- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോത്സവ സ്വാഗത ഗാനം ന്യൂനപക്ഷ വിരുദ്ധമല്ല; സ്റ്റേജിൽ നടന് പെട്ടെന്ന് കൈയിൽ കിട്ടിയ ഖാദി ടർക്കി ടവൽ കൊടുത്തതാണ്; തീവ്രവാദം മനസ്സിലുള്ളവരുടെ തോന്നലുകൾക്ക് തങ്ങൾ കുറ്റക്കാരല്ലെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ്
കോഴിക്കോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവാദമായ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിലെ വേഷധാരണത്തിൽ നടക്കാവ് പൊലീസ് കേസെടുത്തിരിക്കുകയാണ്. സ്വാഗതഗാനത്തിൽ മുസ്ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദമായത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ന്റെ നിർദ്ദേശപ്രകാരമാണ് മതസ്പർധ ഐ പി സി 153 എ വകുപ്പ് ചുമത്തി പേരാമ്പ്ര മാതാ കേന്ദ്ര ഡയറക്ടർക്കും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ കേസെടുത്തത്.
സ്വാഗത ഗാനം ന്യൂനപക്ഷത്തിനെതിരല്ല എന്നാണ് മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് ആവർത്തിച്ചുപറയുന്നത്. ഗാനത്തിൽ മതത്തെ ആക്ഷേപിക്കുന്ന ഒന്നുമില്ല. തീവ്രവാദം മനസ്സിലുള്ളവർക്ക് എന്തെങ്കിലും തോന്നിയെങ്കിൽ തങ്ങൾ കുറ്റക്കാരല്ല എന്നും അദ്ദേഹം പറഞ്ഞു. വിവാദം കെട്ടടങ്ങിയിരുന്നതാണ്. നടക്കാവ് പൊലീസിൽ മൊഴിയും വിദ്യാഭ്യാസ വകുപ്പിന് വിശദീകരണവും നൽകിയിരുന്നു. 200ലധികം ആർട്ടിസ്റ്റുകൾ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാത. സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്താനാണ് ശ്രമം. സ്വാഗത ഗാനം ന്യൂനപക്ഷത്തിനെതിരല്ല. മതത്തെ ആക്ഷേപിക്കുന്ന ഒന്നും ഗാനത്തിൽ ഇല്ല. പട്ടാളക്കാരുമായി ബന്ധപ്പെട്ട ഒരു രംഗം ചിത്രീകരിച്ചിരുന്നു. ഇതിലെവിടെയാണ് വർഗ്ഗീയ ചിന്തയെന്ന് മനസിലാകുന്നില്ല. മതത്തെ ആക്ഷേപിക്കുന്നു എന്നത് തരംതാണ, ദുർബ്ബലമായ വാദം. തീവ്രവാദം മനസ്സിലുള്ളവർക്ക് എന്തെങ്കിലും തോന്നിയെങ്കിൽ തങ്ങൾ കുറ്റക്കാരല്ല. കേസിനെ നിയമപരമായി നേരിടും. തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ കിട്ടിയ അവസരമായി കേസിനെ കാണുന്നു, കനകദാസ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
വില്ലൻ ഒരു ടർക്കി ടവൽ
'ഞങ്ങൾക്ക് യാതൊരു വിധത്തിലുള്ള അജണ്ടയുമില്ല. സംഘപരിവാറുമായി യാതൊരു ബന്ധുമില്ല. 96ഓളം പേർ ആ സ്വാഗതഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്്. അതിലുള്ളവരുടെ രാഷ്ട്രീയം നോക്കിയിട്ടില്ല, കനകദാസ് നേരത്തെ പറഞ്ഞിരുന്നു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് ആദരം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിർത്തിയിൽ പട്ടാളക്കാർ ഭീകരവാദികളെ തുരത്തുന്ന രംഗമാണ് ചിത്രീകരിച്ചത്. റിഹേഴ്‌സൽ നടത്തുമ്പോൾ തീവ്രവാദിക്ക് പ്രത്യേകിച്ച് ഒരു വസ്ത്രവും ഉണ്ടായിരുന്നില്ല. എന്നാൽ സ്റ്റേജിൽ കയറിയപ്പോൾ, പെട്ടെന്ന് കൈയിൽ കിട്ടിയ ഒരു തുണി, ഒരു ഖാദി ടർക്കി തലയിട്ടുകൊണ്ട് കയറികൊള്ളാൻ പറഞ്ഞു. അത് ഇങ്ങനെ ഒക്കെ ആവും എന്ന് കരുതിയില്ല.
സ്വാഗതഗാനം കണ്ട ആർക്കും അങ്ങനെ തോന്നിയിട്ടില്ല. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ അഭിനന്ദിക്കയും ആദരിക്കയും ചെയ്തു. അവിടെകുടിയ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് സോഷ്യൽ മീഡിയയിലാണ് വിവാദം ഉണ്ടായത്. നല്ല സാമർഥ്യം ഉള്ളവരാണ് ഇത് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. തലയിൽ ഒരു തൂവാല അല്ലെങ്കിൽ തോർത്തുമുണ്ട് ഇട്ട, കൈയിൽ തോക്കുള്ള ഒരാളെ, പട്ടാളക്കാർ പിടിച്ച് വലിക്കുന്നത് മാത്രമാണെല്ലോ രംഗം. ഇത് ഞങ്ങളുടെ ഒരു പ്രതിനിധിയാണെന്ന് വിചാരിച്ച് ആരെങ്കിലു പ്രശ്‌നം ഉണ്ടാക്കുമെന്ന് കരുതിയില്ല.
വിയറ്റ്‌നാം അംബാസിഡർ കേരളത്തിലേക്ക് വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ന്ന് ക്ഷണിച്ചത് ഞങ്ങളെയാണ്. അതുപോലെ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് അടക്കം പരിപാടികൾ ചെയ്തു. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഞങ്ങളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്ന കാര്യം സർക്കാരിന് തീരുമാനിക്കാം. വേണമെങ്കിൽ വിളിക്കും വേണ്ടെങ്കിൽ വിളിക്കില്ല, ലോകത്ത് മുഴുവൻ വേദികളുണ്ട്. ഭീഷണി സന്ദേശങ്ങളും കോളുകളും വരുന്നുണ്ട്, അത് കാര്യമാക്കുന്നില്ല. വിവാദം ഉണ്ടാക്കേണ്ടിയിരുന്നില്ല, കേരളം ആയതുകൊണ്ടാണ് വിവാദമുണ്ടായത്. - കനകദാസ് പറയുന്നു.
സ്വാഗതഗാനത്തിൽ മുസ്ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദമായത്. ഇതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഡയറക്ടർ അനൂപ് വി ആർ നടക്കാവ് പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ല. തുടർന്നാണ് അനൂപ് കോടതിയെ സമീപിച്ചത് .കോഴിക്കോട് നടന്ന അറുപത്തി ഒന്നാമത് സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിവാദമായ ദൃശ്യാവിഷ്‌കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു വിവാദ ദൃശ്യാവിഷ്‌കാരം നടന്നത്.
നൃത്താവിഷ്‌കാരത്തിലെ സംഘപരിവാർ അജണ്ട പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വാഗതഗാനത്തിന് നൃത്താവിഷ്‌ക്കാരം നൽകിയ, പേരാമ്പ്ര മാതാ കേന്ദ്രത്തിനെ ഇനി പരിപാടിക്ക് വിളിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. സിപിഎമ്മും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