കൊച്ചി: ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ദേവാലയത്തിനു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കെ സി ബി സി. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നിയന്ത്രണാതീതമാവുകയാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി). ഹിന്ദുത്വ വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ തുടർച്ചയായ ആക്രമണങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും അവയെ പ്രതിരോധിക്കാനോ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനോ ഭരണകൂടങ്ങൾ തയാറാകുന്നില്ല.

ഛത്തീസ്‌ഗഢിലെ നാരായൺപുരിൽ കത്തോലിക്ക ദേവാലയം അക്രമികൾ തകർത്ത സംഭവം പ്രതിഷേധാർഹമാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങളോടെ സാധാരണ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടർച്ചയാണ് ഇത്തരം ആക്രമണങ്ങൾ.

നിർബന്ധിത മതപരിവർത്തനം എന്ന ദുരാരോപണം ഉയർത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും മതപരിവർത്തന നിരോധന നിയമങ്ങൾ ദുരുപയോഗിച്ച് നിരപരാധികളെ കേസുകളിൽ അകപ്പെടുത്താനും ശ്രമം നടക്കുന്നു. ഈ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു -വാർത്തക്കുറിപ്പിൽ പറഞ്ഞു.

അതേസമയം, ഛത്തീസ്‌ഗഡിൽ ബിജെപി ജില്ലാ അധ്യക്ഷനടക്കം അഞ്ച് പേർ അറസ്റ്റിലായി. ലധാക്ഷ്യ രൂപ്സയെ, അങ്കിത് നന്ദി, അതുൽ നേതം, ഡോമൻഡ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. നാരായൺപുർ ജില്ലയിൽ പള്ളിക്കുനേരെയുണ്ടായ അക്രമ സംഭവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. നാല് പേരെ കൂടാതെ ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. അറസ്റ്റിലായവരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

നാരായൺപുർ, കൊണ്ടഗോൺ ജില്ലകളിലുൾപ്പെട്ട 19 ആദിവാസി ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. ഇവിടത്തെ ആദിവാസി വിഭാഗങ്ങളിലുള്ളവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതാണ് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ എതിർപ്പിന് കാരണമെന്നാണ് ആരോപണം. ഘർ വാ പ്പസി മുദ്രാവാക്യമുയർത്തിയാണ് ക്രൈസ്തവർക്കുനേരേ അക്രമം നടത്തുന്നത്.

മൂന്നാഴ്ച മുമ്പ് പൊക്കഞ്ചൂർ ഗ്രാമത്തിലെ ക്രിസ്ത്യൻ ദേവാലയത്തിനു നേരേയും ആക്രമണമുണ്ടായി.പള്ളിക്കകത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരേ ആക്ര മണമുണ്ടായി. സെമിത്തേരികളിൽ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിനും അക്രമികൾ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് നാരായൺപുരിൽ സേവനം ചെയ്യുന്ന മിഷനറി വൈദികർ പറഞ്ഞു. അക്രമം ഭയന്ന് ഗ്രാമങ്ങളിൽ നിന്നു പലായനം ചെയ്ത നൂറുകണക്കിനാളുകൾക്ക് ഇനിയും മടങ്ങിയെത്താനായിട്ടില്ല.