- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക സർക്കാരിനെ നാണക്കേടിലാക്കി പരസ്യമായി വിഴുപ്പലക്കൽ; വർഷങ്ങളായുള്ള പോര് കൈവിട്ടത് ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ടതോടെ; രോഹിണി സിന്ദൂരിക്കും ഡി രൂപയ്ക്കും സ്ഥലംമാറ്റം; പുതിയ ചുമതലകൾ നൽകാതെ സർക്കാരിന്റെ കർശന നടപടി
ബെംഗളൂരു: വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരസ്യമായ കലഹം അതിരുവിട്ടതോടെ, കർശന നടപടി എടുത്ത് കർണാടക സർക്കാർ. ഐ പി എസ് ഉദ്യോഗസ്ഥയായ ഡി രൂപ മോഡ്ഗിലും, ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയും തമ്മിലാണ് ശണ്ഠ കൂടിയത്. ഇരുവരും പരസ്പരം പഴി ചാരുകയും, ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പരാതിപ്പെടുകയും ചെയ്തിരുന്നു. സർക്കാരിനാകെ നാണക്കേട് വരുത്തിയ വിഴുപ്പലക്കലിൽ സഹികെട്ട് ഇരുവരെയും സ്ഥലം മാറ്റി. പുതിയ ചുമതലകൾ നൽകാതെയാണ് സ്ഥലംമാറ്റം. രോഹിണി സിന്ദൂരി ദേവസ്വം കമ്മിഷണറും ഡി. രൂപ കർണാടക കരകൗശല വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുമായിരുന്നു. ഡി രൂപയുടെ ഭർത്താവ് മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിച്ചു. ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നൽകിയിരുന്നു. ഇരുവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഐപിഎസ്- ഐഎഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് പുതിയ തലത്തിലേക്ക് നീങ്ങിയിരുന്നു. അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ഐ എ എസ് വനിതാ ഓഫീസറുടെ സ്വകാര്യ ചിത്രങ്ങൾ ഐ പി എസ് ഉദ്യോഗസ്ഥ പുറത്തുവിട്ടതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. കർണാടക കരകൗശല വികസന കോർപ്പറേഷൻ എംഡിയും ഐ പി എസ് ഉദ്യോഗസ്ഥയുമായ ഡി രൂപ മോഡ്ഗിലാണ് ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെയും കമ്മീഷണറും ഐ എ എസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
ഇതോടെ വിവാദത്തിൽ പ്രതികരണവുമായി ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി രംഗത്ത് വന്നു. മാനസിക പ്രശ്നം ഗുരുതരമായ ഒന്നാണെന്നും ഇത് ചികിത്സയിലൂടെയും കൗൺസലിഗിലൂടെയും പരിഹരിക്കേണ്ടതുണ്ടെന്നുമാണ് രോഹിണി പ്രതികരിച്ചത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരെ ബാധിക്കുമ്പോൾ, അത് കൂടുതൽ അപകടകരമാകും. രൂപ തനിക്കെതിരെ തെറ്റായ, വ്യക്തിപരമായ, അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുകയാണ്. ഇത് അവർ സാധാരണയായി ചെയ്യുന്ന കാര്യമാണ്. അവർ ജോലി ചെയ്ത എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ഐ എ എസ് ഉദ്യോഗസ്ഥ ആരോപിച്ചു.
നേരത്തെ മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോൾ തീർത്തും വ്യക്തിപരമായ കാര്യങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വർഷങ്ങളായി തുടരുന്ന ഉദ്യോഗസ്ഥ ഈഗോ ക്ലാഷാണ് സംസ്ഥാനത്തിന് തന്നെ നാണക്കേടാകുന്ന തലത്തിലേക്ക് എത്തിയത്.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ..2021-ൽ രോഹിണി മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് അഴിമതിയെ ചൊല്ലി എംഎൽഎ.സാരാമഹേഷുമായി പലതവണ വാക്കേറ്റമുണ്ടായിരുന്നു.കനാൽ കയ്യേറി എംഎൽഎ. കൺവെൻഷൻ സെന്റർ നിർമ്മിച്ചെന്ന് കാണിച്ച് രോഹിണി എംഎൽഎ.ക്കെതിരേ റിപ്പോർട്ടും നൽകി.ഇതിനെതിരേ എംഎൽഎ. രോഹിണിക്കെതിരേ അപകീർത്തി കേസും ഫയൽചെയ്തിരുന്നു.പിന്നാലെ കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ട് ചർച്ച നടത്തിയെന്ന ആരോപണം ശക്തമായി.
ഇതിനിടെയാണ് എംഎൽഎയുമായി സാരാ മഹേഷുമായി രോഹിണി റസ്റ്റോറന്റിൽ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ചിത്രം വന്നതോടെ രോഹിണിയും എംഎൽഎ.യും തമ്മിൽ അനുരഞ്ജനത്തിലെത്തിയോയെന്നും രാഷ്ട്രീയക്കാരനുമായി ഉദ്യോഗസ്ഥ കൂടിക്കാഴ്ച നടത്തുന്നതിലെ അനൗചിത്യവുമാണ് രൂപ ചൂണ്ടിക്കാട്ടിയത്. ഇതുസംബന്ധിച്ച ഒരു യുട്യൂബ് ലിങ്ക് ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് രൂപ രോഹിണിക്കെതിരെ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയത്.ഇതിൽ രോഹിണി മൈസൂരു കളക്ടറായിരിക്കെ അഴിമതി നടത്തിയെന്നും കൃത്യവിലോപം നടത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. ഐ എ എസ് ഓഫീസർ ഡി കെ രവിയുടെ ആത്മഹത്യയിൽ രോഹിണിക്ക് പങ്കുണ്ടെന്നും രൂപ ആരോപിക്കുന്നു.
കൊണ്ടും കൊടുത്തും പോര് മുറുകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രോഹിണി സിന്ദൂരിയുടെ ചില സ്വകാര്യ ചിത്രങ്ങൾ ഡി.രൂപ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഈ ചിത്രങ്ങൾ മൂന്ന് പുരുഷ ഐ എ എസ് ഓഫീസർമാർക്ക് 2021- 22 കാലയളവിൽ രോഹിണി തന്നെ പങ്കുവച്ചതാണെന്നാണ് രൂപ ആരോപിക്കുന്നത്.ഇന്ത്യൻ സർവീസ് ചട്ടം പ്രകാരം ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നും രൂപ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ രോഹണിക്കെതിരെ അന്വേഷണം വേണമെന്നും രൂപ ആവശ്യപ്പെടുന്നു.
അതേസമയം, രൂപയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ് അവർ പെരുമാറുന്നതെന്നും രോഹിണി സിന്ദൂരി പ്രതികരിച്ചു. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്നും വാട്‌സാപ്പ് സ്റ്റാറ്റസുകളിൽനിന്നും സ്‌ക്രീൻഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥർക്ക് അയച്ചുനൽകിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കിൽ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെടുകയാണെന്നും രൂപയ്‌ക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