- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുക 20 അംഗ മന്ത്രിസഭ; വൊക്കലിംഗ, ലിംഗായത് വിഭാഗങ്ങളിൽ നിന്ന് നാല് മന്ത്രിമാർ വീതം; ദലിത് വിഭാഗത്തിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകുമെന്നും സൂചന; പിണറായി ഒഴികെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം; ബെംഗളുരു പ്രതിപക്ഷ സംഗമ വേദിയാക്കാൻ ഒരുങ്ങി കോൺഗ്രസ്
ബംഗളൂരു: കർണാടകയിൽ ശനിയാഴ്ച മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 19 മന്ത്രിമാർ അധികാരമേൽക്കും. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളിൽ നിന്ന് നാലു മന്ത്രിമാർ വീതവും മുസ്ലിം സമുദായത്തിൽ നിന്ന് മൂന്നു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ദലിത് വിഭാഗത്തിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ബെംഗളൂരുവിൽ സത്യപ്രതിജ്ഞ നടക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി കോൺഗ്രസ് പ്രതിനിധിയായി എംഎൽഎ ജി.പരമേശ്വര രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ ഗവർണറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഫോണിലൂടെ ഗവർണർക്ക് പിറന്നാൾ ആശംസകൾ നേർന്ന സിദ്ധരാമയ്യ സത്യപ്രതിജ്ഞയുടെ കാര്യങ്ങളും സംസാരിച്ചിരുന്നു.
കോൺഗ്രസിന്റെ നിയമസഭ കക്ഷി യോഗം ബംഗളൂരുവിൽ ചേരുന്നുണ്ട്. നിയമസഭാ കക്ഷി യോഗ ശേഷം നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജ്ഭവനിലേക്ക് പോയി സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി അവകാശ വാദം ഉന്നയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാർ ഡൽഹിയിൽ നിന്നും ബെംഗളൂരുവിലെത്തി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.
കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല.
മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
ഡികെ ശിവകുമാർ മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു. ബംഗലൂരുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും വേണുഗോപാൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