ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ റിസോർട്ടായിരുന്നു പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്തിൽ തീരപരിപാലന നിയമം ലംഘിച്ചതിനെത്തുടർന്ന് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ട കാപികോ റിസോർട്ട്. ഒരു ദ്വീപ് മുഴുവൻ നിറഞ്ഞ റിസോർട്ട്. സെവൻ സ്റ്റാർ സൗകര്യങ്ങളുണ്ടായിരുന്ന പഞ്ചനക്ഷത്ര ഗണത്തിൽ പെട്ട റിസോർട്ട്. പക്ഷേ നിയമം അതിന്റെ വഴിക്ക് പോയപ്പോൾ റിസോർട്ട് പൊളിച്ചു തുടങ്ങി. 54 വില്ലകളുള്ള റിസോർട്ടിൽ കയ്യേറിയ സ്ഥലത്തെ വില്ലയാണ് പൊളിച്ചു തുടങ്ങിയത്. വില്ലയിലെ ഉപകരണങ്ങൾ നീക്കിയ ശേഷം തൊഴിലാളികളെ ഉപയോഗിച്ചും മണ്ണുമാന്തി ഉപയോഗിച്ചും പൊളിക്കുകയായിരുന്നു. ആറുമാസം കൊണ്ട് എല്ലാ പൊളിക്കലും തീരും.

റിസോർട്ട് നടത്തിപ്പുകാർ തന്നെയാണ് പൊളിക്കുന്നത്. 35,900 ചതുരശ്രയടി കെട്ടിടമാണ് പൊളിക്കുന്നത്. കെട്ടിടങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി 320 കോടിയിലേറെ രൂപയാണ് വേമ്പനാട്ട് കായലിലെ ദ്വീപിൽ മുടക്കിയത്. തീര പരിപാലന നിയമം ലംഘിക്കൽ, ഭൂമി കയ്യേറ്റം എന്നിവയെത്തുടർന്നാണ് റിസോർട്ട് പൊളിച്ചു മാറ്റി ദ്വീപ് പഴയ രീതിയിലാക്കാൻ ഹൈക്കോടതി വിധിച്ചത്. ആറു മാസം കൊണ്ടേ പൊളിക്കൽ തീരൂ. എല്ലാ അധികാരങ്ങളുമുണ്ടായിരിക്കെ, പാണാവള്ളിയിലെ എൽ.ഡി.എഫ്., യു.ഡി.എഫ്. ഭരണസമിതികൾ നിർമ്മാണത്തിന് ഒത്താശയും ചെയ്തുകൊടുത്തുവെന്നതാണ് വസ്തുത. വേമ്പനാട്ടുകായലിലെ നിർമ്മാണത്തിന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അത്യാവശ്യമാണ്. ഇതുകിട്ടാതെ നിർമ്മാണം മുന്നോട്ടുപോയതെങ്ങനെ എന്ന ചോദ്യവും പ്രസക്തം.

സിപിഎമ്മും കോൺഗ്രസും ബിജെപി.യും പരിസ്ഥിതിസംഘടനകളും പ്രതികരിക്കാതിരുന്നു എന്നതും യാഥാർത്ഥ്യം. സർക്കാർ ഭൂമി കൈയേറിയാണു നിർമ്മാണം നടക്കുന്നതെന്നറിഞ്ഞിട്ടും ജില്ലാ ഭരണകൂടവും റവന്യൂവകുപ്പും നടപടിയെടുത്തുമില്ല. പണത്തിനു പകരം വള്ളത്തിലെ വെള്ളം വറ്റിക്കുന്നതിനുള്ള കന്നിപ്പാളയോ പങ്കായമോ വള്ളമോ വലയോ നഷ്ടപരിഹാരമായി വാങ്ങിനൽകാമെന്നാണു പരാതിയുമായെത്തിയ എ.കെ. സൈലന് ഉടമകൾ കൊടുത്ത മറുപടി. ഈ മറുപടിയാണ് നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. അതൊടുവിൽ കേരളത്തിലെ ഏറ്റവും വലിയ റിസോർട്ടിന്റെ ചരമ ഗീതമായി.

2007ൽ റിസോർട്ട് നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ പരാതി ഉയർന്നിരുന്നു. 2013ൽ കെട്ടിടം പൊളിച്ചുനീക്കി സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റിസോർട്ട് നടത്തിപ്പുകാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ച് 2020ൽ വിധിയുണ്ടായി. കോവിഡിനെത്തുടർന്നാണ് വിധി നടപ്പാക്കാൻ കാലതാമസമുണ്ടായത്. 350 കോടിയാണ് റിസോർട്ടിൽ മുത്തൂറ്റ് ഗ്രൂപ്പും സഹ പങ്കാളികളും മുടക്കിയത്. പാണാവള്ളി ഗ്രാമപ്പഞ്ചായത്തിലെ നെടിയതുരുത്തിൽ നിയമം ലംഘിച്ചാണിതു നിർമ്മിച്ചത്. സർക്കാരിന്റെ മൂന്നു ഹെക്ടറോളം സ്ഥലമാണു കൈയേറിയത്. ഇതും തീരപരിപാലനനിയമം ലംഘിച്ചതും വിലയിരുത്തിയാണു കാപികോ പൊളിച്ചുമാറ്റണമെന്നു സുപ്രീംകോടതി ഉത്തരവായത്.

റിസോർട്ട് പണിതപ്പോൾ വേമ്പനാട്ടുകായലിൽ ഉപജീവനം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികളുടെ 13 ഊന്നിവലകൾ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരേ ഇവർ കോടതിയെ സമീപിച്ചു. 13 ഊന്നിവലകൾക്കായി 1,30,000 രൂപയാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പാണാവള്ളി മലയാറ്റുനികർത്തിൽ എ.കെ. സൈലൻ ചേർത്തല മുനിസിഫ് കോടതിയിൽ നൽകിയ കേസ് തള്ളി. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്റെ മകൻ എ.ആർ. രതീഷ്, ജനസമ്പർക്കസമിതി പ്രസിഡന്റ് സി.പി. പത്മനാഭൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് പവനൻ, മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് തുടങ്ങിയവർ ചേർന്നാണു നിയമപ്പോരാട്ടം തുടർന്നത്.

സുപ്രീംകോടതിയിലും മത്സ്യത്തൊഴിലാളികളുടെ വാദമാണ് അംഗീകരിക്കപ്പെട്ടത്. മുഖ്യധാരാ പാർട്ടികളൊന്നും നിർമ്മാണത്തിനെതിരേ വന്നില്ല. നിർത്തിവെപ്പിക്കാൻ ആർ.ഡി.ഒ. ശ്രമിച്ചപ്പോൾ പണി നഷ്ടപ്പെടുമെന്നാരോപിച്ച് പ്രമുഖ തൊഴിലാളി യൂണിയനുകൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.