- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ ഗ്രൂപ്പുമായി ചേർന്ന് മുത്തൂറ്റ് ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി; ആറുമാസത്തിനകം പൂർത്തിയാക്കും; മത്സ്യത്തൊഴിലാളി പോരാട്ടം വിജയിക്കുമ്പോൾ
ആലപ്പുഴ: വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിൽ നിയമംലംഘിച്ചു നിർമ്മിച്ച കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. റിസോർട്ടിന്റെ തെക്കുവശം പുറമ്പോക്കുഭൂമിയാണെന്നു കണ്ടെത്തിയ സ്ഥലത്തെ രണ്ടു വില്ലകളാണു ആദ്യം പൊളിക്കുന്നത്. തീരപരിപാലന നിയമംലംഘിച്ച് നിർമ്മിച്ചതെന്നു കണ്ടെത്തിയതിനെത്തുടർന്നാണു റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.
വേമ്പനാട്ടുകായലിൽ പാണാവള്ളി നെടിയതുരുത്തിൽ കാപികോ റിസോർട്ടിനായി കൈയേറിയ 2.93 ഹെക്ടർ പുറമ്പോക്കുഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. കളക്ടർ വി.ആർ. കൃഷ്ണതേജ സ്ഥലത്തെത്തി 'സർക്കാർ വക ഭൂമി' എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പിന്റേതാണ് ഈ കെട്ടിടം. അവർ തന്നെയാകും കെട്ടിടം പൊളിക്കുന്നത്. മരടിൽ ഫ്ളാറ്റ് പൊളിച്ചതു സർക്കാരിന്റെ നേതൃത്വത്തിലായിരുന്നു. ഇവിടെ ഉത്തരവാദിത്തം മുത്തൂറ്റ് ഏറ്റെടുക്കുകയായിരുന്നു. പൊളിക്കാൻ ആറുമാസം കാലാവധി നൽകുമെന്നതിനാൽ മരടിലെപ്പോലെ ഒറ്റദിവസത്തെ ഇടിച്ചുനിരത്തൽ വേണ്ടിവരില്ല. ആറുമാസം കൊണ്ട് പൊളിക്കൽ പൂർത്തിയാകും.
റിസോർട്ട് നടത്തിപ്പുകാരുടെ ചെലവിലാണ് പൊളിക്കൽ. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ദോഷകരമാകാത്തവിധം കെട്ടിടാവശിഷ്ടങ്ങൾ മാറ്റുമെന്നു നടത്തിപ്പുകാർ ജില്ലാഭരണകൂടത്തിനുറപ്പു കൊടുത്തിട്ടുണ്ട്. നടപടികൾക്ക് കളക്ടർ വി.ആർ. കൃഷ്ണതേജ, നോഡൽ ഓഫീസറും സബ് കളക്ടറുമായ സൂരജ് ഷാജി, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, തഹസിൽദാർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. ഘട്ടംഘട്ടമായി ആറുമാസത്തിനുള്ളിൽ പൊളിക്കൽ പൂർത്തിയാക്കാനാണു തീരുമാനം. റിസോർട്ട് നിർമ്മിക്കാൻ കൈയേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടർ സ്ഥലം കഴിഞ്ഞദിവസം കളക്ടർ സർക്കാരിലേക്കേറ്റെടുത്തിരുന്നു. പട്ടയമുള്ള സ്ഥലം റിസോർട്ട് ഉടമകൾക്കുള്ളതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആകെയുള്ളത് 7.0212 ഹെക്ടർ സ്ഥലമാണ്.
