തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നല്ല വശവും ചീത്തവശവും പറഞ്ഞത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് താൻ ഒരുക്കമല്ലെന്നു സുധാകരൻ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. പിണറായി വിജയൻ തന്റെ രാഷ്ട്രീയ എതിരാളിയാണ്. കോളേജ് കാലഘട്ടം മുതൽ രാഷ്ട്രീയപരമായി തങ്ങൾ രണ്ട് ചേരികളിലാണ്. പിണറായിയുമായുള്ളത് ഈഗോ പ്രശ്നമല്ല. അദ്ദേഹത്തിന് കഴിയുന്നത് അദ്ദേഹം ചെയ്യട്ടെ, തനിക്ക് കഴിയുന്നത് താൻ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

'പിണറായിക്ക് ചില നല്ല ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം ഒരു തീരുമാനമെടുത്താൽ നടപ്പാക്കാൻ ഏതറ്റം വരെയും പോകും. അദ്ദേഹം കഠിനാധ്വാനിയാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അദ്ദേഹം എപ്പോഴും മുന്നിൽ നിന്ന് നയിക്കും. പാർട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. ഒരു എതിരാളിയെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അത് ചെയ്യുന്നതുവരെ വിശ്രമിക്കില്ല, അത് പാർട്ടിക്കകത്തായാലും പുറത്തായാലും'. പിണറായി വിജയന്റെ മോശം സ്വഭാവങ്ങൾ എന്തെല്ലാമാണെന്ന ചോദ്യത്തിന്, പിണറായി വളരെ ക്രൂരനാണെന്നായിരുന്നു സുധാകരൻ നൽകിയ മറുപടി.

'കരുണ ഒട്ടുമുണ്ടാകില്ല, എന്തുകൊണ്ടാണ് കെ കെ ശൈലജ ഇത്തവണ മന്ത്രിസഭയിൽ ഇല്ലാത്തത് ആരോഗ്യമന്ത്രിയായിരിക്കെ അവർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചർ രമൺ മഗ്സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത് എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇതേക്കുറിച്ച് പിണറായിയോട് ചോദിക്കാത്തത് മാധ്യമങ്ങൾക്ക് വരെ പിണറായിയെ പേടിയാണ്. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യാൻ എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് പിണറായിയെന്ന് അവർക്ക് അറിയാം', കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞു.

പിണറായിയുമായി സംസാരിക്കാറില്ലെന്നും സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ വരുന്നത് കണ്ടാൽ അദ്ദേഹം വേറെ വഴി പോകും. പക്ഷെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റു, അത് മനുഷ്യത്വമാണ്. ഞാൻ തിരിച്ചുവരുമ്പോഴും അദ്ദേഹം എഴുന്നേറ്റിരുന്നു. അതിനനുസരിച്ചാണ് ഞാനും പ്രതികരിച്ചത്.'

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമചിത്തതയുള്ള നേതാവാണെന്നും സുധാകരൻ പറഞ്ഞു. അനാവശ്യമായ ഒരു ശല്യവും ഉണ്ടാക്കുന്നയാളല്ല അദ്ദേഹം. അനാവശ്യ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന നേതാവാണ് എംവി ഗോവിന്ദനെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. സിപിഐഎമ്മിൽ തനിക്ക് ഒരു സുഹൃത്തുണ്ടെങ്കിൽ അത് എംവി ഗോവിന്ദനാണ്. ഒരു നല്ല വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മകൻ കല്യാണത്തിന് ക്ഷണിച്ചിരുന്നു. താൻ പങ്കെടുക്കില്ലെന്ന് പറഞ്ഞെങ്കിലും ഗോവിന്ദൻ മാഷിന്റെ മകൻ നിർബന്ധിച്ചുവെന്ന് സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു.

'വിവഹത്തിന് ക്ഷണിച്ച ഗോവിന്ദൻ മാഷിന്റെ മകനോട് അച്ഛൻ എന്ത് വിചാരിക്കും എന്ന് താൻ ചോദിച്ചു. നിങ്ങളെ ക്ഷണിക്കണമെന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ടെന്ന് മകൻ മറുപടി നൽകി. തീർച്ചയായും അച്ഛൻ വിളിച്ചാൽ പങ്കെടുക്കുമെന്ന് ഞാൻ അവനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ മാഷ് തന്നെ വിളിച്ച് വിവാഹത്തിന് ക്ഷണിച്ചു.' കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആൺമക്കൾ തന്നെ കാണുമ്പോഴെല്ലാം ഓടിയെത്തുകയും അങ്കിൾ എന്ന് വിളിക്കുകയും ചെയ്യാറുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പിണറായിയുമായി വിട്ടുവീഴ്ചയ്ക്ക് ഒരിക്കലും തയ്യാറാകില്ലെന്ന് പറഞ്ഞ സുധാകരൻ, ബിജെപി പിണറായിയെ സഹായിക്കുകയാണെന്നും ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ എന്ത് സംഭവിച്ചു എന്ന് നോക്കിയാൽ മതി. എന്താണ് ഇഡി ഇതുവരെ കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ക്ലിഫ് ഹൗസിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്ന് അറിയില്ല. എന്നാൽ തെളിവുണ്ടെന്നാണ് കേസിലെ പ്രതി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിലെ നേതാക്കൾ ഇടത് ക്യാമ്പിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നായിരുന്നു കെ സുധാകരന്റെ മറുപടി. കുഞ്ഞാലിക്കുട്ടി എൽഡിഎഫിനെതിരെ സംസാരിക്കാൻ മടിക്കുന്നുണ്ടല്ലോ എന്ന ചോദ്യവും അഭിമുഖത്തിലുണ്ടായി. ഇതിന്, കുഞ്ഞാലിക്കുട്ടിയുടെ തലയ്ക്ക് മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടെന്നും, എന്നാൽ അദ്ദേഹം ഒരിക്കലും കൂറുമാറില്ലെന്നുമായിരുന്നു സുധാകരന്റെ മറുപടി. കുഞ്ഞാലിക്കുട്ടിയെയും ഒപ്പമുള്ളവരെയും തനിക്ക് വ്യക്തിപരമായി അറിയാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.