- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാർ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറി; മുഖ്യമന്ത്രിക്കെതിരായ കേസിൽ ഹീയറിങ് പൂർത്തിയാക്കി ഒരു വർഷമായിട്ടും ലോകായുക്തക്ക് മിണ്ടാട്ടമില്ല; ഭരണകക്ഷി എംഎൽഎയുടെ വീട്ടിൽകയറി കോടികൾ പിടിച്ച കർണാടക ലോകായുക്തയെ കണ്ടുപഠിക്കണം: വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: കേരളത്തിലെ ലോകായുക്തക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി പ്രതിസ്ഥാനത്തു്ള കേസിൽ വിധി പറയാൻ വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുധാകരൻ വിമർശനവുമായി രംഗത്തുവന്നത്. കർണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎൽഎയുടെ വീട്ടിൽ കയറി വരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുമ്പോൾ, പിണറായി സർക്കാർ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പ്രതിസ്ഥാനത്തു നില്ക്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസിൽ ഹീയറിങ് പൂർത്തിയായിട്ട് മാർച്ച് 18ന് ഒരു വർഷമാകുമ്പോൾ വിധി പറയാൻ ലോകായുക്ത തയാറാകുന്നില്ല. ഹിയറിങ് പൂർത്തിയായാൽ ആറുമാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതി നിർദ്ദേശമൊന്നും കേരള ലോകായുക്തക്ക് ബാധകമല്ലെന്നും അദദേഹം ചൂണ്ടിക്കാട്ടുന്നു. ലോകായുക്തയുടെ ചിറകരിഞ്ഞ ബിൽ ദീർഘകാലമായി ഗവർണറുടെ മുമ്പിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേൽ അടയിരിക്കുകയാണ്. സർക്കാരും ഗവർണറും ലോകായുക്തയും ചേർന്ന ത്രിമൂർത്തികൾ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് സർക്കാർ ആനുകൂല്യങ്ങൾക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രൻനായരുടെ മകന് എൻജിനീയറായി ജോലിക്കു പുറമെ സ്വർണ, വാഹനവായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഒമ്പത് ലക്ഷം രൂപയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലെത്തിയത്.
രോഗം, അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയ്ക്കാണ് ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം. മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറിന്റെ ഇതു സംബന്ധിച്ച ഹരജി പ്രസക്തമാണെന്ന് ലോകായുക്ത തുറന്നു സമ്മതിച്ചെങ്കിലും ഒരു വർഷമായിട്ടും വിധി പറയാത്തത് മുഖ്യമന്ത്രിയെ ഭയന്നാണോയെന്ന് വിമർശനമുണ്ട്. ലോകായുക്ത നീതിയുക്തമായ തീരുമാനമെടുത്താൽ അത് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞാണ് അമേരിക്കയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത് അതിവേഗം ഓർഡിനൻസും പിന്നീട് ബില്ലും കൊണ്ടുവന്നത്. തുക അനുവദിച്ചത് ഒന്നാം പിണറായി സർക്കാരാണെങ്കിലും ഇപ്പോൾ പിണറായി വിജയൻ മാത്രമാണ് അധികാരത്തിലുള്ളത്.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാൽ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കി വിധിക്കെതിരേ അപ്ലേറ്റ് അഥോറിറ്റികളെ സമീപിക്കാം എന്ന ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ അപ്ലേറ്റ് അഥോറിറ്റി നിയമസഭ ആയതിനാൽ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാം. മന്ത്രി കെ.ടി. ജലീലിന് രാജിവയ്ക്കേണ്ടി വന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, പുതിയ ബിൽ പ്രകാരം മന്ത്രിമാരുടെ കേസുകളിൽ മുഖ്യമന്ത്രിയാണ് അപ്ലേറ്റ് അധികാരി. രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾക്കെതിരേ ലോകായുക്തയിൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു.
സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലൻസിനെയും മറ്റും പിണറായി സർക്കാർ വന്ധീകരിച്ചപ്പോൾ ജനങ്ങൾക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയത്. മുഖ്യമന്ത്രി ഇ.കെ. നായനാർ 1999ൽ തുടക്കമിട്ട ലോകായുക്തയെ പിണറായി വിജയൻ തന്നെ മുമ്പ് വാഴ്ത്തിപ്പാടിയിട്ടുണ്ട്. വാർഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോൾ. തൊട്ടടുത്ത കർണാടകത്തിലേക്ക് ഈ വെള്ളാനയും അവരുടെ തലതൊട്ടപ്പനായ മുഖ്യമന്ത്രിയും കണ്ണോടിക്കണമെന്ന് സുധാകരൻ അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