- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരൂരിൽ ശേഖരിച്ച വേനൽമഴ വെള്ളത്തിൽ 'ലിറ്റ്മസ് പരിശോധന' നടത്തി സ്ഥിരീകരണം; ഇത് അമ്ലമഴയിലെ പ്രാഥമിക പരിശോധന മാത്രം; മറ്റ് രാസഘടകങ്ങളും വിഷാംശം അടങ്ങിയിട്ടുണ്ടോയെന്നും കണ്ടെത്താൻ വിശദ പരിശോധന അനിവാര്യം; ഡോ രാജഗോപാൽ കമ്മത്തിന്റെ കണ്ടെത്തൽ സ്ഥിരീകരിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: വേനൽ മഴ പെയ്ത വെള്ളത്തിൽ അമ്ലഗുണം കണ്ടെത്തിയതായി ശാസ്ത്രലേഖകനും ഗവേഷകനുമായ ഡോ.രാജഗോപാൽ കമ്മത്ത് ചൂണ്ടിക്കാട്ടുന്നത് ശാസ്ത്ര പരിശോധനയ്ക്ക് ശേഷം. ഇന്നലെ എറണാകുളം എരൂരിൽ ശേഖരിച്ച വേനൽമഴ വെള്ളത്തിൽ 'ലിറ്റ്മസ് പരിശോധന' നടത്തിയാണു രാജഗോപാൽ ഇത് സ്ഥിരീകരിച്ചത്. രാസസാന്നിധ്യം കണ്ടെത്താനുള്ള പ്രാഥമിക പരിശോധന മാത്രമാണിത്. മഴവെള്ളത്തിൽ മറ്റെന്തെങ്കിലും രാസഘടകങ്ങളും വിഷാംശം അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താൻ വിശദമായ പരിശോധന അനിവാര്യമാണ്. കൊച്ചിയിലെ അന്തരീക്ഷം കലുഷിതമാണെന്നതിന്റെ തെളിവാണ് ഈ വെളിപ്പെടുത്തൽ.
കൊച്ചിയിൽ പെയ്തത് അമ്ലമഴയാണെന്ന് ശാസ്ത്ര വിദഗ്ദരുടെ നിരീക്ഷണം. ആദ്യം പെയ്ത മഴത്തുള്ളികളിൽ ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര വിദഗ്ദൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. വെളുത്ത പത രാസസാന്നിധ്യത്തിന്റെ തെളിവാണ്. ലിറ്റ്മസ് ടെസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും രാജഗോപാൽ വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ പെയ്ത ആദ്യ മഴയായിരുന്നു.
അതേസമയം, കൊച്ചിയിൽ പെയ്തത് അമ്ലമഴയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മഴത്തുള്ളികളുടെ പരിശോധന നടത്തുമെന്ന് ബോർഡ് പ്രസിഡന്റ് പ്രദീപ് കുമാർ അറിയിച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമുകൾ തയ്യാറാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിലും കളമശ്ശേരി മെഡിക്കൽ കോളേജിലുമായി രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ ഉൾപ്പടെ നേരിടുന്നവർക്ക് ചികിത്സ തേടുന്നതിനായി 24 മണിക്കൂർ സേവനമാണ് ഒരുക്കിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