കൊച്ചി: ആരാധനാലയങ്ങൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുമ്പോൾ ചർച്ചയാകുന്നതും ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ നീതി ബോധം. മലപ്പുറം അമരമ്പലം പഞ്ചായത്തിൽ വാണിജ്യാവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ മോസ്‌ക് അനുവദിക്കണമെന്ന ഹർജി കോടതി തള്ളിയാണ് ഈ നിർദ്ദേശം മുമ്പോട്ട് വച്ചത്. നൂറുൽ ഇസ്ലാം സാംസ്‌കാരിക സംഘം സെക്രട്ടറി ആലിക്കുട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.

പ്രദേശത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 മോസ്‌കുകൾ ഉണ്ടന്ന് പഞ്ചായത്ത് സെക്രട്ടറി റിപോർട് നൽകിയിരുന്നു. കെട്ടിടം ആരാധനലായമാക്കുന്നതിരെ പ്രദേശവാസിയുടെ പരാതിയിൽ കളക്ടർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ നൂറൂൽ ഇസ്ലാം സാംസ്‌കാരിക സംഘം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും എത്രയും വേഗം അടച്ചുപൂട്ടണമെന്നും കോടതി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ആരാധനലായങ്ങൾ നിയമാനുസൃതമാണന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഉത്തരവുകൾ പുറപ്പെടുവിക്കണം. വാണിജ്യവശ്യത്തിന് അനുമതി ലഭിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നത് തടഞ്ഞ് സർക്കുലർ ഇറക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകാവൂ. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം.അപൂർവങ്ങളിൽ അപൂർവ അപേക്ഷകളിൽ മാത്രമേ വാണിജ്യ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കാൻ അനുവദിക്കാവൂ. അനുമതി നൽകുന്നത് പൊലീസിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ആരാധാനാലയങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് മാനദണ്ഡം നിർബന്ധമാക്കണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാൻ അനുമതി തേടി മലപ്പുറത്തെ നൂറുൽ ഇസ്ലാമിക് സാംസ്‌കാരിക സംഘം നേരത്തെ അപേക്ഷ നൽകിയിരുന്നു. ജില്ലാ കളക്ടർക്കാണ് അപേക്ഷ നൽകിയിരുന്നത്. അതേസമയം വാണിജ്യ കെട്ടിടം പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന അപേക്ഷ ജില്ലാ കളക്ടർ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്ലാമിക സാംസ്‌കാരിക സംഘം ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി പരിഗണിക്കവേയാണ് അനുമതിയില്ലാത്ത ആരാധനാലയങ്ങൾ പൂട്ടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിർബന്ധമാണെന്ന് കോടതി പറഞ്ഞു.

മാത്രമല്ല ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സർക്കാർ സർക്കുലറിറക്കണമെന്നും കോടതി പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരം കെട്ടിടങ്ങൾക്ക് അനുമതി നൽകുവാൻ പാടുള്ളു. കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാൻ അപൂർവങ്ങളിൽ അപൂർവമായി അനുമതി നൽകുകയാണെങ്കിൽ തന്നെ അത് പൊലീസ് റിപ്പോർട്ടിന്റേയും ഇന്റലിജൻസ് റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

വ്യക്തിയുടെ ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന ഹൈക്കോടതി വിധിയും കുഞ്ഞികൃഷ്ണന്റേതായിരുന്നു. പ്രായപൂർത്തിയാകുന്നതിനു മുൻപേ അമ്മയായ ഒരു സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ആ ഉത്തരവ്. ജനന സർട്ടിഫിക്കറ്റിലും സ്‌കൂൾ രേഖകളിലും പാസ്പോർട്ടിലുമുള്ള പിതാവിന്റെ പേരു നീക്കം ചെയ്ത് അമ്മയുടെ പേരു മാത്രം ചേർത്തു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയിലെത്തിയത്. വാദങ്ങൾ കേട്ട ശേഷം നീതി ഉറപ്പാക്കേണ്ടതിന്റെ സാമൂഹിക സാഹചര്യം വിശദീകരിച്ചായിരുന്നു ഉത്തരവ്. ഇതിന് ശേഷം മറ്റൊരു സുപ്രധാന വിധിയും വരുന്നു.

കുന്തി വെളിപ്പെടുത്തുന്നതുവരെ മാതാപിതാക്കളാരെന്നറിയാത്ത കർണൻ അനുഭവിക്കുന്ന മനോവിഷമം വേദവ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. ഈ കഥയെ ആസ്പദമാക്കി മാലി മാധവൻ നായർ രചിച്ച 'കർണശപഥം' ആട്ടക്കഥയിലെ ''എന്തിഹ മന്മാനസേ... '' എന്നു തുടങ്ങുന്ന പദത്തിൽ കർണന്റെ മാനസിക സംഘർഷം വിവരിച്ചിട്ടുണ്ട്. ഈ പദം കലാമണ്ഡലം ഹൈദരാലി പാടി കലാമണ്ഡലം ഗോപി അവതരിപ്പിക്കുമ്പോൾ കഥകളി പ്രേമികളല്ലാത്തവർപ്പോലും കണ്ണീരണിയും-കോടതി വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് നിർണ്ണായകമായ ഉത്തരവ്.വ്യക്തികളുടെ രാഷ്ട്രീയം നിയമനങ്ങളിൽ തടസ്സമാകരുതെന്നു ജഡ്ജിയായി ചുമതലയേറ്റ ശേഷം ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞിരുന്നു. മുൻ ജഡ്ജിമാരുടെ പുസ്തകങ്ങളും കോടതി വിധികളും ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ഹൈക്കോടതി തന്റെ നിയമനത്തിനു ശുപാർശ ചെയ്ത ശേഷം നിയമനം കിട്ടാൻ രണ്ടുവർഷം നീണ്ട കാത്തിരിപ്പു വേണ്ടിവന്നതിന്റെ വേദനയും അദ്ദേഹം മറച്ചുവച്ചിരുന്നില്ല അന്ന്. ഭരണഘടനാ സ്ഥാനങ്ങളിൽ നിയമനങ്ങൾക്ക് അതിന്റേതായ സമയം വേണ്ടിവരും. എന്നാലും ഇത്രയേറെ കാത്തിരിപ്പ് വേദനാജനകമാണ്; കാരണം അറിയാതിരിക്കുമ്പോൾ പ്രത്യേകിച്ചും - അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിൽ കാൽനൂറ്റാണ്ടു പിന്നിട്ട അഭിഭാഷക ജീവിതത്തിനു ശേഷമാണു പി. വി. കുഞ്ഞിക്കൃഷ്ണൻ ജഡ്ജിയായത്.

ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതിൽ ബിരുദമെടുക്കാൻ കുഞ്ഞികൃഷ്ണൻ, പയ്യന്നൂർ കോളജിൽ ചേരുകയുണ്ടായി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസർകോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരിയുടെ വിയോഗമാണ് കുഞ്ഞികൃഷ്ണനെ അഭിഭാഷക ജോലിയിലേയ്ക്ക് തിരിക്കുന്നത്. തിരുവനന്തപുരത്തെ നിയമപഠനത്തിനു ശേഷം പയ്യന്നൂരിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോൾ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണു നിർദ്ദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം.

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്നും ചടങ്ങിൽ അച്ഛനെത്തിയതിൽ സന്തോഷമുണ്ടെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.