തീരദേശപരിപാലനനിയമം ലംഘിച്ചും സർക്കാർസ്ഥലം കൈയേറിയും നിർമ്മിച്ച റിസോർട്ട് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിനു പട്ടയമുള്ളതിന്റെ ബാക്കിവരുന്ന 2.93 ഹെക്ടർ സ്ഥലമാണു സർക്കാർ ഏറ്റെടുത്തത്. കെട്ടിടം പൊളിക്കാനുള്ള കർമപദ്ധതി റിസോർട്ട് അധികൃതർ രണ്ടുദിവസത്തിനുള്ളിൽ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കും. ഇതു ജില്ലാഭരണകൂടവും പഞ്ചായത്തും അംഗീകരിച്ചശേഷം റിസോർട്ട് നടത്തിപ്പുകാർതന്നെയാകും കെട്ടിടംപൊളിക്കുക. നിയമംലംഘിച്ചു നിർമ്മിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കി സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്നു 2013-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി 2020 ജനുവരി പത്തിനു സുപ്രീംകോടതി ശരിവെച്ചെങ്കിലും കോവിഡ് സാഹചര്യത്തിലാണു നടപടി വൈകിയത്.
35,900 ചതുരശ്രയടിയിൽ 54 വില്ലകളാണ് ഇവിടെയുള്ളത്. നീന്തൽക്കുളങ്ങളുമുണ്ട്. 2007-ൽ നിർമ്മാണം തുടങ്ങി 2012-ലാണു പൂർത്തിയാക്കിയത്. പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാകാത്തവിധം അവശിഷ്ടങ്ങൾ നീക്കാനാണുനിർദ്ദേശം. ഒരാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ തുടങ്ങും. നടപടിക്കുമുൻപ് റിസോർട്ടിലുള്ള സ്ഥാവര-ജംഗമ വസ്തുക്കളുടെ വിശദാംശങ്ങളുൾപ്പെടുത്തിയ വീഡിയോ മഹസർ തയ്യാറാക്കുന്നതിനു വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. പൊളിക്കലിനായി താത്കാലികമായോ സ്ഥിരമായോ മറ്റൊരു നിർമ്മാണപ്രവർത്തനവും പാടില്ല.
തീരനിയമം പാലിക്കാതെയും കായൽ കൈയേറ്റം നടത്തിയും നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന 2013-ലെ ഹൈക്കോടതി വിധി 2020 ജനുവരിയിൽ സുപ്രീംകോടതി ശരിവച്ചിരുന്നു. ഇതിനെതിരേയാണ് ഉടമകൾ റിവ്യൂഹർജിയും നൽകി. ഇതും വെറുതയായി. റാംസർ മേഖലയിൽപെട്ട ഇവിടെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മറ്റും എതിർപ്പ് വകവെക്കാതെ എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് റിസോർട്ട് നിർമ്മിച്ചത്. അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സാധ്യമാക്കിയ ഈ നിർമ്മിതിക്കെതിരെ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി സ്‌നേഹികളും ഒറ്റക്കെട്ടായി നടത്തിയ നിയമപോരാട്ടത്തിന്റെ അന്തിമ വിജയമായിരുന്നു സുപ്രീംകോടതി വിധി.
പാണാവള്ളി പഞ്ചായത്തിൽപെടുന്ന നെടിയതുരുത്തിൽ 24 ഏക്കറിലാണ് സപ്തനക്ഷത്ര സൗകര്യങ്ങളോടെ റിസോർട്ട് പണിതത്. ഇത് പൊളിച്ച് ദ്വീപ് പൂർവസ്ഥിതിയിലാക്കാനാണ് ജനുവരി 10ന് സുപ്രീംകോടതി വിധി ഉണ്ടായത്.
ഇത് മത്സ്യത്തൊഴിലാളി പോരാട്ടത്തിന്റെ വിജയം
കാപികോ റിസോർട്ട് നിർമ്മിച്ച 17.34 ഏക്കറിൽ 7.26 ഏക്കർ സർക്കാർ പുറമ്പോക്കാണെന്നു രേഖകൾ നേരത്തെ പുറത്തു വന്നിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആലപ്പുഴ കളക്ടറുടെ നിർദ്ദേശപ്രകാരം നടന്ന സർവേയിലാണ് ഇതു കണ്ടെത്തിയത്. പാണാവള്ളി പഞ്ചായത്തിൽപെട്ട വേമ്പനാട്ട് കായലിലെ സ്വകാര്യ ദ്വീപിൽ ചട്ടങ്ങൾ ലംഘിച്ച് പണിതുയർത്തിയ കാപികോ റിസോർട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പിന്നിലെ പ്രധാന ചാലക ശക്തിയായി നിലകൊണ്ടത് സാധാരണക്കാരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. അതിജീവനത്തിനായി അവർ നടത്തിയ നിയമപോരാട്ടമാണ് വിജയം കാണുന്നത്.
