനു കാരണക്കാരനായ എം. പിയുടെ മകനെ മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉന്നത ഇടപെടൽ നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. മറുനാടൻ മലയാളി വാർത്തയോടെയാണ് അപകടത്തിന്റെ സത്യാവസ്ഥ പുറം ലോകം അറിയുന്നത്. ദൃക്സാക്ഷി ഉൾപ്പെടെ അപകടത്തിന്റെ വിശദീകരണവുമായി രംഗത്തെത്തി. ആക്ഷൻ കൗൺസിൽ വരെ രൂപീകരിക്കുന്നതിന്നുള്ള ഒരുക്കത്തിലായിരുന്നു നാട്ടുകാർ.
ജോസ് കെ. മാണിയെയും കുടുംബത്തിനും നേരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സോഷ്യൽ മീഡിയകളിൽ സംഭവം ഏറെ വിവാദമായ പശ്ചാതലത്തിലാണ് എം പി യുടെ സന്ദർശനം.
മകൻ സഞ്ചരിച്ച കാർ ഇത്തരത്തിൽ അപകടം ഉണ്ടാക്കിയിട്ടും ജോസ് കെ മാണി ഇതുവരെ ആ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇത് പാർട്ടി പ്രവർത്തകരിൽ നിന്നും വിമർശനത്തിന് വഴിവെച്ചിരുന്നു. അതിനിടെയാണ് വീട്ടിലെത്തിയത്. എല്ലാവിധ പിന്തുണയും എം പി വാഗ്ദാനം ചെയ്തുവെന്നാണ് അറിയുന്നത്.
ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തിൽ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി നേരത്തെ പറഞ്ഞിരുന്നു. എംപിയുടെ മകനോട് മനസിൽ വിദ്വേഷമൊന്നുമില്ല, പക്ഷേ തന്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്ന് ജോളി ആവശ്യപ്പെട്ടു. മരിച്ച ജിസിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ജോലി നൽകണം. അപകടശേഷം ജോസ് കെ മാണിയുടെ വീട്ടിൽ നിന്ന് ആരും ഇതുവരെ വന്നിട്ടില്ലെന്നും ജോളി നേരത്തെ പ്രതികരിച്ചിരുന്നു.
അപകട ശേഷം ജോസ് കെ മാണിയുടെ കുടുംബത്തിൽ നിന്ന് രണ്ടു ലക്ഷം നഷ്ടപരിഹാരം വാങ്ങിയെന്ന പ്രചരണം വ്യാജമാണെന്നും ജോളി പറഞ്ഞു. ഇനിയും പൈസ വന്നുകൊണ്ടിരിക്കുമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അപകടശേഷം ജോസ് കെ മാണിയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ കാണാൻ വരികയോ വിളിക്കുകയോ പോലും ചെയ്തിട്ടില്ലെന്നും നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ജോളി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെയാണ് ജോസ് കെ മാണി മരിച്ച യുവാക്കളുടെ വീട്ടിലെത്തിയത്.
അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ജോസ് കെ മാണി ഈ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇക്കാര്യം ഇന്ന് രാവിലെ യുവാക്കളുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ ജോസ് കെ മാണി മണിമലയിലെ വീട്ടിലെത്തിയത്. അതേസമയം, കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം. നീതി തേടി ഏതറ്റം വരെയും പോകുമെന്ന് പിതാവ് ജോളിച്ചൻ പറയുന്നു.
അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കെ എം മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് പൊലീസ് കുഞ്ഞുമാണിക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്.
ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിൽ ആദ്യം തയാറാക്കിയ എഫ്ഐആറിൽ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്ന് ആക്ഷേപം ഉണ്ടായിരുന്നു. 45 വയസുള്ള ആൾ എന്ന് മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്പിൾ പരിശോധിച്ചില്ലെന്നും പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ജോസ് കെ മാണിയുടെ മകൻ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
താൻ നൽകിയ വിവരങ്ങളല്ല എഫ്‌ഐആറിലുള്ളതെന്ന് എഫ്‌ഐആർ സാക്ഷി വെളിപ്പെടുത്തിയിരുന്നു. അപകട സമയത്ത് താൻ വീട്ടിലായിരുന്നുവെന്ന് ജോസ് മാത്യു വ്യക്തമാക്കി. രണ്ട് പൊലീസുകാർ വീട്ടിലെത്തി വിളിച്ചു കൊണ്ടുപോയി. പൊലീസ് പറഞ്ഞിടത്ത് ഒപ്പിടുക മാത്രമാണ് ചെയ്തത്. മരിച്ച യുവാക്കളുടെ ബന്ധുവാണ് ജോസ് മാത്യു. വാഹനമോടിച്ചത് നാൽപ്പത്തിയഞ്ചുകാരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോസ് മാത്യുവിന്റെ മൊഴി പ്രകാരമാണെന്നായിരുന്നു പൊലീസ് വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