- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷനെ വിമർശിച്ച ജഡ്ജി; ആർഎസ്എസ് അഭിഭാഷക വേദിയിൽ വെച്ച് ഇന്ത്യൻ നിയമ സംവിധാനം ഭാരതീയവൽക്കരിക്കണം എന്നാവശ്യപ്പെട്ട ന്യായാധിപൻ; നോട്ടു നിരോധനത്തിന് എതിരായ ഹർജികളും തള്ളി; അയോധ്യ വിധിയിൽ രാമക്ഷേത്രം നൽകാനും പച്ചക്കൊടി കാട്ടി ചരിത്രവിധി കുറിച്ചു; കേന്ദ്രം ആന്ധ്ര ഗവർണറാക്കി നിയമിച്ച ജസ്റ്റിസ് അബ്ദുൾ നസീറിനെ അറിയാം
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകിയ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി മാറിയതിന് പിന്നാലെ ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറാക്കിയ കേന്ദ്രസർക്കാരിന്റെ നടപടി വിവാദത്തിൽ. സുപ്രധാനമായ പല കേസുകളിലും വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചുകളിലെ അംഗമായിരുന്ന ജസ്റ്റിസ് എസ് അബ്ദുൾ നസീറിന് ഗവർണർ പദവി നൽകുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന ആക്ഷേപമാണ് വിമർശകർ ഉയർത്തുന്നത്.
വിരമിക്കുന്നതിന് മുൻപുള്ള വിധിന്യായങ്ങൾക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളുടെ സ്വാധീനമുണ്ടാകുമെന്നും അതു ജുഡീഷ്യറിക്കു ഭീഷണിയാണെന്നുമുള്ള മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ 2013ലെ പരാമർശം ഉയർത്തിയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനം ഉയർത്തുന്നത്.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണ വിധി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീർ. കേരളത്തിലെ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ സ്‌കീമിനെ തുറന്ന കോടതിയിൽ വിമർശിച്ച ജസ്റ്റിസ് അബ്ദുൾ നസീർ ആർഎസ്എസിന്റെ അഭിഭാഷക സംഘടന സംഘടിപ്പിച്ച വേദിയിൽ പ്രസംഗിച്ചതും വലിയ ചർച്ചയായിരുന്നു.
അയോധ്യയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകിയ ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീർ. മുസ്ലിം മത വിഭാഗത്തിൽ നിന്നുള്ള ബെഞ്ചിലെ ഏക അംഗമായിരുന്നു അദ്ദേഹം. ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിലവിൽ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. ബെഞ്ചിലെ മറ്റൊരു അംഗമായിരുന്നു അശോക് ഭൂഷൺ നിലവിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണൽ ചെയർപേർസണാണ്.
മന്ത്രിമാർ ഉൾപ്പടെയുള്ള പൊതു പ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയതും ജസ്റ്റിസ് അബ്ദുൾ നസീറായിരുന്നു. മന്ത്രിമാർ നടത്തുന്ന എല്ലാ പരാമർശങ്ങളും സർക്കാരിന്റെ നിലപാടായി കണക്കാക്കാനായി കഴിയില്ലെന്നും ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങൾ വിധിച്ചു. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന ഭിന്ന വിധിയെഴുതി.
നരേന്ദ്ര മോദി സർക്കാർ 2016ൽ നടപ്പാക്കിയ നോട്ട് നിരോധനത്തിന് എതിരായ ഹർജികൾ തള്ളിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയത് ജസ്റ്റിസ് എസ് അബ്ദുൾ നസീർ ആയിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചാണ് കേന്ദ്ര സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതെന്ന് ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് നസീർ ഉൾപ്പടെ നാല് അംഗങ്ങൾ വിധിച്ചിരുന്നു. എന്നാൽ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന ഭിന്ന വിധി എഴുതി.
മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീർ. എന്നാൽ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറും, ജസ്റ്റിസ് അബ്ദുൾ നസീറും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ഭിന്ന വിധി എഴുതുകയായിരുന്നു.
