തിരുവനന്തപുരം: കേരളാ സ്റ്റോറിക്കെതിരെ നിലപാട് സ്വീകരിച്ചു ലോക്‌സഭയിൽ മുസ്ലിംവോട്ടു നേടാൻ ഇടതുപക്ഷം ശ്രമിക്കവേ വെട്ടിലാക്കി കക്കുകളി വിവാദം. സിപിഎം ഇരട്ടത്താപ്പ് ഈ രണ്ട് വിഷയങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ക്രൈസ്തവ പൗരോഹിത്യത്തെ അവഹേളിക്കുന്ന നാടകം പ്രോത്സാഹിപ്പിക്കുന്നത് ഇടതു കേന്ദ്രങ്ങളാണ്. നാടകം കണ്ട് വളരെ നല്ലതെന്ന അഭിപ്രായം പ്രകടിപ്പിച്ചത് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനുമാണ്. എന്നാൽ, കത്തോലിക്കാ സഭ ഒന്നടങ്കം നാടക വിവാദത്തിൽ സർക്കാറിനെതിരെ തിരിഞ്ഞതോടെ സിപിഎം വെട്ടിലായി. ഈ വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് രാഷ്ട്രീയ പാർട്ടകളോട് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞപ്പോൾ കെ സുധാകരനും കെ സുരേന്ദ്രനും നാടകത്തിന് എതിരായ സമീപനമാണ് സ്വീകരിച്ചത്. ഇതോടെ സിപിഎം പകച്ചു നിൽക്കേണ്ട അവസ്ഥയിലായി.

ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദർശനാനുമതി നിഷേധിക്കണമെന്നാണ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടത്. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങൾ നൽകിയിട്ടുള്ള സംഭാവനകൾ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളിൽ നൂറ്റാണ്ടുകളായി അവർ നൽകിക്കൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ കഥകൾ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണ്. സർക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജൻഡയുടെ അർഥം ഇനിയും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്.

നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവർ ക്രൈസ്തവർക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണ്. നാഴികയ്ക്ക് നാൽപ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ ഈ കാര്യത്തിൽ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് ഈ കാര്യത്തിൽ അറിയുവാൻ സഭയ്ക്ക് താൽപര്യമുണ്ട്. നേരിട്ട് കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിന്തുണ അറിയിക്കുന്നവർ ഈ വിഷയത്തിൽ നടത്തുന്ന ഒളിച്ചുകളി അങ്ങേയറ്റം അപലപനീയമാണ്.

എല്ലാ ജില്ലാ കലക്ടർമാർക്കും അതാത് ജില്ലകളിൽ ഈ നാടകത്തിന്റെ പ്രദർശനം നിരോധിക്കണമെന്ന് നിവേദനം നേരത്തേ തന്നെ നൽകിയിട്ടുള്ളത് തമസ്‌ക്കരിച്ചു കൊണ്ടാണ് ഈ ദിവസങ്ങളിൽ വീണ്ടും പ്രദർശനാനുമതി നൽകിയത്. തങ്ങളുടെ പോഷക സംഘടനകളെ മുന്നിൽ നിർത്തി ക്രിസ്തീയ വിശ്വാസത്തെ തകർത്തുകളയാമെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതി ക്രൈസ്തവർക്കും അർഹതയുള്ളയാണെന്ന് മാർ ക്ലീമീസ് ബാവ പറഞ്ഞു.

ക്ലീമീസ് ബാവയുടെ വാക്കുകൾക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിലാട് അറിയിച്ചു രംഗത്തുവന്നു. 'കക്കുകളി' നാടകത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തുവന്നത്. കേരളത്തിന്റെ വളർച്ചയിൽ നിസ്തുല പങ്കുവഹിച്ച സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് 'കക്കുകളി' എന്ന നാടകം ഇറങ്ങിയിരിക്കുന്നതെന്ന് സുധാകരൻ വിമർശിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പുരോഹിത വർഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ സൃഷ്ടികൾ ഉണ്ടാകുമ്പോൾ, സമൂഹത്തിൽ വിദ്വേഷം വർധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സുധാകരൻ പറഞ്ഞു.

സുധാകരന്റെ ഫേസ്‌ബുക് കുറിപ്പിൽ നിന്ന്:

കേരളത്തിന്റെ വിദ്യാഭ്യാസ - സാംസ്‌കാരിക-സാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സന്യാസ സമൂഹം. ഏറ്റവും പാവപ്പെട്ടവർക്കു പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും ദരിദ്രരുടെ ഇടയിലേക്ക് അവരുടെ വിശപ്പകറ്റാൻ ഇറങ്ങിച്ചെല്ലുകയും ചെയ്ത് കേരളത്തിന്റെ കുതിപ്പിനു ചാലകശക്തിയായ സമൂഹമാണ് അവർ. ആ സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് 'കക്കുകളി' എന്ന നാടകം ഇറങ്ങിയിരിക്കുന്നത്.

നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ മനസ്സിലാക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പുരോഹിത വർഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ സൃഷ്ടികൾ ഉണ്ടാകുമ്പോൾ, സമൂഹത്തിൽ വിദ്വേഷം വർധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഒരു നാടകം ഇറങ്ങുന്നതും അത് അവതരിപ്പിക്കപ്പെടുന്നതും അതിന് കയ്യടി കിട്ടുന്നതും അതിനെതിരെ പ്രതിഷേധം ഉയരുന്നതും നമുക്കു മനസ്സിലാക്കാം. എന്നാൽ, നവ ഇന്ത്യയുടെ കലാപകലുഷിത സാഹചര്യങ്ങളിൽ അരക്ഷിതത്വം അനുഭവിക്കുന്ന ഒരു സമൂഹം ഈ നാടകം തങ്ങളെ ഭയപ്പെടുത്തുന്നു എന്നും ഈ നാടകം അപമാനിക്കുന്നു എന്നും ആശങ്കപ്പെടുമ്പോൾ, അവരുടെ വിഹ്വലതകൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് കേരള സർക്കാർതന്നെ നാടകം പ്രചരിപ്പിക്കാൻ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്.

നാടകം പറയുന്നത് കമ്യൂണിസത്തിന്റെ മേന്മകളെക്കുറിച്ചു കൂടിയാണ്. നാടകം പൊലിപ്പിച്ച് കാട്ടുന്നത് ക്രിസ്ത്യൻ പുരോഹിത വർഗത്തിലെ അത്യപൂർവമായ ചില പുഴുക്കുത്തുകളെയാണ്. അടിമുടി ജീർണത പിടിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്‌ത്തുകയും, എണ്ണിയാൽ ഒടുങ്ങാത്ത നന്മകൾ സമൂഹത്തിനു സമ്മാനിച്ച ക്രിസ്ത്യൻ സന്യാസ സമൂഹത്തെ ഇകഴ്‌ത്തുകയും ചെയ്യുന്ന നാടകം സംഘപരിവാറും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേർന്ന് മനുഷ്യമനസ്സുകളിൽ വർഗീയതയും വിദ്വേഷവും കുത്തിവയ്ക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ല.

മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സിപിഎമ്മും ബിജെപിയുമെല്ലാം ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവർത്തകർ തിരിച്ചറിയണമായിരുന്നു. ക്രിസ്ത്യൻ പുരോഹിത സമൂഹവും ക്രിസ്തുമത വിശ്വാസികളും അപമാനിക്കപ്പെടുന്നതിൽ ഞങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികൾ മനുഷ്യരെ തമ്മിലടിപ്പിക്കാൻ ഉള്ളതാകരുതെന്ന് നാടക പ്രവർത്തകരെ ഓർമപ്പെടുത്തുന്നു.

ഈശോ'യ്ക്കും കക്കുകളിക്കും മറ്റൊരു നിയമമെന്ന് കെ സുരേന്ദ്രൻ

കേരളാ സ്റ്റോറിയിലെ സർക്കാർ നിലപാടുമായി കൂട്ടിക്കെട്ടിയാണ് കെ സുരേന്ദ്രൻ വിഷയത്തിൽ നിലപാട് സ്വീകരിച്ചത്. ഈശോ എന്ന സിനിമയ്ക്കും കക്കുകളി എന്ന നാടകത്തിനും ഒരു നിയമവും കേരള സ്റ്റോറിക്ക് മറ്റൊരു നിയമവുമാകുന്നത് എന്ത് അടിസ്ഥാനത്തിലാണ്? എന്ന സുരേന്ദ്രൻ ചോദിച്ചു. കേരളത്തിൽ എത്രപേർ ഐഎസിൽ ചേർന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തോടു പറയേണ്ട കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പ് ശരിയല്ല. ഐഎസിന്റെ സാന്നിധ്യം കേരളത്തിൽ ശക്തമാണ്.'കേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ ആരൊക്കെയാണ് പരസ്യമായി വരുന്നതെന്ന് അറിയാൻ കേരളസമൂഹം കാത്തിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽനിന്ന് 32,000 പേർ മതം മാറി ഐഎസിൽ ചേർന്നെന്ന കണക്ക് ശരിയല്ലെങ്കിൽ, എത്ര പേർ ചേർന്നു എന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറയട്ടെ. ''ഇതൊരു സിനിമയല്ലേ? ചരിത്ര പാഠപുസ്തകമൊന്നുമല്ലല്ലോ. ആരും ഐഎസിൽ ചേർന്നില്ലെന്നാണോ പറയുന്നത്? ആ സിനിമയെ സിനിമയായി കണ്ടാൽ പോരേ? എന്താ ഇത്ര വേവലാതി? ക്രിസ്ത്യാനികളെ ആകെ ആക്രമിക്കുന്ന നാടകത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുമതി കൊടുക്കുന്നവർ, ക്രിസ്ത്യാനികളും ഹിന്ദുക്കളും പരാമർശ വിഷയമായിട്ടുള്ള സിനിമകളും നാടകങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യമായി പ്രഖ്യാപിച്ച് അനുമതി നൽകുന്നവർ, ഭീകരവാദത്തെക്കുറിച്ച് ഒരു സിനിമ വരുമ്പോഴും അത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണേണ്ടേ?

