തലശ്ശരേി: രാഷ്ട്രീയ കേരളത്തിലെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. എല്ലാവരോടും സൗമ്യനായി പെരുമാറിയ നേതാവ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാൻ രാഷ്ട്രീയ വൈരം മറന്നും നേതാക്കൾ എത്തിയത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കോടിയേരിക്ക് അന്ത്യജ്ഞലി അർപ്പിക്കാൻ എത്തി. കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച തലശ്ശേരി ടൗൺ ഹാളിൽ എത്തിയാണ് കെ.സുധാകരൻ മുതിർന്ന സിപിഎം നേതാവിന് ആദരാഞ്ജലി അർപ്പിച്ചത്.

കണ്ണൂർ രാഷ്ട്രീയത്തിന്റെ ഇരുചേരികളിൽ നിന്നും പരസ്പരം പോരാടിയെങ്കിലും കോടിയേരിക്ക് വിട ചൊല്ലാൻ സുധാകരൻ എത്തിയത് രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ്വ മുഹൂർത്തമായി മാറി. കോടിയേരിയുടെ മൃതദേഹത്തിന് പുഷ്പചക്രം സമർപ്പിച്ച് വണങ്ങിയ സുധാകരൻ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനരികിലേക്ക് എത്തി സംസാരിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, സ്പീക്കർ എ.എൻ.ഷംസീർ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ എന്നിങ്ങനെ പതിറ്റാണ്ടുകളായി കണ്ണൂർ രാഷ്ട്രീയത്തിൽ നേർക്കുനേർ നിന്ന് പോരടിച്ച രാഷ്ട്രീയ നേതാക്കളോടെല്ലാം കെ.സുധാകരൻ സൗഹൃദം പുതുക്കി.

വടകര എംഎൽഎ കെ കെ രമയും കോടിയേരിക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു. മുന്മന്ത്രി കെ.കെ. ശൈലജ ഉൾപ്പടെയുള്ള സിപിഐഎം നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്.  നേരത്തെ മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കെ സുധാകരൻ അനുസ്മരിച്ചിരുന്നു. സിപിഎമ്മിലെ സൗമ്യമായ മുഖം. മികച്ച ഭരണാധികാരിയായി പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിർചേരിയിൽ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവർത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

അദ്ദേഹത്തിന്റെ വേർപാട് സിപിഎമ്മിന് നികത്താൻ സാധിക്കാത്തതാണ്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നുവെന്നും സുധാകരൻ അറിയിച്ചരുന്നു.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അൽപസമയത്തിനകം തലശ്ശേരി ടൗൺ ഹാളിൽ നിന്നും മാടപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടു പോകും. അടുത്ത ബന്ധുക്കളും സുഹൃത്തുകളും ഇവിടെ വച്ച് കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ രാഘവൻ മന്ദിരത്തിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ച് പൊതുദർശനമുണ്ടാവും ഇതിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ പയ്യാമ്പലം കടപ്പുറത്തേക്ക് സംസ്‌കാരത്തിനായി മൃതദേഹമെത്തിക്കും. സംസ്‌കാരചടങ്ങുകൾക്കുള്‌ല ഒരുക്കങ്ങളെല്ലാം പയ്യാമ്പലത്ത് പൂർത്തിയായിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാരും പാർട്ടി നേതാക്കളുമായി നിരവധി പേർ മൃതദേഹം ഏറ്റുവാങ്ങാൻ ആയി എത്തിയിരുന്നു. വിമാനത്താവളം മുതൽ തലശ്ശേരി ടൗൺ ഹാൾ വരെയുള്ള പാതയുടെ ഇരുഭാഗത്തുമായി പ്രിയ നേതാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാൻ നേരത്തെ തന്നെ ജനം ഇടം പിടച്ചിരുന്നു. ടൗൺഹാളിൽ എത്തുന്നതിനു മുൻപുള്ള 14 കേന്ദ്രങ്ങളിൽ പൊതുദർശനം ഉണ്ടായിരിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ പ്രവർത്തകരുടെ എണ്ണം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ തീരുമാനം മാറ്റി. പ്രധാന കേന്ദ്രങ്ങളിൽ വിലാപയാത്രയുടെ വേഗം കുറച്ചതല്ലാതെ എവിടെയും നിർത്തിയില്ല.