കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു അടിയിലേക്ക് പോത്തുകൾ ഇരച്ചുകയറി അപകടത്തിൽപ്പെട്ടു. രണ്ടു പോത്തുകളാണ് രണ്ടിടങ്ങളിലായി ബോഗികൾക്ക് അടിയിൽപ്പെട്ടത്. ആകെ നാലു പോത്തുകളിൽ രണ്ടെണ്ണം ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെ കണ്ണൂർ റെയിൽവേസ്റ്റേഷനു സമീപത്തെ ഇരട്ടക്കണ്ണൻ പാലത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന മാവേലി എക്സ്പ്രസ് സ്റ്റേഷനിലേക്ക് കയറുന്നതിനാൽ വൻ അപകടമൊഴിവായി. ഒരു പോത്ത് എൻജിൻ ഭാഗത്തും മറ്റൊരെണ്ണം അഞ്ചാമത്തെ എ.സി ബോഗിക്ക് അടിയിലേക്കുമാണ് ഇടിച്ചുകയറിയത്. അപകടത്തെ തുടർന്ന് ട്രെയിൻ ഒന്നര മണിക്കൂറോളം വൈകിയാണ് കണ്ണൂർ സ്റ്റേഷനിലെത്തിയത്. തുടർന്ന് ഒൻപതരയോടെയാണ് യാത്ര പുനരാരംഭിച്ചത്. ട്രെയിനിന് അടിയിൽപ്പെട്ട ജഡങ്ങൾ റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

അപകടമുണ്ടായതിനെ തുടർന്ന് മംഗ്ളൂര് ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസ് ഉൾപ്പെടെയുള്ള മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും പൊലിസും ആർ. പി. എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപം അലഞ്ഞുതിരിയുന്ന പശുക്കൾ റെയിൽവേ ട്രാക്കിൽ കയറുന്നത് പതിവുദൃശ്യമാണ്.

ഇതിനെതിരെ പലതവണ നടപടിയെടുത്തുവെങ്കിലും വീണ്ടും ഉടമകൾ കാലികളെ അഴിച്ചുവിടുന്നത് തുടരുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.