കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ എടുത്തുമാറ്റി. ചീഫ് ജസ്റ്റിസാണ് തിങ്കളാഴ്ച ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തിയത്. ജസ്റ്റിസ് സതീഷ് നൈനാൻ ആണ്  കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ ഇനി പരിഗണിക്കുക. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് അപ്പീൽ, കമ്പനി കേസുകളുടെ ചുമതല നൽകി.

നേരത്തെ പൊലീസ് അതിക്രമം സംബന്ധിച്ച കേസുകൾ പരിഗണിക്കുന്നതിൽ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. കഴിഞ്ഞ വർഷം, പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നവരിൽ നിന്ന് പൊലീസ് സംരക്ഷണം തേടിയുള്ള ഹർജികളിൽ നോക്കുകൂലിക്കെതിരെ കർശന നടപടിയെടുക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. മോൻസൺ മാവുങ്കൽ കേസ്, പിങ്ക് പൊലീസ് കേസ്, തെന്മലയിലെ പൊലീസ് അതിക്രമം തുടങ്ങിയ കേസുകളിൽ പൊലീസിനെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. കോടതിയുടെ തുടർച്ചയായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിപി ഉന്നതതലയോഗം വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന ഹൈക്കോടതി ഉത്തരവും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതായിരുന്നു.

ഇനി ജസ്റ്റിസ് എൻ നഗരേഷ് പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും, ജസ്റ്റിസ് സിയാദ് റഹ്‌മാൻ, ജസ്റ്റിസ് കെ ബാബു തുടങ്ങിയവർ ജാമ്യ ഹർജികളും പരിഗണിക്കും. ഓരോ ആറ് മാസത്തിനിടയിലും ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്താറുണ്ട്.

സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പല വിധികളും ചർച്ചയായിരുന്നു. കേരള സർവകലാശാലയിൽ വി സി സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഉടൻ നിശ്ചയിക്കണം എന്ന് നിർദ്ദേശിച്ചുള്ള വിധിയിൽ ചില സുപ്രധാന നിരീക്ഷണങ്ങൾ അദ്ദേഹം നടത്തിയിരുന്നു. യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതകളുള്ള വ്യക്തിയെ വി സിയാക്കി സർവകലാശാലയുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നായിരുന്നു ജസ്റ്റിസിന്റെ നിർദ്ദേശം. സർവകലാശാലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന അനിശ്ചിതത്വത്തിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നീട് സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ എംവി ജയരാജൻ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ നിയമത്തിന് നിയമബോധമുള്ള ഡിവിഷൻ ബെഞ്ച് വില കല്പിച്ചില്ലെന്നത് സ്വാഗതാർഹമാണെന്നായിരുന്നു ജയരാജൻ പ്രതികരിച്ചത്.'ദേവൻ രാമചന്ദ്രൻ നിയമത്തെക്കുറിച്ച് വീണ്ടും' എന്ന തലക്കെട്ടോടെയായിരുന്നു എംവി ജയരാജന്റെ വിമർശനങ്ങൾ.

ഹൈക്കോടതി ജസ്റ്റിസിനോ ഗവർണർക്കോ ഭരണഘടനാ അധികാരം നൽകിയിട്ടില്ലെന്നും തന്റെ പ്രതികരണത്തിൽ ജയരാജൻ പറഞ്ഞു. രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ രണ്ടുകൂട്ടരും ഓർക്കുന്നത് നന്നാണെന്നും എംവി ജയരാജൻ പറഞ്ഞിരുന്നു.

കേരള സാങ്കേതിക സർവകലാശാല വി സിയായി സിസാ തോമസിനെ ഗവർണർ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് രാമചന്ദ്രൻ തള്ളിയത് സർക്കരിന് വൻ തിരിച്ചടിയായിരുന്നു. ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സർക്കാർ സർവ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്ന് നിരവധി സുപ്രിം കോടതി വിധികൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.ജി സി മാനണ്ഡപ്രകാരം യോഗ്യതയില്ലാത്തവർ വി സി ആക്കരുത്. വൈസ് ചാൻസലർ പദവി ഉന്നതമാണ്. യുജിസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് വൈസ് ചാൻസലർ എന്ന പദവിയിൽ താത്ക്കാലിക വൈസ് ചാൻസലർക്ക് മറ്റൊരു മാനദണ്ഡമോ അക്കാദമിക് യോഗ്യതയോ പറയുന്നില്ല. യുജിസിയുടെ ഈ വാദം കേസിൽ നിർണ്ണായകമായെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു.

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറാകാൻ പ്രിയ വർഗ്ഗീസിന് യോഗ്യതയില്ലെന്ന വിധി പുറപ്പെടുവിച്ചതും ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ്. പ്രിയ വർഗീസ് അവകാശപ്പെടുന്ന സേവനങ്ങൾ മതിയായ അദ്ധ്യാപക പരിചയം അല്ലെന്ന വിധിയും സർവകലാശാലയ്ക്കും, സർ്കകാരിനും ക്ഷീണമായിരുന്നു. ബുധനാഴ്ച വൈസ്ചാൻസലർമാരുടെ കാരണം കാണിക്കൽ നോട്ടീസും, വെള്ളിയാഴ്ച വിസി മാർക്ക് എതിരെയുള്ള ക്വാവാറണ്ടോ ഹർജ്ജികളും പോസ്റ്റ് ചെയ്തിരിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിൽ മാറ്റം വന്നിരിക്കുന്നത്.

ജുഡീഷ്യൽ ആക്റ്റിവിസ്റ്റെന്ന വിമർശനത്തിന് മറുപടി

കോടതി വിധികൾക്കെതിരായ വിമർശനങ്ങൾക്കെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടയ്ക്ക് അഭിപ്രായം പറഞ്ഞിരുന്നു. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ ജഡ്ജിയെ ജുഡീഷ്യൽ ആക്ടിവിസ്റ്റ് ആക്കുമെന്ന് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അനുസ്മരണത്തിലായിരുന്നു ദേവൻ രാമചന്ദ്രന്റെ വിമർശനം.

സമീപകാല കോടതിവിധികൾക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവന്റെ രാമചന്ദ്രന്റെ പരാമർശങ്ങൾ. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ ജഡ്ജിയെ ജുഡീഷ്യൽ ആക്ടിവിസ്റ്റ് ആക്കും. ആളുകൾക്ക് ഇഷ്ടമുള്ള ഉത്തരവ് പുറപ്പെടുവിച്ചാൽ ജഡ്ജി മിടുക്കനാകും. എല്ലാ ഉത്തരവുകളും ഭരണഘടനക്കുള്ളിൽ നിൽക്കുന്നവയാണ്. അത് ആളുകൾക്ക് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രസക്തം. ഭരണഘടനയനുസരിച്ച് എന്താണോ ചെയ്യേണ്ടത് അത് മാത്രമാണ് താൻ ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.