തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ഘട്ടത്തിലാണ് കെ വി തോമസിനെ രാഷ്ടീയമായി അക്കോമഡേറ്റ് ചെയ്യാൻ വേണ്ടി പുതിയൊരു നിയമനം കൂടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരിക്കുന്നത്. ഡൽഹിയൽ കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിന്റെ നിയമനം. മുമ്പ് സമ്പത്തിനെ നിയമിച്ചതു പോലെ തന്നെയാണ് ഈ നിയമനവും. ക്യാബിനറ്റ് റാങ്കോടെ കെവി തോമസിനെ നിയമിക്കാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

ഭരണ- ഉദ്യോഗസ്ഥ തലങ്ങളിൽ വിപുലമായ ബന്ധമുള്ള കെ വി തോമസിന്റെ സാന്നിധ്യം കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് സർക്കാറിന്റെ വാദം. എങ്കിലും കോൺഗ്രസ് വിട്ടുവരുന്ന നേതാക്കളെ ഉൾകൊള്ളും എന്ന സന്ദേശം നൽകുകയാണ് പിണറായിയുടെ ഉദ്ദേശം. എന്നാൽ, ഇതിന്റെ പേരിലും ഖജനാവ് ധൂർത്തടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തായിരുന്നു ഡൽഹിയിലെ പ്രത്യേക പ്രതിനിധി.

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ പ്രതിനിധിയാണ് തോമസ് 2021 സെപ്റ്റംബർ 15ന് നെതർലൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണിയെ ഡൽഹിയിൽ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സെപ്ഷൽ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. 2022 സെപ്റ്റംബർ 17ന് സേവന കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകുകയും ചെയ്തു. ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ രണ്ട് പ്രതിനിധികൾ കാബിനറ്റ് പദവിയിൽ എത്തുന്നത്.

സിൽവർ ലൈൻ അടക്കമുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്ക് ജീവൻ വയ്ക്കാനും കേന്ദ്ര സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടേണ്ടതുക കൂടിയാണ് സർക്കാറിന്റെ ലക്ഷ്യം. കോൺഗ്രസുമായി അകന്ന കെവി തോമസിന് സർക്കാരിലോ സിപിഎമ്മിലോ പ്രധാന പദവി ലഭിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. കെവി തോമസിന്റെ ബന്ധങ്ങളും പരിചയസമ്പത്തും ഭരണരംഗത്ത് പ്രയോജനപ്പെടുത്താനാണ് എന്നാണ് സർക്കാറിന്റെ അവകാശവാദം. കേന്ദ്രമന്ത്രി, എംപി എന്നീ നിലകളിൽ ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച തോമസിന് നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്ത ബന്ധമാണുള്ളത്.

അതുകൊണ്ട് തന്നെ തോമസിന്റെ നിയമനം രാഷ്ട്രീയമായും ചർച്ചയാകുന്നുണ്ട്. കെ വി തോമസിനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു കഴിഞ്ഞു. കെ വി തോമസ് സിപിഎമ്മിന്റെയും സംഘപരിവാറിന്റെയും ഔദ്യോഗിക ഇടനിലക്കാരനാണ്. തോമസിന്റെ ഡൽഹി, ബംഗലൂരു യാത്രകൾ പരിശോധിച്ചാൽ സംഘപരിവാർ ബന്ധം മനസ്സിലാകുമെന്നും സതീശൻ പറഞ്ഞു.

ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി തസ്തിക എന്തിനാണെന്ന് വി ഡി സതീശൻ ചോദിച്ചു. കെ വി തോമസിന്റെ നിയമനം ദുർച്ചെലവാണ്. മുമ്പ് സമ്പത്തിനെ നിയമിച്ചപ്പോൾ കേരളത്തിന് എന്ത് പ്രയോജനമുണ്ടായി. സംസ്ഥാനത്ത് എന്ത് ഗുണമാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിലവിൽ നയതന്ത്രവിദഗ്ധൻ വേണു രാജാമണി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഓവർസീസ് പദവിയിലുണ്ട്. കാബിനറ്റ് റാങ്കോടെയാണ് തോമസിന്റെ നിയമനം. ഒന്നരലക്ഷത്തോളം രൂപ ശമ്പളവും വീടും വാഹനവും പേഴ്സണൽ സ്റ്റാഫും തോമസിന് ലഭിക്കും.