ആധാറിന് നിയമ സാധുത ഉണ്ടെന്ന 2018ലെ വിധിക്ക് എതിരായ പുനഃപരിശോധന ഹർജികൾ തള്ളിയ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീർ. ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ഖാൻവിൽക്കർ എഴുതിയ വിധിയോട് ജസ്റ്റിസ് അബ്ദുൾ നസീർ യോജിച്ചു. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഭിന്ന വിധി എഴുതി. സ്വകാര്യത പൗരന്റെ മൗലിക അവകാശമാണെന്ന ചരിത്ര വിധി പുറപ്പടിവിച്ച സുപ്രീം കോടതിയുടെ ഒമ്പത് അംഗ ഭരണ ഘടന ബെഞ്ചിലെ അംഗവുമായിരുന്നു ജസ്റ്റിസ് നസീർ.
അഴിമതിക്കാരോട് മൃതു സമീപനം കോടതികൾ സ്വീകരിക്കരുതെന്ന് വിധിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയതും ജസ്റ്റിസ് അബ്ദുൾ നസീർ ആയിരുന്നു. കൈക്കൂലി ചോദിച്ചതിന് നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലും അഴിമതി നിരോധന നിയമ പ്രകാരം പൊതു പ്രവർത്തകരെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. അഴിമതി തെളിയിക്കുന്നതിന് സാഹചര്യ തെളിവുകൾ മാത്രം മതിയെന്നും ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.
രണ്ട് വർഷം മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിൽ ജോലി ചെയ്യുന്നവർക്ക് ജീവിത അവസാനം വരെ പെൻഷൻ നൽകുന്ന സംവിധാനം ലോകത്ത് ഒരിടത്തും ഇല്ലെന്ന് തുറന്ന കോടതിയിൽ അഭിപ്രായപ്പെട്ട ജഡ്ജിയാണ് ജസ്റ്റിസ് എസ് അബ്ദുൽ നസീർ. വിപണി വിലയേക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുൽ നസീർ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. രണ്ട് വർഷം ജോലി ചെയ്യുന്നവർക്ക് ജീവിത അവസാനം വരെ പെൻഷൻ നൽകാൻ കഴിയുന്ന ഒരു സംസ്ഥാനം എന്തിനാണ് ഡീസൽ വില വർദ്ധനവിനെതിരെ കോടതിയെ സമീപിക്കുന്നതെന്ന് ജസ്റ്റിസ് നസീർ ആരായുകയും ചെയ്തിരുന്നു.
കണ്ണൂർ സർവകലാശാല വി സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് എതിരായ ഹർജിയിൽ നോട്ടീസ് അയച്ച സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നൽകിയതും ജസ്റ്റിസ് നസീർ ആയിരുന്നു. കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചന അധികാരമാണെന്നും അതിൽ കോടതിക്കും ട്രിബ്യുണലിലും ഇടപെടാൻ കഴിയില്ലെന്നുമുള്ള പി.എസ്.സിയുടെ വാദം തള്ളി സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നൽകിയതും ജസ്റ്റിസ് നസീർ ആയിരുന്നു
ആർഎസ്എസ്സിന്റെ അഭിഭാഷക സംഘടനയായ അഖിൽ ഭാരതീയ അധിവക്ത പരിഷത്തിന്റെ പതിനാറാമത് ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ജസ്റ്റിസ് അബ്ദുൾ നസീർ പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. 2021 ഡിസംബർ 26നാണ് ആർഎസ്എസ്സിന്റെ പരിവാർ സംഘടനയുടെ വേദിയിൽ ജസ്റ്റിസ് നസീർ പ്രഭാഷണം നടത്തിയത്. ഇന്ത്യയിലെ നിയമ സംവിധാനം ഇപ്പോഴും കൊളോണിയൽ സ്വഭാവമുള്ളതാണെന്നും, അത് ഭാരതീയ വൽക്കരിക്കണമെന്നും ജസ്റ്റിസ് നസീർ അന്ന് ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ഗവർണറാക്കിയതിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നത്. കേന്ദ്ര സർക്കാരിന്റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു. നസീറിന്റെ നിയമനം ജുഡീഷ്യറിക്കു ഭീഷണിയാണെന്നും സിങ്വി പറഞ്ഞു. അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‌ലി പറഞ്ഞത് ഓർമിപ്പിച്ചായിരുന്നു സിങ്വിയുടെ പ്രസ്താവന.
