- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയപ്പകയിൽ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്; കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും; മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു; കുറ്റബോധമില്ലാത്ത മനസ്സുമായി ക്രൂരകൃത്യം ഏറ്റുപറഞ്ഞ് ശ്യാംജിത്ത്; ആയുധങ്ങൾ വൃത്തിയാക്കി സൂക്ഷിച്ചത് ആൺസുഹൃത്തിനെ കൊല്ലാനെന്നും മൊഴി
കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ യുവാവിന്റെ പ്രണയപ്പകയിൽ ജീവൻ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി ബന്ധുമിത്രാദികളും നാട്ടുകാരും. വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൻ ജനാവലിയാണ് വിഷ്ണുപ്രിയയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഇവിടെയെത്തിയത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോൾ വികാരസാന്ദ്രമായ രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. വിഷ്ണുപ്രിയയുടെ ഉറ്റവർ പിടയുന്ന മനസ്സുമായി അന്ത്യോപചാരം അർപ്പിക്കുമ്പോൾ കുറ്റബോധമില്ലാത്ത മനസ്സുമായി നടന്ന സംഭവങ്ങൾ എണ്ണിപ്പറയുകയായിരുന്നു ഒരു കാലത്ത് അവൾ സ്‌നേഹിച്ചിരുന്ന ശ്യാംജിത്ത്.
ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായാണ് പൊലീസിന് നൽകിയ മൊഴി. പൊന്നാനി സ്വദേശിയായ യുവാവിനെയും കൊലപ്പെടുത്താനായിരുന്നു ശ്യാംജിത്ത് ലക്ഷ്യമിട്ടത്. ഈ സുഹൃത്തുമായി വിഷ്ണുപ്രിയ വാട്സാപ്പിൽ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തി അരുംകൊല നടത്തിയത്. സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഏറെ നിർണായകമായതും പൊന്നാനി സ്വദേശിയുടെ മൊഴികളായിരുന്നു.
ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്നു ശ്യാംജിത്ത് സംശയിച്ചു. ആയുധങ്ങൾ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനു വേണ്ടിയായിരുന്നുവെന്നും അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.
വിഷ്ണുപ്രിയയുടെ കൊലപാതകത്തിനു പിന്നാലെ 3 മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടിയിരുന്നു. വിഷ്ണു പ്രിയയുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു സുഹൃത്തുമായാണ് അവസാനമായി സംസാരിച്ചതെന്നു മനസ്സിലായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ്, വിഷ്ണുപ്രിയ ഫോണിൽ സംസാരിക്കുമ്പോഴാണ് ശ്യാംജിത്ത് വീട്ടിൽ എത്തിയതെന്നു പൊലീസ് മനസ്സിലാക്കിയത്.
ശ്യാംജിത്ത് വന്നു എന്നു പറഞ്ഞാണ് ആ ഫോൺ കട്ട് ചെയ്തിരുന്നത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ബന്ധുവായ യുവതി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തൊട്ടടുത്ത് അച്ഛന്റെ തറവാട്ടുവീട്ടിലും മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ആൾക്കാർ ഉണ്ടായിരുന്നു. അവിടെ നിന്ന് വസ്ത്രം മാറാനായി വിഷ്ണുപ്രിയ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ളവ ഞായറാഴ്ച നടന്ന തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. ആയുധങ്ങൾ അടങ്ങിയ ബാഗ് വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് പ്രതി ഉപേക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ തെളിവെടുപ്പിനിടെ ഈ ബാഗ് ശ്യാംജിത്ത് പൊലീസിന് കാണിച്ചുനൽകി.
ചുറ്റിക, വെട്ടുകത്തി, ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന കത്തി, മുളകുപൊടി, പുരുഷന്റെ മുടി, കത്തി മൂർച്ച കൂട്ടാനുള്ള യന്ത്രം, സ്‌ക്രൂഡ്രൈവർ തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്. ഇതിലൊരു കത്തി പ്രതി സ്വയം നിർമ്മിച്ചതാണെന്നാണ് പൊലീസ് നൽകുന്നവിവരം. സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് മുളകുപൊടി സൂക്ഷിച്ചിരുന്നത്.
