തിരുവനന്തപുരം: കടുത്ത സിപിഎം അനുഭാവികളെ പോലും രോഷം ഉണ്ടാക്കുന്ന വിധത്തിലാണ് സംസ്ഥാന സർക്കാറിന്റെ പുതിയ ബജറ്റ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സൈബറിടങ്ങളിൽ ന്യായീകരിക്കാൻ പോലും അണികളെ കിട്ടാത്ത അവസ്ഥയാണുള്ളത്. പെട്രോളിനും മദ്യത്തിനും വില ഉയർത്തിയ തീരുമാനം അടക്കം പലവിധത്തിലുള്ള തിരിച്ചടികളാണ് ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. ജനത്തിന് കനത്ത തിരിച്ചടിയായ ബജറ്റിനെതിരെ രോഷം സൈബറിടത്തിൽ ട്രോൾ രൂപത്തിലും അലയടിക്കുകയാണ്.

വിലക്കയറ്റത്തിനു വഴിവയ്ക്കുന്ന കടുത്ത പ്രഖ്യാപനങ്ങളുമായി ധനമന്ത്രി പറഞ്ഞതിൽ രോഷമാണ് അണപൊട്ടുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ കൂട്ടാതെ വിലക്കയറ്റത്തിനുതകുന്ന തീരുമാനങ്ങളെടുത്തത് പ്രതിപക്ഷം ആയുധമാക്കുന്നു. സാമൂഹ്യക്ഷേമ പദ്ധതികൾ മുടക്കമില്ലാതെ കൊണ്ടുപോകാനാണ് നടപടികളെന്നാണ് ധനമന്ത്രിയുടെ മറുപടി. ഇപ്പോഴിതാ ട്രോളുകളിലും നിറയുകയാണ് ബജറ്റ്. ബജറ്റിനെതിരായ പ്രതിഷേധമാണ് ഫലിത രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. 'കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്' എന്ന് പറഞ്ഞ് ജോക്കർ സിനിമയിലെ രംഗത്തോട് ചേർത്ത് വച്ചാണ് ഒരു ട്രോൾ.

'എങ്ങനെയുണ്ട് ജനകീയ ബജറ്റ്' എന്ന് ചോദിക്കുമ്പോൾ 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന സിനിമയിലെ നായികയുടെ പ്രശസ്തമായ മറുപടിയും ട്രോളായി മാറിയിട്ടുണ്ട്. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും വിലവർധനയാണ് മിക്കവരും ട്രോളിനായി ഉപയോഗപ്പെടുത്തിയത്. ബജറ്റിനെ ന്യായീകരിക്കുന്നവരെ പരിഹസിച്ചും പലരും രംഗത്തെത്തി. 2015ലെ കേന്ദ്ര ബജറ്റിൽ പെട്രോൾ, ഡീസൽ വിലവർധനയെ കുറ്റപ്പെടുത്തി പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റും നെറ്റിസൺസ് കുത്തിപ്പൊക്കിയിട്ടുണ്ട്.

'എല്ലാറ്റിന്റെയും നികുതിയും വർധിപ്പിച്ചു, പെട്രോൾ ഡീസൽ വിലയും കൂടും, നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടും. എന്തായാലും ജനകീയ ബജറ്റ് തന്നെ ഇത്' എന്നിങ്ങനെയാണ് മറ്റൊരു ട്രോൾ. ബജറ്റ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ സ്ഥാപനത്തിലെ എഡിറ്ററും റിപ്പോർട്ടറും തമ്മിലുള്ള സംഭാഷണവും ട്രോളാക്കിയിട്ടുണ്ട്. സാർ, ബജറ്റിൽ വിലകൂടുന്ന സാധനങ്ങളുടെ പേര് ഹെഡ് ലൈനായി കൊടുക്കട്ടെയെന്ന് റിപ്പോർട്ടർ എഡിറ്ററോട് ചോദിക്കുമ്പോൾ, ഇതിപ്പോ എല്ലാത്തിനും വില കൂടുവാണല്ലോടോ, അതിനുമാത്രം സ്ഥലം എവിടെയെന്ന് എഡിറ്റർ തിരിച്ചു ചോദിക്കുന്നു. എങ്കിൽ വിഷമൊഴികെ ബാക്കിയെല്ലാത്തിനും വിലകൂടും എന്ന് ഹെഡിങ് കൊടുക്കട്ടെ' എന്നാണ് റിപ്പോർട്ടറുടെ ചോദ്യം.

