- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുള്ള പാത ഭാവിയിൽ ബംഗ്ലുരുവിലേക്കും നീളുമോ? സ്വപ്ന പദ്ധതിയിൽ ബിജെപി താൽപ്പര്യം കൊണ്ടു വരാൻ പിണറായി നടത്തുന്നത് കർണ്ണാടകയെ കൂട്ടു പിടിച്ചുള്ള നീക്കം; തമിഴ്നാടും അതിവേഗ റെയിൽപാതയെന്ന ആവശ്യത്തിന് അനുകൂലം; സിൽവർ ലൈനിൽ ഇത് പിണറായി നയതന്ത്രം
തിരുവനന്തപുരം: കെ റെയിൽ എന്നാൽ കേരള റെയിൽവേയായി ചുരുങ്ങിയാൽ കേന്ദ്ര സർക്കാർ അനുമതി കിട്ടില്ലെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കർണ്ണാടകം ഭരിക്കുന്നത് ബിജെപിയാണ്. അതുകൊണ്ട് ബിജെപിയുടെ പിന്തുണ എങ്ങനെയെങ്കിലും ഉറപ്പിക്കാനാണ് നീക്കം. സിൽവർ ലൈൻ പാത മംഗളൂരു വരെ നീട്ടുന്നത് ഉൾപ്പെടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകവും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായത് തന്ത്രത്തിന്റെ ഭാഗമാണ്.
തലശ്ശേരി മൈസൂരു, നിലമ്പൂർ - നഞ്ചൻകോട് പാതകളെക്കുറിച്ചും ഈ മാസം അവസാനം ബെംഗളൂരുവിൽ നടക്കുന്ന മുഖ്യമന്ത്രിതല കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. അയൽ സംസ്ഥാനങ്ങളിലേക്കു നീളുന്ന അതിവേഗ റെയിൽ കോറിഡോർ നിർദേശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അതിവേഗ പാത വേണമെന്ന നിലപാടാണു സ്വീകരിച്ചത്. സിൽവർ ലൈൻ പദ്ധതിയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണു കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ ഇത് ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലായിരുന്നു ഇതിന് കാരണം.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തലശ്ശേരി മൈസൂരു, നിലമ്പൂർ നഞ്ചൻകോട് പാതകളും അജൻഡയിൽ ഉണ്ടായിരുന്നു. ഇതു പരിഗണനയ്ക്ക് എടുക്കുന്നതിനു തൊട്ടു മുൻപാണ് കേരളവും കർണാടകവുമായി മുഖ്യമന്ത്രിതല ചർച്ചയ്ക്കു ധാരണയായി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചത്. മുഖ്യമന്ത്രിതല ചർച്ചയ്ക്കു ശേഷമാവും ഈ വിഷയങ്ങൾ വീണ്ടും കൗൺസിലിന്റെ പരിഗണനയ്ക്കു വരിക. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക ചോദിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചർച്ചയ്ക്കു മുൻപ് അവ കൈമാറണം.
കർണ്ണാടകയെ എല്ലാം കാണിച്ച് വിശ്വാസത്തിൽ എടുക്കും. അതിന് ശേഷം കേരളവും കർണ്ണാടകയും ചേർന്ന് സമ്മർദ്ദം ചെലുത്തും. ഇതോടെ കേന്ദ്രം നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷ. വേണമെങ്കിൽ ഇ ശ്രീധരൻ പറഞ്ഞതു പോലുള്ള അലൈന്മെന്റ് മാറ്റങ്ങളും വരുത്തും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ കർണ്ണാടക കൂടി സമ്മർദ്ദം ചെലുത്തുന്നതോടെ എല്ലാം അനുകൂലമാകുമെന്നാണ് പിണറായിയുടെ പ്രതീക്ഷ. കേ്ന്ദ്ര സർക്കാരുമായി നല്ല ബന്ധം എങ്ങനേയും തുടരും.
മംഗലാപുരം വരെ അതിവേഗ റെയിൽ എത്തിയാൽ കർണ്ണാടകയുടെ മറ്റ് ഭാഗങ്ങളിലേക്കും അത് നീട്ടാനുള്ള അവസരം കർണ്ണാടകയ്ക്ക് കിട്ടും. അങ്ങനെ ബംഗളുരുവിലേക്കും മറ്റും അതിവേഗ യാത്ര സാധ്യമാക്കുന്ന തരത്തിൽ ഭാവിയിലെ വികസനമാണ് ചർച്ചയാക്കാൻ കേരളം ശ്രമിക്കുന്നത്. ദക്ഷിണേന്ത്യയെ മുഴുവൻ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ലക്ഷ്യം. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേയും ഒരേ ടെക്‌നോളജിയിലേക്ക് കൊണ്ടു വരികയാണ് കേരളം ലക്ഷ്യമിടുന്നത്. തമിഴ്‌നാടുമായും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും.
തിരുവനന്തപുരത്ത് നടക്കുന്ന സതേൺ സോണൽ കൗൺസിലിൽ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്താൻ ധാരണയായത്. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്തിയ ശേഷമേ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യത്തിൽ ഇപ്പോൾ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടാകില്ല. ചർച്ചയിൽ അതിവേഗ റെയിൽവേ ഇടനാഴി എന്ന ആവശ്യം തമിഴ്‌നാട് മുന്നോട്ടുവച്ചിരുന്നു. കോയമ്പത്തൂർ, ചെന്നൈ, മധുര, തൂത്തുക്കൂടി നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽവേ ഇടനാഴി വേണം. അയൽ സംസ്ഥാനങ്ങളെ കൂടി ബന്ധിപ്പിക്കണമെന്ന ആവശ്യവും തമിഴ്‌നാട് മുന്നോട്ടു വച്ചു.
ചെന്നൈകോയമ്പത്തൂർ റെയിൽ കോറിഡോറാണു സ്റ്റാലിൻ ആവശ്യപ്പെട്ടത്. ഇത് അയൽ സംസ്ഥാനങ്ങളിലേക്ക് നീട്ടണമെന്നും അദ്ദേഹം നിർദേശിച്ചു. സമുദ്ര തീരശോഷണം മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക, കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കൂടുതൽ രാജ്യാന്തര സർവീസ് തുടങ്ങുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. തിരുപ്പതി വിമാനത്താവളത്തിൽ നിന്നു കൂടുതൽ രാജ്യാന്തര സർവീസ് വേണമെന്ന ആവശ്യം ആന്ധ്രയും ഉയർത്തി.
ദേശീയ വ്യോമയാന നയം അനുസരിച്ചേ രാജ്യാന്തര സർവീസുകൾ അനുവദിക്കാനാവു എന്നും അതിൽ മാറ്റം വരുത്താൻ അധികാരമില്ലെന്നും ആധ്യക്ഷ്യം വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. നിലവിലുള്ള നയം അനുസരിച്ചു പരമാവധി സർവീസുകൾക്കു ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
മറുനാടന് മലയാളി ബ്യൂറോ