അന്വേഷണം വഴിതെറ്റിക്കാനായാണ് മറ്റൊരു പുരുഷന്റെ മുടി ബാഗിൽ കരുതിയിരുന്നതെന്നും പൊലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തി മടങ്ങാൻ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീട്ടിൽനിന്നാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.
'എനിക്കിപ്പോൾ 25 വയസേയുള്ളൂ, 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39 വയസിൽ ഞാൻ പുറത്തിറങ്ങും. എനിക്കൊന്നും നഷ്ടപ്പെടാനില്ല,' ക്രൂര കൊലപാതകത്തിന്റെ ഞെട്ടലിൽ പ്രതിയോട് ചോദ്യങ്ങൾ ചോദിച്ച പൊലീസിനോട് ശ്യാംജിത്ത് പറഞ്ഞതിങ്ങനെ.
ഒരു കൂസലുമില്ലാതെ അന്വേഷണ സംഘത്തിന് മുന്നിൽ ചെയ്ത കൊടും ക്രൂരത യുവാവ് വിശദീകരിച്ചു. വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിന്റെ പദ്ധതി. തല അറുത്തെടുക്കാനായി ഓൺലൈൻ വഴി ചെറിയ വുഡ് കട്ടർ പ്രതി വാങ്ങിയിരുന്നു.
എന്നാൽ അതിന്റെ ബ്ലേഡ് പ്രവർത്തിക്കാതെ വന്നപ്പോഴാണ് ഇരുമ്പിന്റെ ചെറിയ ഉളി വാങ്ങിയത്. ഇതുകൊണ്ട് കുത്തി എല്ലുകൾ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. എന്നാൽ കഴുത്ത് വേർപെടുത്താൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പുറത്ത് കടന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.
കൊലപാതകത്തിന് ശേഷം ബൈക്കിൽ മാനന്തേരിയിലേക്ക് പോയ ശ്യാംജിത്ത്, വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വച്ച് അതിന് മീതെ ഒരു കല്ലും എടുത്തുവച്ചു. പിന്നീട് വീട്ടിൽ പോയി കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്ക് പോയി. ഇവിടെ ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി എല്ലാ കഥയും വെളിപ്പെടുത്തുകയും ചെയ്തു.
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയത്. ചുറ്റികയും കത്തിയും കയറുമായാണു ശ്യാംജിത്ത് വീട്ടിലെത്തിയത്. ചുറ്റികയും കയറും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. ഇരുതല മൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ചു. ആക്രമണം പാളിയാലും ഗുരുതര മുറിവുകളോടെ അല്ലാതെ വിഷ്ണുപ്രിയ രക്ഷപ്പെടരുതെന്ന് പ്രതിക്ക് നിർബന്ധമുണ്ടായിരുന്നു.
ആഴമേറിയ മുറിവുണ്ടാക്കി കൊലപ്പെടുത്താനായി ഓൺലൈൻ വഴി കട്ടിങ് മെഷീൻ ദിവസങ്ങൾക്ക് മുൻപേതന്നെ ശ്യാംജിത്ത് വാങ്ങി. യുട്യൂബ് നോക്കി ഇവയുടെ പ്രവർത്തനം എങ്ങനെയെന്നു പ്രതി മനസ്സിലാക്കിയിരുന്നു. ഈ ഉപകരണം പ്രവർത്തിക്കുന്നതിന് ആവശ്യമായ ബാറ്ററി, പവർ ബാങ്ക് എന്നിവ നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചു.
ഉപകരണത്തിന് ചെറിയ സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ശ്യാംജിത്തിന്റെ ബാഗിൽനിന്ന് കണ്ടെത്തിയ നീളമുള്ള മുടിച്ചുരുൾ ബാബർ ഷോപ്പിൽനിന്നു ശേഖരിച്ചതാണെന്നും അന്വേഷണം അട്ടിമറിക്കാനായിരുന്നു ശ്രമമെന്നും പൊലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തു ഭാഗം അറ്റു തൂങ്ങിയ നിലയിലായിരുന്നു. കൈ കാലുകൾ ഉൾപ്പെടെ ശരീരമാസകലം വെട്ടേറ്റു.
മറുനാടന് മലയാളി ബ്യൂറോ