ബെംഗളൂരു: ഭക്ഷണത്തിനു മുതൽ ചികിത്സയ്ക്കു വരെ കർണാടകയെ പലപ്പോഴും ആശ്രയിക്കുന്ന കാസർകോട് മുതൽ മലപ്പുറം വരെ അഞ്ചു ജില്ലകളിലുള്ള ജനങ്ങൾക്ക് സംസ്ഥാനത്തെ ജനവിധി ഇത്തവണ നിർണായകമാകുമെന്ന് വിലയിരുത്തൽ. പ്രത്യേകിച്ച് കർണാടകയിലേക്കു പോകുന്ന മലയാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ഗതാഗതം സുഗമമാക്കാൻ അധികാരത്തിൽ എത്തുന്നത് ബിജെപിയോ കോൺഗ്രസോ എന്നത് നിർണായകമാകും.

കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള പല റോഡുകളും വന്യജീവി സങ്കേതങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇവയിൽ പലതിലും രാത്രിയിൽ സഞ്ചാര നിരോധനമുണ്ട്. ദേശീയ പാത 766 ൽ മുത്തങ്ങ കഴിഞ്ഞാൽ ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ രാത്രി 9 മുതൽ രാവിലെ 6 വരെ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. 2012ൽ ചാമരാജ് നഗർ ജില്ലാ കലക്ടറുടെ ഉത്തരവിനെത്തുടർന്നാണ് രാത്രിയാത്ര നിരോധിച്ചത്. 

പിന്നീട് കേസ് സുപ്രീം കോടതി വരെ എത്തിയെങ്കിലും നിരോധനം നീക്കാൻ സാധിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കർണാടകയിലും കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തു പോലും ഈ നിരോധനം നീക്കിയില്ല. കർണാടക സർക്കാർ നിയമ നിർമ്മാണം നടത്തിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ. കർണാടകയിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും അധികാരത്തിൽ എത്തിയതോടെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കാര്യമായ ചർച്ചകളൊന്നുമുണ്ടായില്ല. ഇതിനിടെ ദേശീയ പാത 766 പൂർണമായും അടയ്ക്കാൻ പോകുന്നുവെന്നും വാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ കർണാടകയിൽ തെരഞ്ഞെടുപ്പ് അടുക്കുന്നതിന് തൊട്ടുമുമ്പ് കാര്യങ്ങൾ മാറിമറിഞ്ഞു. ബെംഗളൂരു -മൈസൂരു പത്തുവരിപ്പാത ഉദ്ഘാടനം ചെയ്തത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ്. ബെംഗളൂരുവിനെ ആശ്രയിക്കുന്ന മലയാളികൾക്കാണ് ഈ പാത ഏറ്റവും അധികം ഉപകരിക്കുന്നത്. ഉദ്ഘാടനത്തിനു പിന്നാലെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, പത്തുവരിപ്പാത വയനാട്ടിലേക്കു നീട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇടപെട്ടാൽ രാത്രിയാത്രാ നിരോധനം നീക്കുകയും പത്തുവരിപ്പാത വയനാട്ടിലേക്ക് ദീർഘിപ്പിക്കുകയും ചെയ്തേക്കാം. ഗഡ്കരിയുടെ പ്രഖ്യാപനം മലബാറിലുള്ളവർക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. കർണാടകയിൽനിന്ന് മുത്തങ്ങ വഴി എത്തുന്ന വാഹനങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

ആഴ്ചയവസാനങ്ങളിൽ ബെംഗളൂരുവിൽനിന്നു വയനാട്, കോഴിക്കോട് ജില്ലകളിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തുന്നവരും പെരുകുകയാണ്. രാത്രി യാത്രാ നിരോധനം നീക്കുകയും ദേശീയ പാത വികസിപ്പിക്കുകയും ചെയ്താൽ കർണാടകയേക്കാൾ നേട്ടം കേരളത്തിനാണ്. അതുകൊണ്ട് തന്നെ കർണാടക തിരഞ്ഞെടുപ്പ് ഫലം ഇത്തവണ മലയാളികൾക്കും നിർണായകമാണ്.

അതേ സമയം വയനാട് എംപിയായ ശേഷം രാഹുൽ ഗാന്ധിയും നിരന്തരം ഉന്നയിക്കുന്ന കാര്യമാണ് രാത്രിയാത്രാ നിരോധനം നീക്കണമെന്നത്. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ശേഷം വയനാട്ടിൽ നടത്തിയ പൊതുസമ്മേളനത്തിലും രാത്രിയാത്രാ നിരോധനം നീക്കണമെന്ന ആവശ്യം രാഹുൽ ഉന്നയിച്ചു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ നിരോധനം നീക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നവരും നിരവധിയാണ്.

ഇഞ്ചിക്കൃഷിയും പച്ചക്കറിക്കച്ചവടവും മുതൽ ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയുള്ള ബിസിനസ് സ്ഥാപനങ്ങൾ വരെ നടത്തുന്ന മലയാളികൾ കർണാടകയിലുണ്ട്. ബെംഗളൂരുവിലെയും മൈസൂരുവിലെയും തെരുവുകളിലൂടെ നടന്നാൽ മലയാളം സംസാരിക്കുന്നവരെ ഇഷ്ടം പോലെ കാണാം. കർണാടകയുമായി നേരിട്ടു ബന്ധം പുലർത്തുന്ന മലബാറിലെ ജനങ്ങൾ കർണാടകയിലെ ജനവിധിയെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നിലവിലെ ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപിച്ച് വൻ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. അതിനെല്ലാം ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് നേതാക്കളിൽ മലയാളികളുമുണ്ട്.