അയോധ്യക്കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി മുൻ ജഡ്ജി സയ്യിദ് അബ്ദുൽ നസീറിനെ ആന്ധ്രപ്രദേശ് ഗവർണറാക്കി നിയമിച്ചതിനെ സിപിഎം രാജ്യസഭാ അംഗം എ.എ.റഹീമും വിമർശിച്ചിരുന്നു. അയോധ്യക്കേസിലെ ജഡ്ജിമാരിൽ ഒരാളായ അബ്ദുൾ നാസീറിന് ലഭിച്ചിരിക്കുന്ന ഗവർണർ പദവി ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതല്ല. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൽ സംഘപരിവാർ അഭിഭാഷക സംഘടനയുടെ ചടങ്ങിലും പങ്കെടുത്ത മുൻ ജഡ്ജിയുടെ നിയമനം അപലപനീയമാണ്. കേന്ദ്രസർക്കാർ വാഗ്ദാനം സയ്യിദ് അബ്ദുൽ നസീർ നിരസിക്കണമെന്നും റഹീം സമൂഹമാധ്യമത്തിൽ കുറിച്ചു.
അയോധ്യ കേസിലെ വിധി പറഞ്ഞ ജഡ്ജിമാർ
അയോധ്യാ കേസിൽ വിധി പറഞ്ഞ റിട്ട. ജഡ്ജിമാരിൽ മൂന്നുപേരും വിരമിച്ചശേഷം ഔദ്യോഗിക പദവികളിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷൺ, എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് അയോധ്യ കേസിൽ വിധി പറഞ്ഞത്. ഇവരിൽ രഞ്ജൻ ഗൊഗോയ്, അശോക് ഭൂഷൺ, എസ്.എ അബ്ദുൽ നസീർ എന്നിവരാണ് ഔദ്യോഗിക പദവികളിൽ നിയമിക്കപ്പെട്ടത്.
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്
അയോധ്യാ കേസിൽ വിധി പറഞ്ഞ ബെഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇപ്പോൾ രാജ്യസഭാംഗമാണ്. ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച് നാല് മാസത്തിനുള്ളിലാണ് ജസ്റ്റിസ് ഗൊഗോയ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ പുതിയ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം ന്യായീകരിക്കുകയാണ് ചെയ്തത്. തനിക്ക് രാജ്യസഭയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ യാതൊരു മടിയും കൂടാതെയാണ് സ്വീകരിച്ചതെന്ന് തന്റെ ആത്മകഥയിൽ ഗൊഗോയ് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ രാജ്യസഭയിൽ ഉയർത്തുന്നതിനുള്ള അവസരമായാണ് താനിതിനെ കണ്ടതെന്നും ഗോഗോയ് ആത്മകഥയിൽ പറയുന്നുണ്ട്.
അസം സ്വദേശിയായ രഞ്ജൻ ഗൊഗോയ് ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്തുനിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് ഗൊഗോയ്.
ജസ്റ്റിസ് അശോക് ഭൂഷൺ
ബെഞ്ചിലെ മറ്റൊരു ജഡ്ജിയായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ നാഷണൽ കമ്പനി ലോ അപ്പെല്ലറ്റ് ട്രിബ്യൂണൽ (എൻ.സി.എൽ.എ.ടി) ചെയർപേഴ്സൺ ആയാണ് നിയമിക്കപ്പെട്ടത്. 2020 മാർച്ചിൽ ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ വിരമിച്ചിച്ച ശേഷം 19 മാസങ്ങൾക്ക് ശേഷമാണ് 2021 ഒക്ടോബർ 30ന് ജസ്റ്റിസ് അശോക് ഭൂഷണെ ചെയർപേഴ്സണായി നിയമിച്ചത്.
