വടകര : കീഴൽ സ്വദേശിനിയായ റുബീന എന്ന യുവതിക്ക് നാദാപുരം ചാലപ്പുറത്തെ ഭർത്തൃവീട്ടിൽവെച്ച് ക്രൂരമായ മർദനമേറ്റ സംഭവത്തിൽ നാദാപുരം പൊലീസ് കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് കെ.കെ. രമ എംഎ‍ൽഎ. ഗുരുതരമായി പരിക്കേറ്റ ചെക്കോട്ടി ബസാർ തട്ടാറത്ത് മീത്തൽ മൂസയുടെ മകൾ റുബീന(30)യെ വീട്ടിൽ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവർ.

കെ കെ രമയുടെ കുറിപ്പ് ഇങ്ങനെ:

ഏറെ ഭീതിദമായ അവസ്ഥയിലൂടെയാണ് കീഴൽ ചെക്കോട്ടി ബസാറിലെ തട്ടാറത്ത് മീത്തൽ റുബീന കടന്നുപോകുന്നത്. സ്വന്തം ഭർത്താവിന്റെ വീട്ടിൽവച്ച് ഭർത്താവിന്റെയും സഹോദരന്മാരുടെയും നേതൃത്വത്തിൽ നടന്ന ക്രൂരമായ മർദനത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തയായിട്ടില്ല ഈ മുപ്പതുകാരി. ഏപ്രിൽ മൂന്നിന് നടന്ന സംഭവത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ചികിത്സകഴിഞ്ഞു ഇവർ വീട്ടിലെത്തിയത്. സമാനതകളില്ലാത്ത മർദനമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

ഭർത്താവ് ജാഫറിന്റെ വഴിവിട്ട ജീവിതം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് തന്റെ കയ്യിൽ കിട്ടിയതാണ് ജാഫറിനെയും കുടുംബത്തെയും ചൊടിപ്പിച്ചതെന്നു റുബീന പറയുന്നു. ഇത് തിരിച്ചു കിട്ടുന്നതിനായി ഭർത്താവ് ജാഫറും സഹോദരങ്ങളായ ജംഷീർ,ജസീർ എന്നിവരും ചേർന്ന് റുബീനയെ ഭർതൃപിതാവിന്റെയും മാതാവിന്റെയും സാന്നിധ്യത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നു. മുഖത്തും വയറിലും നാഭിയിലുമൊക്കെ ബൂട്സ് ഇട്ട കാലുകൊണ്ട് ചവിട്ടുകയും, മുഖത്തു കാർക്കിച്ച് തുപ്പുകയും ചെയ്തു. പിന്നീട് കൊല്ലുമെന്ന് പറഞ്ഞ് ഇന്നോവയുടെ പിന്നിലെ സീറ്റിൽ ഇട്ട് കൊണ്ടുപോകുന്നതിനിടെ വീട്ടുകാർ എത്തിയതാണ് റുബീനയ്ക്ക് ജീവൻ തിരിച്ചുകിട്ടാൻ കാരണം. നീരുവച്ച് വീർത്ത മുഖവും ശരീരത്തിലുടനീളമേറ്റ മർദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായി രക്തം ഛർദിക്കുകയും ചെയ്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ തേടേണ്ടിവന്നു.

ഇത്രയും വലിയ സംഭവം അരങ്ങേറിയിട്ടും മനുഷ്യത്വമില്ലാത്ത സമീപനമാണ് നാദാപുരം പൊലീസ് സ്വീകരിച്ചത്. പ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ ഈ ദിവസംവരെ നാദാപുരം പൊലീസ് തയ്യാറായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്ത്രീകൾക്കെതിരായി നടക്കുന്ന ഇത്തരം അക്രമങ്ങളോട് കേരളപൊലീസിന്റെ പൊതുസമീപനത്തിന്റെ തുടർച്ചയാണ് ഇവിടെയും കാണുന്നത്.റൂറൽ എസ്‌പിയെ നേരിൽ കണ്ടും വനിതാകമ്മീഷനും പരാതിനൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് റുബീനയുടെ കുടുംബം പറയുന്നത്.

ഒരു പെൺകുട്ടിക്കെതിരെ സമാനതകളിലാത്ത അക്രമം നടത്തിയിട്ടും ജാമ്യം ലഭിക്കാവുന്ന വിധത്തിലുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കുവേണ്ട സഹായം ചെയ്യുകയാണ് പൊലീസ് ചെയ്തതെന്ന് കുടുംബം പറയുന്നു. താൻ നൽകിയ മൊഴികൾക്ക് വിരുദ്ധമായാണ് പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയതെന്നുൾപ്പെടെയുള്ള ഗൗരവമുള്ള ആരോപണം പൊലീസിനെതിരെ കുടുംബം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ചു ഉന്നത തല അന്വേഷണം നടത്തണം. പ്രതികളെ ഉടൻ നിയമത്തിനു മുൻപിൽ കൊണ്ടുവരാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാരും ആഭ്യന്തരവകുപ്പും തയ്യാറാകേണ്ടതുണ്ട്.
കെ.കെ.രമ