ഇതിൽ കാപികോ കേരള റസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മോഹനൻ വെട്ടത്ത് ആർ.ഡി.ഒ.യ്ക്ക് ഹർജി നൽകിയിരുന്നു. ഇതു തള്ളി, സർക്കാർഭൂമി പിടിച്ചെടുക്കാൻ ചേർത്തല അഡീഷണൽ തഹസിൽദാരോട് 2013 ഒക്ടോബർ ആറിന് ആർ.ഡി.ഒ. ഉത്തരവ് നൽകിയിട്ടുള്ളതാണെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കാപികോ ഇതുവരെ കുലുങ്ങാതിരുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുണ്ടെന്ന് ശാസ്ത്ര സമൂഹം ഒരേ പോലെ സമ്മതിക്കുന്ന വേമ്പനാട്ട് കായലിനെ വിഴുങ്ങും വിധമായിരുന്നു നെടിയതുരുത്ത് ദ്വീപിൽ കാപികോ റിസോർട്ട് സമുച്ചയം പണിതുയർത്തിയത്.
2006 ലാണ് പരിസ്ഥിതി സംരക്ഷണത്തിന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ജൈവബദലായ കണ്ടൽകാടുകളും മത്സ്യസമ്പത്തുകൊണ്ട് വേറിട്ട കായൽ ജലാശയവും തീരദേശ പരിപാലന നിയമം നഗ്നമായി ലംഘിച്ച് കൈയേറി നിർമ്മാണം തുടങ്ങിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ഊന്നിവലകൾ വരെ പരസ്യമായി നശിപ്പിച്ചായിരുന്നു നിർമ്മാണം. നിയമങ്ങൾ കാറ്റിൽ പറത്തി നേടിയെടുത്ത ഭൂമിയിൽ തീർത്ത റിസോർട്ടിന് ചുറ്റും മത്സ്യബന്ധനം പോലും തടയാൻ റിസോർട്ട് അധികൃതർ ധൈര്യപ്പെട്ടു.
ഭരണാനുമതി നൽകിയത് സിപിഎം
എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തിയാണ് വാമിക ഐലൻഡ്- കാപ്പികോ റിസോർട്ടുകൾ പണിതുയർത്തിയത്. നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗമായ ചെമ്മീൻ കൃഷി നടത്തിയിരുന്ന പ്രദേശം നികത്തിയാണ് 2006ൽ കാപ്പികോ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്. ദ്വീപിലെ താമസക്കാരനായിരുന്ന കുഞ്ഞൻപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി റോയ് മാത്യുവും രത്ന ഈശ്വരനും ചേർന്ന് വാങ്ങിയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കം. സിപിഎം. പാണവള്ളി പഞ്ചായത്ത് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് പദ്ധതിക്ക് നിർമ്മാണാനുമതി ലഭിക്കുന്നത്. അനുമതി നൽകാൻ അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പദ്ധതിക്ക് അനുമതിനൽകുന്നത്.
നിർമ്മാണാനുമതി ലഭിച്ചതിനെ തുടർന്ന് വലിയതോതിൽ കായൽ നികത്തി കമ്പനി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ ജോലി തടസ്സപ്പെട്ട ഊന്നി വലത്തൊഴിലാളികളാണ് ആദ്യമായി പരാതി നൽകിയത്.റിസോർട്ട് മാനേജ്മന്റെുകളെ പ്രതിചേർത്ത് സമർപ്പിക്കപ്പെട്ട ഏഴ് ഹരജികളിൽ 2013 ജൂൺ 25ന് കേരള ഹൈക്കോടതി വിധിപറഞ്ഞത്. തീരപരിപാലന നിയമം ലംഘിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയ കോടതി നിർമ്മാണങ്ങളും നികത്തലുകളും നീക്കി പ്രദേശം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിർമ്മിച്ചു, തണ്ണീർത്തടം നികത്തി നിർമ്മാണപ്രവർത്തനങ്ങൾ നടത്തി, കായൽ കൈയേറി തുടങ്ങിയ ആരോപണങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.
റിസോർട്ട് നിർമ്മാണത്തിനായി 2.04 ഏക്കർ കായൽ നികത്തിയതായി ആലപ്പുഴ ജില്ല കലക്ടർ കണ്ടെത്തിയിരുന്നു. സ്വകാര്യ ദ്വീപ് കേന്ദ്രീകരിച്ച് നടത്തിയ കായൽ കൈയേറ്റം മൂന്നുമാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നെടിയതുരുത്ത് ദ്വീപിൽ റിസോർട്ട് നിർമ്മിച്ചതെന്നു വിലയിരുത്തിക്കൊണ്ടാണ്് റിസോർട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്. ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളുകയായിരുന്നു. റിവ്യൂ ഹർജിയും തള്ളി.
വേമ്പനാട്ട് കായൽ അതി പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയതുരുത്തിൽ പരാതിക്കാർ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുത്തൂറ്റിന്റെ കാപ്പികോ
ഡീലക്സ് ഉൾപ്പടെ 54 വില്ലകളാണ് കാപ്പികോയിൽ ഒരുക്കിയിരുന്നത്. ഡീലക്സ് വില്ലകളിൽ രണ്ട് നീന്തൽക്കുളങ്ങൾ വീതമാണ് ഒരുക്കിയിരുന്നത്. മിനി മുത്തൂറ്റ് ഗ്രൂപ്പിൽനിന്നാണ് കാപികോ ഗ്രൂപ്പായി വികസിക്കുന്നത്. 1996-ൽ തന്നെ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഇവിടെ ഹോട്ടലിനായി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. 2007-ലാണ് മിനി മുത്തൂറ്റ് ഗ്രൂപ്പ് സിങ്കപ്പൂരിലെ അന്താരാഷ്ട്ര ഹോട്ടൽ വ്യവസായ സംരംഭകരായ ബന്യൻട്രീ, കുവൈത്തിലെ കാപികോ എന്നിവരുമായി കൈകോർത്ത് കാപികോ കേരള റിസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. 2007 ജൂലായിൽ പുതിയ സംരംഭത്തിന് അനുമതിതേടി. ഗ്രൂപ്പ് ആദ്യം ലക്ഷ്യമിട്ടത് 150 കോടിയുടെ പദ്ധതിയാണെങ്കിലും പൂർത്തിയായപ്പോൾ 350 കോടി കടന്നതായാണ് കണക്കുകൾ. ഇതിനെതിരെയുള്ള നിയമ പോരാട്ടം ആദ്യം മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഒന്നും പുറം ലോകത്തുമെത്തിയില്ല. പക്ഷേ കോടതി ഇടപെടലുകൾ നിർണ്ണായകമായി.
കാപികോ റിസോർട്ടിൽ കായൽ കടന്ന് വൈദ്യുതി എത്തിക്കാൻ കേബിൾ ഇട്ടതിന് മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്. വൈദ്യുതി എത്തിച്ചതിനുള്ള ആകെ ചെലവ് രണ്ടുകോടി രൂപയോളം വരും. വേമ്പനാട്ട് കായലിലെ നെടിയതുരുത്തിലേക്ക് കൊല്ലൻകൂമ്പ് ഭാഗത്തുനിന്ന് വൈദ്യുതി എത്തിക്കാൻ ഹൈടെൻഷൻ കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.1007 മീറ്റർ കായലിലും 165 മീറ്റർ കരയിലുമായാണ് കേബിൾ ഇട്ടിരിക്കുന്നത്. മാക്കേകവലയിലെ സബ്സ്റ്റേഷനിൽ നിന്നും റോഡരികിലൂടെ ഇട്ടിരിക്കുന്ന കേബിൾ വേറെയും. വൈദ്യുതി കണക്ഷൻ ഫീസായി 13 ലക്ഷം രൂപ കെ.എസ്.ഇ.ബി.യിൽ അടച്ചു. വൈദ്യുതി മുടങ്ങാതിരിക്കാൻ 1000 കെ.വി., 250 കെ.വി. തുടങ്ങിയ ജനറേറ്ററുകളും സജ്ജമാക്കിയിരുന്നു.
