കൊച്ചി; ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ഇപി ജയരാജനൊപ്പം ആദരിച്ചതിൽ പ്രതികരണവുമായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി കെ വി തോമസ്. വെണ്ണല ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയതാണെന്നും അവിടെവച്ച് ഇ.പിയെ യാദൃച്ഛികമായി കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നന്ദകുമാറിനെയും അദ്ദേഹത്തിന്റെ അമ്മയെയും നേരത്തേ അറിയാമെന്നും കെ.വി.തോമസ് പറഞ്ഞു.

രോഗബാധിതനായ ഒരു സിപിഎം പ്രവർത്തകനെ കാണാനാണ് കൊച്ചിയിലെത്തിയത് എന്നായിരുന്നു ഇപിയുടെ വിശദീകരണം. കൊച്ചിയിലെത്തിയപ്പോൾ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയിരുന്നു. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു.അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.

ആശുപത്രിയിൽ പോയശേഷം തിരികെ വരുന്ന വഴിക്ക്, കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്ന എംബി മുരളീധരൻ തന്നെ വിളിച്ചു. സമയമുണ്ടെങ്കിൽ താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ വരാമോയെന്ന് ചോദിച്ചു. സമയമുള്ളതിനാൽ താൻ വരാമെന്ന് സമ്മതിക്കുകയും അതുപ്രകാരം അവിടെ ചെല്ലുകയുമായിരുന്നു. ഈ സമയത്ത് കെവി തോമസും അവിടെയുണ്ടായിരുന്നു.

അവിടെയെത്തിയപ്പോൾ ക്ഷേത്രത്തിൽ പ്രായമായ മുതിർന്നവരെ ആദരിക്കുന്ന ചടങ്ങുണ്ടെന്നും, ഒരു അമ്മയെ ആദരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അമ്മയെ അവർ വിളിച്ചു കൊണ്ടുവന്നു. ആദരിക്കാനുള്ള ഷാളും അവരാണ് കൊണ്ടു വന്നത്.പ്രായമായ ആ അമ്മയോട് എനിക്കെന്തു വിരോധം.ഞാൻ ആദരിച്ചു. അത് നന്ദകുമാറിന്റെ അമ്മയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു.അതിനെയാണ് വളച്ചൊടിച്ച് തനിക്കെതിരായി ദുരുദ്ദേശപൂർവം വാർത്തകൾ ചമയ്ക്കുന്നതെന്ന് ഇപി ജയരാജൻ പറഞ്ഞു.

ക്ഷേത്രത്തിലെത്തുന്നവർ ഭക്ഷണം കഴിച്ചിട്ടു വേണം പോകാനെന്നും മുരളീധരൻ പറഞ്ഞു.അതാണ് പതിവെന്ന് പറഞ്ഞപ്പോൾ, പതിവ് തെറ്റിക്കേണ്ടെന്നു പറഞ്ഞാണ് താനും തോമസ് മാഷും ഭക്ഷണം കഴിച്ചത്. ഇതെല്ലാം വളച്ചൊടിച്ച് തന്റെ ചോര കുടിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി.

ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി പങ്കെടുത്തത് വിവാദമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നായിരുന്നു ചടങ്ങ്. ഇ.പി.ജയരാജനൊപ്പം കെ.വി.തോമസും നന്ദകുമാറിന്റെ വീട്ടിലെത്തി. ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നത് വിവാദമായിരിക്കെയാണ് പുതിയ വിവാദം. സംഭവം വിവാദമായതിന് പിന്നാലെ ജാഥയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപി.

കണ്ണൂരിലെ റിസോർട്ട് വിവാദത്തിന് പിന്നാലെയാണ് ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലെ വീഡിയോയും വിവാദമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പലപ്പോഴും വിമർശിച്ചിട്ടുള്ള വ്യക്തിയാണ് നന്ദകുമാർ.ജഡ്ജിമാർക്കിടയിലും മറ്റും വലിയ സ്വാധീനമുള്ള വ്യക്തിയാണ്. അദാനിയുമായും അടുപ്പമുണ്ട്. വിഴിഞ്ഞം തുറമുഖ കരാറിന് പിന്നിലും നന്ദകുമാറായിരുന്നു ചരട് വലിച്ചതെന്ന ആരോപണമുണ്ട്. ഇത്തരമൊരു വ്യക്തിയുടെ വീട്ടിലാണ് ജയരാജൻ എത്തിയത്. വെണ്ണല തൈക്കാവ് മഹാദേവ അമ്പലത്തിലായിരുന്നു നന്ദകുമാറിന്റെ അമ്മയുടെ ആദരിക്കൽ ചടങ്ങ് നടന്നത്.

ഇടതും വലതും മുന്നണികളിലുള്ളവർ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാൾ എന്ന നിലയിലാണ് നന്ദകുമാർ പിൽക്കാലത്ത് വാർത്തകളിലും സിപിഎമ്മിലെ ആഭ്യന്തര ചർച്ചകളിലും ഇടംപിടിച്ചു. ലാവ്‌ലിൻ കേസിലും ഇടമലയാർ കേസിലുമൊക്കെ കോടതി വിധികളിൽ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. റിലയൻസ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി.ജി നന്ദകുമാർ കോർപറേറ്റ് ദല്ലാൾ പിന്നീട് അറിയപ്പെട്ടു. റിലയൻസിന് വേണ്ടി ഇയാൾ നടത്തിയ ഇടപെടലുകൾ അന്നത്തെ ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.

വി എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റർ റിലയൻസിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. പിന്നീട് അദാനിയുടെ വിശ്വസ്തനായി. കുണ്ടറ ബോംബാക്രമണത്തിലും സംശയ നിഴലിലായി. ഇത്തരം ദുരൂഹതകൾ നിറഞ്ഞ വ്യക്തിയുടെ വീട്ടിലാണ് ഇപി എത്തിയത്. കുണ്ടറ ബോംബാക്രമണത്തിൽ പിണറായി വിജയൻ പോലും നന്ദകുമാറിനെ പരോക്ഷമായി കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു.