- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരത്തിന്റെ മർക്കസ് നോളജ് സിറ്റിയിൽ നടന്നത് അന്താരാഷ്ട്ര കാലവസ്ഥാ ഉച്ചകോടി; വേദിയിലും സദസിലും പുരുഷന്മാരോടൊപ്പം സജീവമായി പങ്കെടുത്ത് സ്ത്രീകളും; വിഷയം സൈബറിടത്തിൽ ചർച്ചയായതോടെ സംഘാടകരോട് വിശദീകരണം തേടി കാന്തപുരം എ.പി വിഭാഗം
കോഴിക്കോട്: കേരളത്തിലെ ഏറ്റവും യാഥാസ്ഥിതികരായ മുസ്ലിം വിഭാഗമായി കണക്കാക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് കാന്തപുരം എ പി വിഭാഗവും. സ്ത്രീകളോടുള്ള തന്റെ സമീപനം പലപ്പോഴും കാന്തപുരം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭരണ രംഗത്ത് അടക്കം സ്ത്രീകൾ ഇടപെടേണ്ടെന്ന പക്ഷക്കാരനാണ് അദ്ദേഹം. അങ്ങനെയുള്ള കാന്തപുരത്തിന്റെ മർക്കസ് നോളജ് സിറ്റിയിൽ അടുത്തിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ഉച്ചകോടിയിൽ വനിതകളുടെ സാന്നിധ്യം അടക്കം ശ്രദ്ധേയമായിരുന്നു. ഈ വിഷം സൈബറിടത്തിൽ ചർച്ചയായതോടെ വിഷയം മാറി. കാന്തപുരം വിഭാഗം പ്രതിരോധത്തിലായി. ഇതോടെ പരിപാടിയുടെ സംഘാടകരോട് വിശദീകരണം തേടി തടി രക്ഷിക്കാൻ ഇറങ്ങിയിരിക്കയാണ് കാന്തപുരം എ പി വിഭാഗം.
സമസ്ത എ.പി വിഭാഗത്തിനു കീഴിലുള്ള കോഴിക്കോട് കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിലെ വനിതാ പങ്കാളിത്തത്തിലാണ് വിശദീകരണം തേടി എ.പി സുന്നി വിഭാഗം രംഗത്തുവന്നത്. കാലാവസ്ഥാ ഉച്ചകോടിയിൽ വിദേശ വനിതകൾ അടക്കം പങ്കെടുത്ത സംഭവത്തിലാണ് സംഘാടകരിൽ നിന്ന് വിശദീകരണം ചോദിച്ചത്.
സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ പ്രസ്താവനയിൽ പറഞ്ഞു. വനിതാ പങ്കാളിത്തത്തിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ചതോടെയാണ് വിശദീകരണം തേടിയത്. മൂന്ന് ദിവസം നീണ്ടു നിന്ന കാലവസ്ഥാ ഉച്ചകോടിയിൽ ശാസ്ത്രജ്ഞരും ഗവേഷകരുമുൾപ്പെടെ 40 രാജ്യങ്ങളിൽനിന്നുള്ള 200ലേറെ പ്രതിനിധികളാണ് പങ്കെടുത്തത്.
സ്ത്രീകളുടെ പൊതുവേദികളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കണിശമായി പിന്തുടരുന്ന വിഭാഗമാണ് സമസ്ത ഗ്രൂപ്പുകൾ. അവർ നിയന്ത്രിക്കുന്ന പള്ളികളിൽ സ്ത്രീകൾ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാറില്ല. സ്ത്രീകളുടെ മാത്രമായ പരിപാടികളിലാണ് വനിതാ പ്രഭാഷകർ പ്രസംഗിക്കാറുള്ളത്. എന്നാൽ മർകസ് നോളജ് സിറ്റിയിലെ പരിപാടിയിൽ വേദിയിലും സദസിലും പുരുഷന്മാരോടൊപ്പം തന്നെയാണ് സ്ത്രീകൾ പങ്കെടുത്തത്.
താമരശ്ശേരി കൈതപ്പൊയിലിൽ സ്ഥിതി ചെയ്യുന്ന മർക്കസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17-19 തിയ്യതികളായിരുന്നു ഉച്ചകോടി. ശാസ്ത്രജ്ഞരും ഗവേഷകരുമുൾപ്പെടെ 40 രാഷ്ട്രങ്ങളിൽനിന്നുള്ള 200ലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഈജിപ്തിലെ കെയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗുമായി സഹകരിച്ചാണ് മർക്കസിന്റെ ആഭിമുഖ്യത്തിൽ പരിപാടി നടന്നത്.
ഇതാദ്യമായാണ് ഒരു അറബ് ഇതര രാഷ്ട്രം ഉച്ചകോടിക്ക് വേദിയായത്. 'കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം' എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.
മറുനാടന് മലയാളി ബ്യൂറോ