കേന്ദ്രസർക്കാർ എല്ലാ അനുമതിയും നൽകി ഡിപിആർ തയാറാക്കുന്നതിന് തുക വരെ മാറ്റിവച്ച റെയിൽവെ പദ്ധതിയായ നിലമ്പൂർ- വയനാട്- നഞ്ചൻകോട് പാതയ്ക്ക് ജീവൻ വയ്ക്കുന്നതിനും കർണാടകയിൽ ആര് അധികാരത്തിലെത്തുന്നു എന്നത് നിർണായകമാകും. കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് ഈ പദ്ധതി അട്ടിമറിക്കപ്പെട്ടത്.

വന്യജീവി സങ്കേതത്തിൽ കൂടി കടന്നു പോകുന്ന പാതയായതിനാൽ കർണാടക സർക്കാർ അനുമതി നൽകുന്നില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം പാതയുടെ സർവെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണുണ്ടായത്.

നൂറു വർഷം മുൻപു തന്നെ ബ്രിട്ടിഷുകാർ വിഭാവനം ചെയ്ത പാതയാണ് നിലമ്പൂർ -നഞ്ചൻകോട്. കർണാടകയിലെ നഞ്ചൻകോടും കേരളത്തിൽ നിലമ്പൂരും എത്തി പാത അവസാനിക്കുകയാണ്. പാത കൂട്ടിമുട്ടിച്ച് പൂർത്തിയാക്കുന്നതിന് മുൻപുതന്നെ ബ്രിട്ടിഷുകാർക്ക് ഇന്ത്യ വിടേണ്ടി വന്നു. പിന്നീടും പല പഠനങ്ങളും നടന്നെങ്കിലും ഒന്നു ലക്ഷ്യത്തിലെത്തിയില്ല.

തുടർന്ന് ഇ.ശ്രീധരന്റെ നേതൃത്വത്തിൽ പഠനം നടത്തി. ഈ പാത പ്രാവർത്തികമാക്കിയാൽ ബെംഗളൂരു-കൊച്ചി യാത്ര സമയം പകുതിയായി കുറയ്ക്കാൻ സാധിക്കുമെന്നും കണ്ടെത്തി. ചരക്ക് നീക്കത്തിനും വളരെ എളുപ്പമാണ്. റെയിൽപാത വന്നാൽ ഏറ്റവും ഉപകാരപ്പെടുന്നതും ബെംഗളൂരു മലയാളികൾക്കാണ്.

കർണാടകയിൽ വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപിക്ക് കേരളത്തിനുവേണ്ടി എളുപ്പം നടപ്പാക്കാൻ സാധിക്കുന്ന രണ്ടു പദ്ധതികൾ കർണാടക- കേരള ദേശീയ പാതാ വികസനും റെയിൽപാത നിർമ്മാണവുമാണ്. എന്നാൽ കേരള സർക്കാരുമായി ഉടക്കി നിൽക്കുന്ന ബിജെപി ഇതിനു തയാറാകുമൊ എന്നതാണ് പ്രധാന ചോദ്യം.

രാഹുലിന് വയനാട്ടിലുള്ള സ്വാധീനം ഇല്ലാതാക്കുന്നതിനും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സ്ഥാപിക്കുന്നതിനും കർണാടകയിലെ വികസനം കേരളത്തിലേക്ക് ദീർഘിപ്പിക്കുമെന്നും ബിജെപി അനുഭാവികൾ പറയുന്നു. രാഹുൽ ഗാന്ധിയെ തോൽപിച്ച സ്മൃതി ഇറാനിയെത്തന്നെ ഇറക്കി വയനാട്ടിൽ ബിജെപി പല പരിപാടികളും നടത്തിയത് പാർട്ടിക്കു കൂടുതൽ വേരോട്ടം ഉണ്ടാക്കുന്നതിനാണ്. അപ്രതീക്ഷിതമായി വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ചതുപോലെ വികസന കാര്യങ്ങളിൽ ബിജെപിക്ക് കാലതാമസമില്ലാതെ തീരുമാനം എടുക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു.

കോൺഗ്രസ് അധികാരത്തിൽ എത്തുന്നതാണു നല്ലതെന്ന് വാദിക്കുന്നവരുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ഉയർത്തിക്കാണിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലവിലെ മണ്ഡലം വയനാടാണ്. ദേശീയ പാതയും റെയിൽപാതയും കടന്നു പോകുന്നതും വയനാട്ടിലൂടെയാണ്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധിയുടെ സ്വാധീനം ഉപയോഗിച്ച് പാതകൾക്കാവശ്യമായ അനുമതി കർണാടകയിൽനിന്ന് എളുപ്പം നേടിയെടുക്കാൻ സാധിക്കുമെന്നാണ് ഇവരുടെ വാദം. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും വിരുദ്ധ മുന്നണിയിലാണെങ്കിലും ദേശീയ തലത്തിൽ പലകാര്യങ്ങളിലും ഒരുമിച്ചു പോകുന്നവരാണ്. അതുകൊണ്ട് തന്നെ കേരള കർണാടക ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസ് തന്നെയാണ് നല്ലതെന്നും ഈ വിഭാഗം പറയുന്നു.