അതേസമയം സൈബറിടത്തിലും കടുത്ത വിമർശനമാണ് കെ വി തോമസിനെതിരെ ഉയരുന്നത്. കെപിസിസി വിചാർ വാഭാഗ് നേതാവ് കൂടിയായി ജെഎസ് അടൂരും തോമസിനെ വിമർശിച്ച് രംഗത്തുവന്നു. മുഖ്യമന്ത്രിക്ക് ലജ്ജ എന്നോന്നില്ലങ്കിൽ തോമസ് മാഷ്‌ക്ക് അല്പം എങ്കിലും ലജ്ജയുണ്ടാകും എന്ന് ധരിച്ചത് തെറ്റെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

ജെ എസ് അടൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:


മുഖ്യമന്ത്രിക്ക് ലജ്ജ എന്നോന്നില്ലങ്കിൽ തോമസ് മാഷ്‌ക്ക് അല്പം എങ്കിലും ലജ്ജയുണ്ടാകും എന്ന് ധരിച്ചത് തെറ്റ്.
തിരെഞ്ഞെടുപ്പിന് മുമ്പ് വീട്ടിൽ കൊടുത്ത പാവങ്ങളുടെ പെൻഷൻ പോലും കൊടുക്കാൻ പൈസ ഇല്ല. ചെറുപ്പക്കാർക്ക് ജോലിയില്ല. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ ഏറ്റവും കൂടുതലുള്ളയിടത്താണ് ഇതു പോലെയുള്ള ഭരണാഭാസങ്ങളും അധികാര അശ്ലീലവും.
ഇത് പ്രമുഖർ പ്രമുഖർക്ക് വേണ്ടി പ്രമുഖരാൽ നടത്തുന്ന അധികാര ഭരണം.. ഒരു പ്രമുഖൻ വേറൊരു പ്രമുഖനു ചുമ്മാതെ ഡൽഹിയിൽ ഒരു ക്യാബിനാറ്റ് റാങ്ക്. പ്രമുഖന്മാർ എല്ലാം ജനങ്ങളുടെ പേരിൽ കടം എടുത്ത പണം കൊണ്ടു അർമാദിക്കുകയാണ്
സർക്കാർ ശമ്പളവും സന്നാഹങ്ങളും ഇഷ്ട്ടം പോലെ വാങ്ങി ഒരു പണിയും ചെയ്യാതെ ജീവിക്കുവാൻ ഇവർക്ക് ഒന്നും മനസാക്ഷി കുത്തില്ലേ.?

1) കഴിഞ്ഞു തിരെഞ്ഞെടുപ്പിൽ തോറ്റ എ സാമ്പത്തിനെ വൻ ശമ്പളത്തോടും ക്യാബിനട്ട് റാങ്കോടും സർക്കാർ ഡൽഹി പ്രതിനിധിയായി നിയമിച്ചു.എന്തായിരുന്നു ഔട്ട്പുട്ട്? പൂജ്യം. സീറോ.
2. കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി ദായക്കാരുടെ ചെലവിൽ ഭരണ അധികാര സുഖം അനുഭവിച്ചയാളാണ് കെ വി തോമസ്. കൊണ്‌ഗ്രെസ്സ് പാർട്ടിയെകൊണ്ടു ഏറ്റവും കൂടുതൽ വ്യക്തിപരമായ അധികാര സന്നാഹ സൗഖ്യങ്ങളിൽ കഴിഞ്ഞുയാൾ. ഈ വെള്ളം കുടിക്കുന്നുവർക്കെല്ലാം ദാഹിക്കും എന്നത് പോലെയാണ്
കൊണ്ഗ്രസ്സിൽ നിന്ന് കിട്ടാവുന്ന അധികാര ഇൻസെന്റിവുകളും വാങ്ങി പുറകിൽ നിന്നു കുത്തിയതിന്റെ പ്രതിഫലമാണ് ഈ ക്യാബിനറ്റ് റാങ്ക്.
77 വയസ്സയിട്ടും അധികാര കൊതിയും അധികാരവണ്ടിയും ഗൺമാനും അധികാര വണ്ടിയിലെ പച്ചയും വെള്ള വരയുമുള്ള ടർക്കിയും ഇല്ലെങ്കിൽ ജീവിതതിന്നു അർത്ഥം ഇല്ലന്നു ഒരാൾ കരുതുന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ ട്രാജ്ഡി.
ഇവരെപോലെയുള്ളവരാണ് പവർ പാരസൈറ്റുകളായി കൊണ്‌ഗ്രെസ്സിനെ ഉള്ളിൽ നിന്ന് തകർത്തത്. അധികാരം മാത്രം ഐഡിയോളെജിയാക്കിയവർ

