ന്യൂഡൽഹി: നിരോധിത സംഘടനയായ കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. സംസ്ഥാന അന്വേഷണ ഏജൻസി (എസ്ഐടി)യുടേതാണ നടപടി. സംഘടനയ്ക്കെതിരെ കശ്മീർ ഭരണകൂടം തുടരുന്ന നടപടികളുടെ ഭാഗാമാണ് കണ്ടുകെട്ടൽ. ഗന്ദർബാൽ, ബന്ദിപ്പോര, കുപ്വാര, ബാരാമുള്ള ജില്ലകളിലെ കെട്ടിടങ്ങളടമുള്ളവയാണ് അതാത് ജില്ലാ മജിസ്ട്രറ്റുമാരുടെ ഉത്തരവിന്മേൽ കണ്ടുകെട്ടിയത്.

കുപ്വാരയിലെ സംഘടനയുടെ ഓഫീസും പൂട്ടിസീൽവച്ചു. അതേസമയം കുപ്വാര, കംഗൻ നഗരങ്ങളിൽ സംഘടനയുടെ രണ്ടുഡസൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതായും കണ്ടെത്തി. വാടകയ്ക്ക് വാങ്ങിയവർക്ക് സംഘടനയുമായി ബന്ധമില്ലാത്തതിനാലും ജീവനോപാധി ആയതിനാലും ഇവ സീൽ ചെയ്തിട്ടില്ലന്ന് ഏജൻസി വക്താവ് പറഞ്ഞു. ഭീകര പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്നത് തടയാനാണ് നടപടി.

കശ്മീരിലാകെ 188 ആസ്തിയാണ് കണ്ടുകെട്ടുകയോ നടപടികൾ നേരിടുകയോ ചെയ്യുന്നത്. ദോഡ ജില്ലയിലെ ഖാൻപുര ഗ്രാമത്തിലെ ലഷ്‌കർ കമാൻഡർ ജഹാംഗീറിന്റെ സ്വത്തുക്കളും ശനിയാഴ്ച കണ്ടുകെട്ടി. പാക്കിസ്ഥാനിൽ ഒളിവിലാണ് അബ്ദുൾ റഷീദ് എന്ന ജഹാംഗീർ. നവംബർ അവസാനവും സംഘടനയുടെ 90 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.

നേരത്തെ കാശ്മീരിൽ അശാന്തി വളർത്തുന്ന സംഘടനയെന്ന ആരോപണമാണ് കശ്മീർ ജമാഅത്തെ ഇസ്‌ലാമി നേരിട്ടത്. ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം മേഖലയിലെ ഭീകരവാദ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ ഒരു പ്രധാന ഘടകമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കശ്മീരിലെ ജനങ്ങൾ പിന്തുടരുന്ന സൂഫി മൂല്യങ്ങൾക്ക് വിരുദ്ധമാണ് ജമാഅത്തെ ഇസ്ലാമിയുടെ തത്വങ്ങൾ. ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ രീതികൾ പിന്തുടരുകയും ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് ഇവർക്ക് നടപടി നേരിടേണ്ടി വന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ മുൻനിര അംഗങ്ങൾ തുർക്കി ആസ്ഥാനമായുള്ള മുസ്ലിം ബ്രദർഹുഡിന്റെ പ്രമുഖ അംഗങ്ങളുമായി പതിവായി ഇടപഴകുന്നുണ്ട്. കൂടാതെ ജനങ്ങളുടെയും സർക്കാരിന്റെയും ദൈനംദിന പ്രവർത്തനങ്ങളിലുള്ള പങ്ക് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ മുസ്ലിം ബ്രദർഹുഡിന്റെ ഉപദേശവും മാർഗനിർദ്ദേശവും തേടുന്നുമുണ്ടായിരുന്നു.

മുസ്ലിം ബ്രദർഹുഡിൽ നിന്നുള്ള പിന്തുണയെ അടിസ്ഥാനമാക്കിയാണ് ജമാഅത്തെ ഇസ്ലാമി അതിന്റെ ഇസ്ലാമിക വിജ്ഞാനത്തിന്റെ സമ്പാദ്യം കെട്ടിപ്പടുക്കുന്നത്. മുസ്ലിം ബ്രദർഹുഡിന്റെ പുസ്തകങ്ങൾ കശ്മീരി ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആണ്. മാത്രമല്ല, കശ്മീർ താഴ്‌വരയിലെ ഒരു നിശ്ചിത ജനവിഭാഗത്തിലേക്ക് ഈ പുസ്തകങ്ങൾ പതിവായി ജമാഅത്തെ ഇസ്ലാമി വിതരണം ചെയ്തിരുന്നു.

മുൻകാലങ്ങളിൽ, കശ്മീരിലെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരിലൂടെ സ്വതന്ത്ര കശ്മീരിനെ അനുകൂലിക്കുന്ന വിവരണങ്ങൾ മുസ്ലിം ബ്രദർഹുഡ് ആസൂത്രിതമായി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന് ഇന്ത്യയിൽ, പ്രത്യേകിച്ച് കശ്മീരിലും ഇന്ത്യയിലെ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഗൗരവമായ താൽപ്പര്യം മുൻകാലങ്ങളിലെ പ്രവർത്തനങ്ങൾക്കൊണ്ട് തന്നെ പ്രകടമാണ്.