മദ്യത്തിനും ഇന്ധനത്തിനും വില കൂടുന്നതിനെ പരിഹസിച്ചുള്ള ട്രോളിൽ ഇങ്ങനെ പറയുന്നു. 'മദ്യപിച്ചു വണ്ടി ഓടിച്ചുള്ള അപകടം കുറയും. മദ്യപിച്ചാൽ പെട്രാൾ അടിക്കാൻ പൈസ ഉണ്ടാവില്ല, പെട്രോൾ അടിച്ചാൽ മദ്യപിക്കാൻ പൈസ ഉണ്ടാവില്ല'. 'പാർട്ടിക്കാർ പൂട്ടിച്ച ഫാക്ടറി കെട്ടിടത്തിന് ഇനി നികുതി കൂടുതൽ കൊടുക്കണം, വല്ല ടാക്‌സിയും ഓടിച്ചു കടം വീട്ടാമെന്നു വച്ചാൽ വാഹന നികുതിയും കൂടി, എങ്ങോട്ടെങ്കിലും പോകാമെന്ന് വച്ചാൽ പെട്രോളിനും ഡീസലിനും വില കൂടി, രണ്ടെണ്ണം അടിച്ചു ബോധം കെട്ടു കിടന്നുറങ്ങാമെന്നു വച്ചാൽ അതിനും വില കൂടി' എന്നിങ്ങനെ സമ്പൂർണ ട്രോളുമുണ്ട്.

പ്രക്ഷോഭത്തിന് കോൺഗ്രസ്, ഇന്ന് കരിദിനം

കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘചിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ സുധാകരൻ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാൻ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ മടിക്കുന്ന സർക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയിൽക്കെട്ടിവെച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

അധിക വിഭവ സമാഹരണത്തിന് ബദൽ ധനാഗമന മാർഗങ്ങൾക്കായി ക്രിയാത്മക നിർദ്ദേശങ്ങൾ കണ്ടെത്താത്ത ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്ന് കെപിസിസി വിലയിരുത്തി.

ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരുലക്ഷം രൂപയുടെ കടത്തിലാണെന്നത് കേരള സർക്കാർ മറക്കരുത്. സർക്കാരിന്റെ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും അഭംഗരും തുടരുന്നതിന് വേണ്ടിയാണ് സാധാരണ ജനങ്ങളെ ബലിയാടാക്കിയത്. ആഡംബര കാറുകളും വിദേശയാത്രകളും അനധികൃത നിയമനങ്ങൾ നടത്താനും മറ്റുമാണ് സാധാരണക്കാരെ പിഴിയുന്നത്. മാർക്‌സിസ്റ്റ് ഭരണത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സർവ്വസാധനങ്ങൾക്കും അഭൂതപൂർവ്വമായ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടൊപ്പമാണ് ഇരുട്ടടിപോലെയുള്ള നികുതി വർധനവ്. ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും ഇടതുമുന്നണിയും വിസ്മരിക്കരുതെന്നും കെപിസിസി ഓർമ്മിപ്പിച്ചു. ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

പ്രവാസി പ്രേമവും വെറും തട്ടിപ്പ്

അതേസമയം ബജറ്റിൽ പൊതുവിൽ പ്രവാസികൾത്ത് തലോടലെന്ന തോന്നുമെങ്കിലും പരിശോധിച്ചാൽ ഇതെല്ലാം വെറും തട്ടിപ്പാണെന്ന് ബോധ്യമാകും. പ്രവാസികളെ തലോടുമ്പോൾ മറുവശത്ത് കണ്ണിൽപൊടിയിടുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായ തുകയാണ് മാറ്റിവെച്ചിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം അടക്കം ഏറ്റവും കൂടുതൽ ബാധിക്കുക പ്രവാസികളെയാണ്.

