തിരുവനന്തപുരം: കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരുടെ സസ്‌പെൻഷനിൽ പ്രതിഷേധിക്കുന്നതായി ഐപിഎസ് അസോസിയേഷൻ പ്രമേയം. ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തം നിർവഹിക്കുകയായിരുന്നു. ഒട്ടും നീതീകരിക്കാൻ കഴിയാത്തതാണ് നടപടി. ഉടനടി ഇതു പിൻവലിക്കണം. തെറ്റായി ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരോടു സംഘടന ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു അസോസിയേഷൻ സെക്രട്ടറി ഐജി ഹർഷിത അടലൂരി ഒപ്പിട്ട പ്രമേയത്തിൽ പറയുന്നു. സാധാരണ ഐപിഎസുകാരുടെ വിഷയങ്ങളിൽ മാത്രമേ ഐപിഎസ് അസോസിയേഷൻ നിലപാട് വിശദീകരിക്കാറുള്ളൂ. ഇതാണ് മാറുന്നത്.

കരുനാഗപ്പള്ളിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാർ, സബ് ഇൻസെപ്കറ്റർമാരായ അലോഷ്യസ് അലക്‌സാണ്ടർ, ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫീസർ അനൂപ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതിനു ശേഷമാണ് പ്രതിഷേധം. അഡ്വ ജയകുമാറിനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് കൊല്ലം ബാർ അസോസിയേഷൻ ഒരാഴ്ച സമരം ചെയ്തത്. നിയമ മന്ത്രി പി രാജീവുമായുള്ള കൂടിക്കാഴ്‌ച്ചയിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകിയതായി അഭിഭാഷകർ അവകാശപ്പെട്ടിരുന്നു. അതിന് ശേഷം അഡ്വക്കേറ്റ് ജനറൽ അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെയാണ് സസ്‌പെൻഷൻ നടപടി വന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ ഡിപിയായി കരിങ്കൊടി ചിത്രമാണ് ഉയരുന്നത്. 'നീതികേടിന് ഇരയാകുമ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം' എന്ന കുറിപ്പും. സാദാ പൊലീസ് ഉദ്യോഗസ്ഥർക്കു വേണ്ടി ഐപിഎസ് സംഘടന രംഗത്ത് എത്തുന്നതും ഇതാദ്യം.

കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണമാണ് 4 ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിൽ കലാശിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് ആദ്യം അന്വേഷണം നടത്തിയ ദക്ഷിണ മേഖല ഡിഐജി ആർ.നിശാന്തിനി, പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. സസ്‌പെൻഷൻ നടപടി പൊലീസ് സേനയുടെ മനോവീര്യം തകർത്തതായി ഐപിഎസ് അസോസിയേഷൻ ഡിജിപിക്കു നൽകിയ കത്തിലും ചൂണ്ടിക്കാട്ടി.

പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷക സംഘടന ആദ്യമേ രംഗത്തെത്തിയിരുന്നു. തുടർന്ന് 4 പൊലീസ് ഉദ്യോഗസ്ഥരെ കമ്മിഷണർ ഓഫിസിലേക്ക് മാറ്റി ഉത്തരവിട്ടു. എന്നാൽ ഇതിൽ തൃപ്തരല്ലാത്ത അഭിഭാഷക സംഘടന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി , മന്ത്രി പി.രാജീവ് എന്നിവരെ നേരിൽ കണ്ടു സസ്‌പെൻഷൻ ആവശ്യം ആവർത്തിച്ചു. തുടർന്നു ഡിജിപി അനിൽ കാന്തിന് സർക്കാർ നിർദ്ദേശം കൈമാറി. എന്നാൽ ചെയ്യാത്ത കുറ്റത്തിനു പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. തുടർന്നാണു ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

കള്ളപ്പരാതിയിൽ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നുള്ള നടപടി അംഗീകരിക്കാൻ ആകില്ലെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ നിലപാട്. അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് അക്രമിക്കുകയും വാക്കിടോക്കിക്ക് കേടുപാടുണ്ടാക്കുയും ചെയ്തിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും സംഘർഷത്തിൽ പരിക്കേറ്റു. പള്ളിത്തോട്ടം സ്റ്റേഷനിലെ എഎസ്‌ഐ മനോരഥൻ പിള്ളയ്ക്കാണ് മർദനമേറ്റത്. സംഭവത്തിൽ എഡിജിപി നിശാന്തിനിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.