- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ അധിനിവേശ കശ്മീർ പരാമർശം: കെ.ടി. ജലീലിനെതിരേ കേസ് എടുക്കാൻ തിരുവല്ല കോടതിയുടെ നിർദ്ദേശം; കീഴ്‌വായ്പൂർ പൊലീസിന് നിർദ്ദേശം നൽകിയത് ആർഎസ്എസ് നേതാവിന്റെ ഹർജിയിൽ; ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ വിധിയും ഇതേ കോടതിയിൽ
തിരുവല്ല: കെ.ടി ജലീൽ എംഎൽഎ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഇന്ത്യൻ അധിനിവേശ കശ്മീർ പരാമർശത്തിൽ കേസെടുക്കാൻ തിരുവല്ല കോടതി പൊലീസിന് നിർദ്ദേശം നൽകി.
ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ആർഎസ്എസ് നേതാവും മല്ലപ്പള്ളി എഴുമറ്റൂർ സ്വദേശിയുമായ അരുൺ മോഹൻ നൽകിയ ഹർജിയിൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്റ്ററേറ്റ് രേഷ്മ ശശിധരനാണ് ഇന്നുച്ചയോടെ കീഴ്‌വായ്പൂര് എസ് എച്ച് ഒയ്ക്ക് നിർദ്ദേശം നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്.
സജി ചെറിയാന്റെ അവസ്ഥ തന്നെയാണ് കെ.ടി. ജലീലിനും ഉണ്ടായിരിക്കുന്നത്. വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരേ കേസ് എടുത്തതും കീഴ്‌വായ്പൂർ പൊലീസാണ്. ഉത്തരവിട്ടതും മജിസ്ട്രേറ്റ് രേഷ്മശശിധരനാണ്.
ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡൽഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണിത്. ഈ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു.
നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, കെടി ജലീൽ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് വലിയ വിവാദമായിരുന്നു. പാക്ക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീർ' എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് 'ഇന്ത്യൻ അധീന കശ്മീർ' എന്നും വിശേഷിപ്പിച്ച ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ പിൻവലിച്ചു.
ജലീലിന്റെ പരാമർശത്തെ മന്ത്രി എം.വി ഗോവിന്ദൻ അടക്കമുള്ള ആളുകൾ തള്ളിപ്പറഞ്ഞിരുന്നു. ജലീൽ പറഞ്ഞത് സിപിഎം നിലപാട് അല്ലെന്നും, പാർട്ടിക്ക് ഇതിൽ കൃത്യമായ നിലപാട് ഉണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. വിവാദം കടുത്തതോടെ ജലീൽ പോസ്റ്റ് പിൻവിലക്കുകയാണെന്ന് അറിയിച്ചു.
ആസാദ് കശ്മീർ പരാമർശം വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാല തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. ഡബിൾ ഇൻവർട്ടഡ് കോമയിൽ ആസാദ് കശ്മീർ എന്നെഴുതിയാൽ അതിന്റെ അർഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെ.ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
കശ്മീർ യാത്രയുടെ നീണ്ട പോസ്റ്റിനൊടുവിലാണ് ആസാദ് കശ്മീരിനെ ന്യായീകരിച്ച് ജലീൽ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദം. 'ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീർ. പാക്കിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്നറിയപ്പെട്ടു' - ജലീൽ പറഞ്ഞിരുന്നു.
ചിരിക്കാൻ മറന്ന് പോയ ജനതയായി കാശ്മീരികൾ മാറി. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകൾ മുതൽക്കേ ജനങ്ങളോട് ഇന്ത്യൻ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കിൽ കാശ്മീർ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ ജലീലിനെതിരേ ബിജെപി അടക്കമുള്ളവർ രാജ്യദ്രോഹ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. പാക് നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് ലോകവേദിയിലടക്കം ഇന്ത്യ ഉന്നയിക്കുമ്പോഴാണ് വിവാദ പ്രസ്താനവനയുമായി കെ.ടി ജലീൽ എത്തിയിത്. ജലീലിന്റെ മുൻ സിമി നിലപാടാണ് ഇത്തരം പ്രസ്താവനയ്ക്ക് വഴിവെച്ചതെന്നും ബിജെപി ആരോപിച്ചിരുന്നു.
അതിനിടെ, വിവാദ പരാമർശത്തിന്റെ പേരിൽ ജലീലിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിനു നടപടി ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്കു കത്തു നൽകി. ജലീലിന്റെ പരാമർശങ്ങൾ നിയമസഭയ്ക്കും സഭാ സമിതിക്കും പൊതുസമൂഹത്തിനു മുന്നിൽ അവമതിപ്പ് ഉണ്ടാക്കി. ജലീൽ നൽകിയ വിശദീകരണത്തിലും ഖേദം പ്രകടിപ്പിക്കാനോ നിലപാടു തിരുത്താനോ തയാറായിട്ടില്ല കത്തിൽ പറയുന്നു.