ന്യൂഡൽഹി: കേരളത്തിലേക്ക് പോകണമെന്ന അബ്ദുൾ നാസർ മദനിയുടെ ആവശ്യത്തെ എതിർത്ത് കർണാടക സർക്കാർ. ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ജാമ്യ വ്യവ്യസ്ഥയിൽ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് കർണാടക ഭീകരവിരുദ്ധ സെൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദാനിയെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കി.

കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമീത് ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തത്. ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചാൽ മദനി ഒളിവിൽ പോകാൻ സാധ്യതയുണ്ട്. കേസിൽ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികൾ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂർത്തിയായെങ്കിൽ കേസിലെ പ്രതിയായ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. മദനിയുടെ ആവശ്യം വ്യാഴാഴ്‌ച്ച സുപ്രീം കോടതി പരിഗണിക്കും. നേരത്തെ വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ മദനി ബംഗ്ലൂരുവിൽ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. നാളിതുവരെ മദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു.

കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മദനിയുടെ ഹർജിയിലെ പ്രധാനആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ് . പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബംഗളൂരുവിലുള്ള മദനി ആയുർവേദ ചികിത്സ അടക്കം നടത്തുന്നതിനായി നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇനി വിചാരണയാണ് നടക്കാനുള്ളതെന്നും അതിനാൽ തന്നെ തന്റെ സാന്നിധ്യം കർണാടകയിൽ വേണ്ടെന്നും കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ഓർമ്മക്കുറവും ശാരീരിക അവശതകളും നേരിടുന്നുണ്ടെന്നും, അതിനാൽ നാട്ടിൽ ചികിത്സ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് മദനി ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ പൂർത്തിയാകുന്നതു വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി പിൻവലിച്ചാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്. കുറച്ചു നാൾ മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മദനിയെ ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ എംആർഐ സ്‌കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങി പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ സർജറി വേണമെന്നും നിർദ്ദേശിച്ചിരുന്നു.

എന്നാൽ, വൃക്കയുടെ പ്രവർത്തനക്ഷമത വളരെ കുറഞ്ഞ സാഹചര്യത്തിൽ ശസ്ത്രക്രിയക്ക് വിധേയമാവുന്നത് അതീവ സങ്കീർണമായിരിക്കുമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്.