കോട്ടയം: ഒരു ദുരന്തം പെയ്തിറങ്ങിയ ശാന്തതയാണ് ഇന്ന് കണമലയിൽ. കലിപൂണ്ടെത്തിയ കാട്ടു പോത്ത് കണമലയിലെ രണ്ട് കർഷകരുടെ ജീവനെടുത്തതിന്റെ ഭീതി വിട്ടുമാറിയിട്ടില്ല. അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുമുണ്ട്. അതിനിടയിൽ ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാൻ ജില്ല കളക്ടർ കാട്ടുപോത്തിന് വെടിവയ്ക്കാൻ ഉത്തരവിട്ടു. 22 നകം കാട്ടുപോത്തിനെ വനംവകുപ്പ് കണ്ടെത്തി വിവരം അറിയിക്കണം. ജില്ല പൊലീസ് ധോവിയുടെ പ്രത്യേക ടീം വെടിവെയ്‌പ്പിന് നേതൃത്വം നൽകും. എന്നാൽ ഉത്തരവ് സംബന്ധിച്ച് വീണ്ടും വിവാദങ്ങൾക്കിടയാക്കി. പൊലീസിന് കാട്ടുപോത്തിനെ വെടിവയ്ക്കാനുള്ള അവകാശം ഇല്ലെന്നാണ് വനംവകുപ്പിന്റെ വാദം. ഇതോടെ വീണ്ടും കർഷകരുടെ പ്രതിഷേധം ശക്തമാകും.

കണമല പുറത്തേൽ ചക്കോ, പ്ലാവനാക്കുഴി തോമസ് ആന്റണി എന്നിവരാണ് കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചത്. കാട്ടുപോത്ത് മുറ്റത്തേക്ക് വരുന്നതിന് തൊട്ടുമുമ്പാണ് ആ കുഞ്ഞ് വീട്ടിലേക്ക് കയറിപ്പോയത്. പോത്തിന്റെ ആക്രമണത്തിൽ മരിച്ച കണമല പുറത്തേൽ ചാക്കോച്ചന്റെ മകൾ നിഷയുടെ കുഞ്ഞായ ഹന്ന(രണ്ടര)യാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞ് കയറിപ്പോയതിന് തൊട്ടുപിന്നാലെ പോത്ത് മുറ്റത്തേക്ക് പാഞ്ഞെത്തി. ''ബഹളം കേട്ടപ്പോൾ ആദ്യമോർത്തത് കണമല റോഡിൽ അപകടം നടന്നെന്നാണ്, എന്നാൽ ചാക്കോയുടെ ഭാര്യ ആലീസിന്റെ നിലവിളി കേട്ട് ഓടിയെത്തുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ചാക്കോയെയാണ് കണ്ടത്.'' -അയൽവാസി വള്ളിമല സണ്ണി പറഞ്ഞു.

കാട്ടുപോത്ത് അക്രമിക്കുമ്പോൾ തിണ്ണയിൽ ചായകുടിച്ച് പത്രവും വായിച്ച് ഇരിക്കുകയായിരുന്നു ചാക്കോ. വീടിന്റെ മുകൾഭാഗത്തുനിന്നാണ് കാട്ടുപോത്ത് പാഞ്ഞെത്തിയത്. വർഷങ്ങളായി അയൽവാസികളാണെന്നും എല്ലാവരുമായി നല്ല ബന്ധം പുലർത്തിയിരുന്നയാളായിരുന്നു ചാക്കോയെന്നും സണ്ണി പറഞ്ഞു. മുൻപ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയ ചാക്കോ ജീവിതത്തിലേക്ക് തിരികെവന്നു.

കോഡ് ഓഫ് ക്രിമിനൽ പ്രൊസ്യൂഡർ 133 ഒന്ന് എഫ് പ്രകാരം കൊലയാളിയായ കാട്ടുപോത്തിനെ കണ്ടാൽ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവാണ് കളക്ടർ പി. കെ. ജയശ്രീ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് നൽകിയത്. എന്നാൽ കാട്ടുമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ വന്യജീവി സംരക്ഷണ നിയമപ്രകാരം മുഖ്യവനപാലകരാണ് അധികാരം എന്നാണ് വനംവകുപ്പ് പറയുന്നത്. ഇപ്പോഴും ഭീതിയോടെയാണ് പലരും വീടിനു പുറത്തിറങ്ങുന്നത്.

ഇന്ന് രാവിലെ ആരും റബർ ടാപ്പിങിനിറങ്ങിയില്ല. ഏതു സമയവും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. കാട്ടുപോത്ത് രണ്ട് പേരുടെ ജീവൻ എടുത്തതോടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. റോഡ് ഉപരോധിച്ചുള്ള സമരം മണിക്കൂറുകൾ നീണ്ടു. ജില്ല കളക്ടർ എത്തിയാണ് പ്രതിഷേധം തണുപ്പിച്ചത്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം കണമല, പമ്പാവാലി മേഖലയിൽ പൂർണ സമയം നിരീക്ഷണം നടത്തി വരികയാണ്.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചവരുടെ കൂടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നൽകുന്നതിനാണ് തീരുമാനം. ആദ്യഗഡുവായി അഞ്ച് ലക്ഷം ഇന്ന് ബന്ധുവിന്റെ അക്കൗണ്ടിൽ നൽകും. തോമസ് ആന്റണിയുടെ സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 കണമല സെന്റ് തോമസ് പള്ളിയിൽ നടത്തും. തോമസിന്റെ ഭാര്യ: ലൈസാമ്മ. മക്കൾ, അമല, വിമല. മരുമക്കൾ: ലിപിൻ, തോമസ്. വരാന്തയിൽ പത്രം വായിച്ചിരുന്നപ്പോഴാണ് ചാക്കോച്ചൻ മരിച്ചത്. സംസ്‌ക്കാരം നാളെ നടത്തും. ചാക്കോയുടെ ഭാര്യ: ആലീസ്. മക്കൾ: അനു, നീതു, നിഷ.