- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കേസ് പരിഗണിക്കവെ കാൻസർ രോഗിയായിട്ടുപോലും പ്രതിക്ക് ജാമ്യം നിഷേധിച്ചു; വിവാഹ തർക്കത്തിലും പ്രതിയെ ജയിലിൽ അടച്ചു; യുപിയിലെ രണ്ട് കീഴ് കോടതി ജഡ്ജിമാരെ താൽകാലികമായി പിൻവലിച്ച് സുപ്രീംകോടതി; ജാമ്യം അനുവദിക്കുമ്പോൾ കരുതൽ എടുത്തില്ലെങ്കിൽ ഇനി ജഡ്ജിമാർക്ക് പണിയാകും
ന്യൂഡൽഹി: പ്രതികൾക്ക് അർഹതപ്പെട്ട ജാമ്യം അനുവദിക്കാതിരുന്ന ഉത്തർപ്രദേശിലെ 2 കീഴ്‌ക്കോടതി ജഡ്ജിമാരെ ജോലിയിൽ നിന്നു താൽക്കാലികമായി പിൻവലിച്ചു. ഇവരെ ജുഡീഷ്യൽ അക്കാദമിയിൽ 'പഠനത്തിന്' അയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അലഹാബാദ് ഹൈക്കോടതിക്കാണ് ഈ നിർദ്ദേശം നൽകിയത്.
ഹർജികൾ പരിഗണിക്കുമ്പോൾ യാന്ത്രികമായി കസ്റ്റഡി ഉത്തരവിടരുതെന്നും ഉദാര സമീപനം സ്വീകരിക്കണമെന്നും പലവട്ടം സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യമുള്ള വകുപ്പുകളാണെങ്കിൽ ജാമ്യം പ്രതിയുടെ അവകാശമാണ്. ജാമ്യമില്ലാ കേസുകളിൽ മജിസ്‌ട്രേട്ട് തീരുമാനിക്കം. എന്നാൽ ഇതിന് സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കണം. അല്ലാതെ ജാമ്യം നിഷേധിക്കാൻ കഴിയില്ല. ആർക്കും ജാമ്യം അനുവദിക്കുകയും ചെയ്യാം.
മാനദണ്ഡങ്ങൾ ലംഘിച്ചവരെയാണ് പിൻവലിക്കുന്നത്. ജാമ്യം നൽകുന്നതിൽ മാനദണ്ഡം ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് മാർച്ച് 21ന് ഉത്തരവിട്ടിരുന്നു. ഇത്തരം ജഡ്ജിമാരെ പിൻവലിച്ച് പരിശീലനത്തിന് അയയ്ക്കണമെന്നും നിർദ്ദേശം നൽകി. ഈ ഉത്തരവാണ് സുപ്രീം കോടതി തന്നെ നടപ്പിൽ വരുത്തിയത്. കീഴ്‌ക്കോടതി ജഡ്ജിമാർക്കുള്ള മുന്നറിയിപ്പ് എന്ന നിലയിൽ കൂടിയാണ് നടപടി.
ഏപ്രിൽ 26ന് ലക്‌നൗവിലെ സെഷൻസ് ജഡ്ജി വിവാഹ തർക്കവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണ ഘട്ടത്തിൽ ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാതിരുന്നിട്ടുപോലും ജാമ്യം നൽകാൻ തയാറായില്ല. രണ്ടാമത്തെ കേസ് ഏപ്രിൽ 18ന് ഗസ്സിയാബാദിലെ സിബിഐ പ്രത്യേക കോടതി ജഡ്ജിയുടേതാണ്.
അഴിമതിക്കേസ് പരിഗണിക്കവെ കാൻസർ രോഗിയായിട്ടുപോലും പ്രതിക്ക് ജാമ്യം നിഷേധിച്ചു. കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലാതിരുന്ന കേസുകളിലാണ് ഇവർ ജാമ്യം നിഷേധിച്ചത്. ജഡ്ജിമാരുടെ പേര് പരാമർശിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