തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ ആദ്യ അറസ്റ്റ് നടക്കുമ്പോൾ ചർച്ചയാകുന്നത് പൊലീസിന്റെ ഒളിച്ചു കളി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷാണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവൈഎസ്‌പിയുടെ ഷാഡോ സംഘം തിരുമലയിൽ നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ വിഷയത്തിൽ ഹൈക്കോടതി ചില ഇടപെടലുകൾ നേരത്തെ നടത്തിയിരുന്നു. അതുകാരണമാണ് എസി എസ് ടി വകുപ്പു പോലും ചുമത്തിയത്. ജില്ലാ കോടതി തള്ളിയ മുൻകൂർ ജാമ്യ ഹർജിക്ക് വേണ്ടിയുള്ള അപ്പീൽ ഹൈക്കോടതിയിൽ എത്തിയാൽ പ്രതികളെ പിടിക്കാത്തതിന് പൊലീസിനും വിമർശനം നേരിടേണ്ടി വരുമായിരുന്നു. ഇതുകൊണ്ടാണ് അറസ്റ്റ്.

പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനും മകൾ രേഷ്മയ്ക്കുമാണ് മർദനമേറ്റത്. മുൻകൂർ ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് തൊട്ടുപിന്നാലെയുള്ള അറസ്റ്റ്. കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സി.പി.മിലൻ എന്നിവരാണ് മറ്റു പ്രതികൾ. ഇവർ വിവിധ യൂണിയനുകളിൽ അംഗങ്ങളും നേതാക്കളുമാണ്. ഇവരെ അറസ്റ്റു ചെയ്യില്ലെന്നും സൂചനയുണ്ട്. സുരേഷിന് കോടതി ജാമ്യം അനുവദിച്ച ശേഷമേ ഇവരെ പൊലീസ് പിടിക്കൂ. അങ്ങനെ വന്നാൽ അവർക്ക് അറസ്റ്റിലായാലും അതിവേഗ ജാമ്യം കിട്ടും.

ഈ മാസം 20ന് നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തു വരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. രേഖകൾ നേരത്തെ ഹാജരാക്കിയിരുന്നതിനാൽ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് അധികൃതർ വ്യാഴാഴ്ച വീട്ടിലെത്തിച്ചു. സുരേഷിനെ തിരുമലയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അതായത് വീട്ടിലുണ്ടായിരുന്ന പ്രതിയെയാണ് കാണാനില്ലെന്ന് പൊലീസ് പറഞ്ഞുകൊണ്ട് നടന്നത്. മറ്റുള്ള പ്രതികളെ യൂണിയൻ നേതാക്കളുടെ സംരക്ഷണയിലാണ്. രാത്രി 10 മണിയോടെ ഇയാളെ കാട്ടാക്കടയിൽ എത്തിച്ചു. ഇതിനൊപ്പം മറ്റ് പ്രതികളായ മുഹമ്മദ് ഷെരീഫ്, എൻ. അനിൽകുമാർ, സി.പി. മിലൻ ഡോറിച്ച്, അജികുമാർ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയും പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി നിരസിച്ച ദിവസവുമാണ് ഒരാളെയെങ്കിലും പിടികൂടാൻ പൊലീസിന് കഴിഞ്ഞത്. മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം അഡീഷണൽ സെക്ഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയുള്ള ആരോപണങ്ങൾ നിസാരമായി കാണാനാകില്ലെന്നു കേസ് ഡയറി പരിശോധിച്ചതിൽനിന്നും വ്യക്തമായതായി കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. അന്വേഷണം തുടരാൻ പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് ജാമ്യം നിഷേധിക്കുകയാണെന്നും കോടതി പറഞ്ഞു.

മകളുടെ മുന്നിൽവച്ച് പിതാവിനെ ദേഹോപദ്രവം ഏൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ പറഞ്ഞു.മർദിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്താൻ പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പരാതിക്കാരനായ പ്രേമനൻ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തെറ്റായ പരാതികൾ നൽകുന്നയാളാണെന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ചൂണ്ടിക്കാട്ടി. പ്രേമനനെതിരെ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്.

മുൻകൂട്ടി ആസൂത്രണം ചെയ്തു ക്യാമറയുമായാണ് മറ്റൊരാളോടൊപ്പം പ്രേമനൻ സ്റ്റാൻഡിലേക്കു വന്നത്. കെഎസ്ആർടിസി തൊഴിലാളികൾ മോശക്കാരാണെന്നു ചിത്രീകരിക്കാൻ വിഡിയോ ചിത്രീകരിച്ച് ഉടനെ മാധ്യമങ്ങൾക്കു കൈമാറുകയായിരുന്നെന്നും ജാമ്യാപേക്ഷയിൽ പ്രതികൾ ചൂണ്ടിക്കാട്ടി. എന്നാൽ കോടതി ഈ വാദങ്ങൾ മുഖവിലയ്‌ക്കെടുത്തില്ല. കാട്ടക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ ഇടിമുറി പ്രസിദ്ധമാണ്. അവിടെ ചെറിയ ചോദ്യം ഉയർത്തുന്നവരെ പോലും ഈ മുറിയിൽ എത്തിച്ച് തല്ലിചതയ്ക്കുന്നത് നിത്യ സംഭവമാണ്.