അതീവ പരിസ്ഥിതി ലോല പ്രദേശം, യുനസ്‌കോയുടെ റാംസർ കൺവൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ചതുപ്പ് നിലംഈ വിശേഷണങ്ങളുള്ള ചേർത്തല നെടിയ തുരുത്തിലാണ് മുത്തൂറ്റ് കാപ്പികോ റിസോർട്ട് കെട്ടിപ്പൊക്കിയത്. 150 കോടി ചെലവിൽ സെവൻ സ്റ്റാർ റിസോർട്ട് പണിതുയർത്താൻ തീരദേശ പരിപാലന നിയമം, മാത്രമല്ല, 1957ലെ ഭൂസംരക്ഷണ നിയമവുംലംഘിച്ച് ഹെക്ടറുകണക്കിന് സർക്കാർ ഭൂമിയും കൈയേറിയെന്നും ആരോപണമുണ്ടായി. മരടിലെ ഫ്ളാറ്റുകളുടെ അതേ വിധി കേരളത്തിലെ മുത്തൂറ്റ്, കുവൈത്തിലെ കാപ്പികോ ഗ്രൂപ്പുകളുടെ ഈ സംയുക്ത സംരംഭത്തെ തേടിയെത്തി..
ചേർത്തലയ്ക്കടുത്ത പാണാവള്ളിയിൽ വേമ്പനാട്ടു കായലിലെ ആൾവാസം കുറഞ്ഞ നെടിയതുരുത്ത് ദ്വീപിനെ കാപ്പിക്കോ കണ്ണു വെക്കുന്നത് തൊണ്ണൂറുകളിലാണ്. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ശരിക്കും ഒറ്റപ്പെട്ട തുരുത്ത്. ഇവിടേക്ക് എത്തിപ്പെടുക അത്ര എളുപ്പവുമല്ല. വൈദ്യുതിയില്ലാത്ത തുരുത്തിൽ കുടിവെള്ളവും പ്രശ്നമായിരുന്നു. അതിനാൽ സ്ഥലം വാങ്ങാൻ റിസോർട്ട് സംഘം എത്തിയപ്പോൾ അവിടെയുള്ള ഏതാനും താമസക്കാർ രണ്ടാമതൊന്ന് ആലോചിച്ചില്ല. കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പോരാത്തത് കൈയേറി, കായൽ കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 റിസോർട് ഇവിടെ പണിതുയർത്തി. കാപ്പികോ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തുന്നത് 2012ലാണ്.
2.0939 ഹെക്ടർ സർക്കാർ ഭൂമി റിസോർട്ട് കൈയേറിയെന്ന് സർവേ ഡെപ്യുട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് ചേർത്തല ഡെപ്യൂട്ടി തഹസിൽദാർ കൈയേറ്റം സംബന്ധിച്ച് നോട്ടീസ് നൽകി. ഇതിനെതിരെ കാപ്പികോ ഹൈക്കോടതിയിൽനിന്ന് അപ്പീൽ നൽകാൻ ഉത്തരവ് നേടി. കൈയേറ്റം നടന്നതായാണ് ആർഡിഒ റിപ്പോർട്ട്. 7.0212 ഹെക്ടർ ഭൂമിയുള്ളതിൽ 2.0397 ഹെക്ടർ സർക്കാർ ഭൂമിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയിൽനിന്ന് സ്റ്റേ വാങ്ങി.
ഒടുവിൽ സുപ്രീം കോടതിതന്നെ പൊളിക്കാനും അനുമതി നൽകി. കെട്ടിപ്പൊക്കിയ നക്ഷത്ര സൗധങ്ങൾ ഒന്നുപോലും തുറക്കാതെ, ഒരു അതിഥിയെപോലും താമസിപ്പിക്കാതെയാണ് മുത്തൂറ്റ് കാപ്പികോ തകർന്ന് വീഴാൻ പോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