3.കടത്തിൽ മുങ്ങി നിൽക്കുന്ന സർക്കാർ. പൊതു കടം 3.9 ലക്ഷം.കൊടി അതു ഉടനെ 4 ലക്ഷം കൊടിയാകും. മൊത്തം സംസ്ഥാനം വരുമാനത്തിന്റെ 40% ത്തിൽ കൂടുതൽ.
ശമ്പളവും പെൻഷനും കൊടുക്കാൻ കടം എടുക്കുന്ന സർക്കാർ.25000 കോടി രൂപയിൽ അധികം നമ്മുടെ നികുതി എടുത്തു കടപലിശ അടക്കുന്ന സർക്കാരാണ് ധൂർത്തുകൊണ്ട് ജനങ്ങളെ കോജ്ഞാണന്മാരക്കുന്നുത്.
അക്കൗണ്ടബിലിറ്റി ആരോടും ഇല്ലാതെ സർവാധിക്കാരെപോലെ പെരുമാറുന്നവർ. പഴയ നാട് വാഴികളെപൊലെ ആശ്രീതവൽക്കർക്ക് സമ്മാനപ്പൊതി നല്കുന്നവർ.
അതും ലോക സഭ തിരെഞ്ഞെടുപ്പിന് മുമ്പ്.
തോമസ് മാഷ് എന്തായാലും കമ്മ്യൂണിസ്റ്റോ, മാർക്‌സിസ്‌ട്ടൊ ഇടതുപക്ഷമോ എന്ന് അദ്ദേഹവും കേരളത്തിൽ ആരും പറയില്ല.
എന്തായാലും 42 വയസ്സുള്ള ഒരു രാജ്യത്തെ പ്രധാനമന്ത്രി ആറുകൊല്ലത്തിനു മുമ്പേ അധികാരത്തിൽ നിന്ന് സ്വയം ഒഴിഞ്ഞ ദിവസമാണ് അധികാരം നാൽപതു കൊല്ലം ആസ്വദിച്ചവർക്ക് വീണ്ടും ക്യാബിനറ്റ് റാങ്ക് ഇല്ലെങ്കിൽ ജീവിക്കാൻ ഒക്കില്ല എന്ന അവസ്ഥ.
ഇത് പോലുള്ള നിഷ്ഫല അക്കോമഡ്ഷനു സർക്കാർ ചെലവാക്കുന്ന കോടികൾ ഉണ്ടെങ്കിൽ ആയിരം വീടില്ലാത്തവർക്ക് വീട് വയ്ക്കാം.
എന്തായാലും കേരളത്തിൽ കമ്മ്യുണിസവും ഇല്ല മാർക്‌സിവും ഇല്ല. രണ്ടാം വരവിൽ ഡെമോക്രാട്ടിക് അക്കൗണ്ടബിലിറ്റിയുമില്ല.
ഒരൊറ്റ സർക്കാർ വിലാസം ' സാംസ്‌കാരിക നായകന്മാരും നായിക മാരും, പുരോഗമനക്കാരും അനങ്ങില്ല.
കഷ്ടം