മലയാളികളുടെ കഴിവും പ്രാപ്തിയും വിദേശത്ത് ചെലവഴിക്കാതെ കേരളത്തിൽ തന്നെ നിലനിർത്താൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ബജറ്റിൽ പരാമർശിക്കുന്നു. അതേസമയം, കേരള സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്ത ബജറ്റാണിതെന്ന് ഗൾഫിലെ സാമൂഹിക സംഘടനകളും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കാൻ നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി നടപ്പാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. ഇതുവഴി ഓരോ പ്രവാസി തൊഴിലാളിക്കും 100 ദിനങ്ങൾ എന്ന കണക്കിൽ ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി.

പ്രവാസി പുനരധിവാസത്തിനും നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കാനും 84.60 കോടി രൂപ മാറ്റിവെച്ചു. 'നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺസ് എമിഗ്രൻസ്' (എൻ.ഡി.പി.ആർ.ഇ.എം) എന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് 25 കോടി ചെലവഴിക്കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് ആകെ 50 കോടിയാണ് വകയിരുത്തിയത്. പ്രവാസി ഭദ്രത, പ്രവാസി ഭദ്രത മൈക്രോ, പ്രവാസി ഭദ്രത മെഗാ എന്നിങ്ങനെ മൂന്ന് വായ്പ പദ്ധതികളും നടപ്പാക്കും.

മടങ്ങിവരുന്ന പ്രവാസികൾക്കും മരിച്ച പ്രവാസികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം നൽകാൻ ലക്ഷ്യമിട്ട് സാന്ത്വന പദ്ധതിക്കായി 33 കോടി മാറ്റിവെച്ചു. കേരള നോൺ റസിഡന്റ് കേരളൈറ്റ്‌സ് വെൽഫയർ ഫണ്ട് ബോർഡ് മുഖേനയുള്ള ക്ഷേമപദ്ധതികൾക്ക് 15 കോടി, വിമാനത്താവളങ്ങളിൽ നോർക്ക എമർജൻസി ആംബുലൻസ് സേവനത്തിന് 60 ലക്ഷം രൂപ, ലോകകേരള സഭയുടെ ശിപാർശകൾ നടപ്പാക്കുന്നതിനും പ്രദേശിക യോഗങ്ങൾ നടത്തുന്നതിനും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെ ഓഫിസ് ചെലവുകൾ വഹിക്കുന്നതിനും 2.5 കോടി എന്നിങ്ങനെയും തുക വകയിരുത്തി.

തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്കയുമായി സഹകരിച്ച് നടപ്പാക്കിയ പി.ബി.എം.എസ് പദ്ധതിയിൽ 7907 സംരംഭകർക്കായി 374 കോടിയുടെ വായ്പ വിതരണം ചെയ്തു. വിമാന യാത്ര ചെലവ് കുറക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ ഓപറേറ്റർമാരുമായും ട്രാവൽ ഏജൻസികൾ, പ്രവാസി അസോസിയേഷനുകൾ എന്നിവയുമായും ചർച്ചകൾ നടത്തിയതായി മന്ത്രി പറയുന്നു. വിമാന യാത്രക്കാരുടെ ആവശ്യങ്ങൾ സ്വരൂപിക്കുന്നതിന് പ്രത്യേക പോർട്ടൽ നടപ്പാക്കും. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപറേറ്റർമാരിൽനിന്ന് സ്വീകരിക്കും. ചാർട്ടർ വിമാനങ്ങളുടെ ചെലവ് യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ നിലനിർത്തും. ഇതൊക്കെ എത്രകണ്ട് സാധ്യമാണെന്ന ചോദ്യവും ഉയരുന്നു.