ആ സിനിമ കണ്ടുകഴിഞ്ഞല്ലേ വിലയിരുത്തേണ്ടത്? എന്താ ഇത്രയ്‌ക്കൊരു തിടുക്കം? അതിൽ പറയുന്ന ആളുകളുടെ എണ്ണത്തിലാണ് തർക്കമെങ്കിൽ, അത് ചർച്ച ചെയ്യാം. കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന് എത്ര പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെ. ഐഎസിലേക്ക് ഇവിടെനിന്ന് ആളെ ചേർത്തിട്ടുണ്ടോ ഇല്ലയോ എന്നതാണ് എന്റെ ചോദ്യം. തൃക്കരിപ്പൂരിൽ നിന്നെല്ലാം അവർ ആളെ ചേർത്തിരുന്നോ? എല്ലാ മാധ്യമങ്ങളും ഐഎസിലേക്ക് നടന്ന റിക്രൂട്‌മെന്റിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എത്ര പേരാണ് ഐഎസിൽ ചേർന്നതെന്ന് കൃത്യമായി പറയാൻ സാധിക്കുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണ്. ആ ചോദ്യം എന്നോട് ചോദിച്ചിട്ട് കാര്യമില്ല.

മുൻപൊരു ഡോക്യുമെന്ററി ഇറങ്ങിയപ്പോൾ സിപിഎമ്മുകാർ വളരെ ആവേശത്തോടെ ഹാളുകളൊക്കെ സംഘടിപ്പിച്ച് പ്രദർശനമൊക്കെ നടത്തിയില്ലേ? എന്നിട്ട് ഇതിന്റെ കാര്യത്തിലെന്താ ഇങ്ങനെ? ഈ സിനിമ തടയണമെന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണ്? ആ ഇരട്ടത്താപ്പ് ശരിയാണോ എന്നതാണ് ചോദ്യം. ഇതൊരു സിനിമയാണ്. സംഘപരിവാറിന്റെ ഒരു അജൻഡയും ഈ സിനിമയിലില്ല. ഐഎസും ഭീകരവാദവും ഒന്നുമില്ലെങ്കിൽ, ഒരാൾ ഉത്തർപ്രദേശിൽനിന്നു കേരളത്തിൽവന്ന് അക്രമം നടത്തിയത് എന്തിനാണ്?

അതിൽ പറയുന്നത്ര ആളുകൾ ഇല്ലെങ്കിൽ വേണ്ട, സമ്മതിക്കുന്നു. സിനിമ കണ്ടിട്ട് പരീക്ഷ വല്ലതും എഴുതുന്നുണ്ടോ? സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ച സ്ഥിതിക്ക് അത് പ്രദർശിപ്പിക്കും. അതിന് അനുമതി നൽകേണ്ടത് ഡിവൈഎഫ്‌ഐ ഓഫിസിൽനിന്നോ യൂത്ത് ലീഗ് ഓഫിസിൽ നിന്നോ അല്ല. സെൻസർ ബോർഡ് ഓഫ് ഇന്ത്യയാണ് അക്കാര്യം തീരുമാനിക്കുന്നത്. ഇത് ജനാധിപത്യ രാജ്യമല്ലേ? പട്ടാള ഭരണമൊന്നുമല്ലല്ലോ?

ഈ സിനിമയ്ക്കെതിരെ ആരൊക്കെ പരസ്യമായി രംഗത്തു വരുമെന്ന് കേരളത്തിലെ സമൂഹം കാത്തിരിക്കുകയാണ്. അക്കൂട്ടത്തിൽ ക്രൈസ്തവരും ഹിന്ദുക്കളുമുണ്ട്. ഇതുവരെ മിണ്ടാത്തവരും, മറ്റു സിനിമകളും നാടകങ്ങളും വന്നപ്പോൾ അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നു പറഞ്ഞവരും ഇപ്പോൾ എന്തിനാണ് ബഹളം വയ്ക്കുന്നതെന്നാണ് ഞങ്ങൾ ചോദിക്കുന്നത്. മുൻപ് സിനിമ തിയറ്ററുകളൊക്കെ ആക്രമിച്ച സംഭവങ്ങളുണ്ട്. മലപ്പുറത്ത് തിയറ്ററുകൾ ആക്രമിച്ചിട്ടുണ്ട്.

നടൻ മമ്മൂട്ടിക്കെതിരെ പ്രതിഷേധം നടന്നിട്ടുണ്ട്. സിനിമ ഇസ്‌ലാമികമല്ലെന്നു പറഞ്ഞിരുന്നു. ഇതൊക്കെയാണ് ഭീകരവാദത്തിന്റെ വേരുകൾ. അതിൽ നിന്നെല്ലാം നാം മുന്നോട്ടു പോയി. ഇപ്പോഴും അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അതൊക്കെ കേരളത്തിലെ സമൂഹം കാണട്ടെ. എന്തായാലും ഇത് ഞങ്ങൾ സ്‌പോൺസർ ചെയ്ത സിനിമയല്ല. പക്ഷേ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നൊക്കെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കുക'' സുരേന്ദ്രൻ പറഞ്ഞു.