2016-ലാണ് അശോക് ഭൂഷൺ സുപ്രിംകോടതി ജഡ്ജിയായി നിയമിതനായത്. ഉത്തർപ്രദേശിലെ ജൗൺപൂരിൽ 1956-ലാണ് അദ്ദേഹം ജനിച്ചത്. അലഹാബാദ് സർവകലാശാലയിൽനിന്ന് നിയമബിരുദം നേടി. 1979 മുതൽ അലഹാബാദ് കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 2001 ഏപ്രിൽ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2015 മാർച്ച് മുതൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2021 ജൂലൈയിലാണ് ജസ്റ്റിസ് ഭൂഷൺ സുപ്രിംകോടതിയിൽനിന്ന് വിരമിച്ചത്. വിരമിച്ച് മൂന്ന് മാസത്തിനുള്ളിലാണ് അദ്ദേഹം പുതിയ പദവിയിൽ നിയമിതനായത്.
ജസ്റ്റിസ് എസ്. അബ്ദുൽ നസീർ
അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിലെ മറ്റൊരു അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ഇന്നാണ് ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചത്. ബെഞ്ചിലെ ഏക മുസ് ലിം അംഗമായിരുന്ന ജസ്റ്റിസ് നസീർ 2023 ജനുവരി നാലിനാണ് വിരമിച്ചത്. കർണാടക ഹൈക്കോടതിയിൽനിന്ന് 2017 ഫെബ്രുവരിയിലാണ് അദ്ദേഹം സുപ്രിംകോടതിയിലേക്ക് നിയോഗിക്കപ്പെട്ടത്.
ബാബരി കേസിന് പുറമെ സ്വകാര്യതക്കുള്ള അവകാശം കൈകാര്യം ചെയ്ത കെ.എസ് പുട്ടസ്വാമി കേസ്, മുത്തലാഖ് കേസ്, നോട്ട് നിരോധനം, ജനപ്രതിനിധികളുടെ പ്രസംഗത്തിന് അധിക നിയന്ത്രണം ആവശ്യമാണോ തുടങ്ങിയ കേസുകളിലും വിധി പറഞ്ഞത് ജസ്റ്റിസ് അബ്ദുൽ നസീർ അടങ്ങിയ ബെഞ്ചാണ്.
നോട്ട് നിരോധനം ശരിവെച്ച ഭരണഘടനാ ബെഞ്ചിനെ നയിച്ചതും ജസ്റ്റിസ് നസീറായിരുന്നു. ഈ കേസിൽ വിധി പറഞ്ഞ ശേഷമാണ് അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നായിരുന്നു കേസിലെ ഭൂരിപക്ഷ വിധി.
ജസ്റ്റിസ് എസ്.എ ബോബ്ഡെ
ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് എസ്.എ ബോബ്ഡെ ചീഫ് ജസ്റ്റിസായി വിരമിച്ചു. 2021 ഏപ്രിൽ 23-നാണ് അദ്ദേഹം വിരമിച്ചത്. ഇതിന് പിന്നാലെ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തി ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജസ്റ്റിസ് ബോബ്ഡെ വിരമിച്ചതിന് ശേഷം മറ്റു പദവികളിലൊന്നും നിയമിക്കപ്പെട്ടിട്ടില്ല.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
അയോധ്യ കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ നിലവിലെ ചീഫ് ജസ്റ്റിസായ ഡി.വൈ ചന്ദ്രചൂഡ് മാത്രമാണ് ഇപ്പോൾ സർവീസിലുള്ളത്. 2024 നവംബർ 11നാണ് അദ്ദേഹം സർവീസിൽനിന്ന് വിരമിക്കുക.
മറുനാടന്‍ മലയാളി ബ്യൂറോ