തിരുവനന്തപുരം: പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുക വേളയിൽ ഇതിനായി ആദരണീയനായ പ്രധാനമന്ത്രി എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

അതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റേയും ഗവേഷണത്തിന്റേയും ഹബ്ബായി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയുമാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഡിജിറ്റൽ സയൻസ് പാർക്ക് ഇന്ത്യയ്ക്ക് അഭിമാനമാണ്. ഡിജിറ്റൽ സയൻസ് പാർക്കും വാട്ടർ മെട്രോയും സംസ്ഥാന സർക്കാരിന്റെ മുൻ കൈയിലുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളകേന്ദ്ര സർക്കാരുകൾ ഒന്നിച്ചാൽ പുതിയ റെയിൽവേ ലൈനുകൾ, പുതിയ സിഗ്‌നൽ സംവിധാനങ്ങൾ, സ്റ്റേഷനുകളുടെ വികസനം, മറ്റു വികസന പ്രവർത്തനങ്ങൾ എന്നിവയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനു നന്ദിയറിയിച്ച മുഖ്യമന്ത്രി, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചില്ല.

''കേരളത്തെ വിജ്ഞാനസമൂഹമായി ഉയർത്താനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേളത്തെ മാറ്റാനാണ് ശ്രമം. അത്തരത്തിൽ ഒന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിലേത്. ഇന്ത്യയ്ക്കാകെ പദ്ധതി അഭിമാനകരമാണ്. 1500 കോടിരൂപ ചെലവിലാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്.'' മുഖ്യമന്ത്രി പറഞ്ഞു.

കേരള ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന് ഏകദേശം 14 ഏക്കർ സ്ഥലത്താണ് ഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മിക്കുന്നത്. പദ്ധതിയുടെ ആകെ വിഹിതം 1515 കോടിയായി കണക്കാക്കിയ ഡിജിറ്റൽ സയൻസ് പാർക്കിന് സംസ്ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികൾ ഉൾപ്പെടെയുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നാണ് കണ്ടെത്തുന്നത്. മൾട്ടി ഡിസിപ്ലിനറി ക്ലസ്റ്റർ അധിഷ്ഠിത ഇന്ററാക്റ്റീവ് ഇന്നൊവേഷൻ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ നൂതന ദർശനത്തോടെയാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടെക്നോസിറ്റിയിൽ നിർമ്മിക്കുന്ന സയൻസ് പാർക്ക് ടെക്നോപാർക്ക് ഫേസ് ഫോറിന്റെ ഭാഗമാണ്.

മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാവുന്ന പാർക്കിൽ വ്യവസായ-ബിസിനസ് യൂണിറ്റുകൾക്കും ഇൻഡസ്ട്രി 4.0, നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, സ്മാർട്ട് ഹാർഡ് വെയർ, സുസ്ഥിര-സ്മാർട്ട് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും ഇവിടെ സൗകര്യമൊരുക്കും.

അനലോഗ്, മിക്സഡ് സിഗ്നൽ സംവിധാനങ്ങൾ, വി.എൽ.എസ്‌ഐ, എ.ഐ പ്രോസസറുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈനിലെ ആദ്യ കേന്ദ്രത്തോടെ പാർക്ക് പ്രവർത്തനക്ഷമമാകും. യുകെ ആസ്ഥാനമായുള്ള അർധചാലക- സോഫ്റ്റ് വെയർ ഡിസൈൻ കമ്പനിയായ എ.ആർ.എം കേരള ഡിജിറ്റൽ സർവ്വകലാശാലയുമായി അക്കാദമിക, ഗവേഷണ, സ്റ്റാർട്ടപ്പ് സംബന്ധ പ്രവർത്തനങ്ങളിൽ കരാർ ഒപ്പിട്ടു. പാർക്കിലെ എ.ഐ കേന്ദ്രം ഉത്തരവാദിത്തമുള്ള എ.ഐ ഹാർഡ് വെയർ, സോഫ്റ്റ് വെയർ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മൾട്ടിനാഷണൽ യു.എസ് ടെക്നോളജി കമ്പനിയായ എൻ.വി.ഐ.ഡി.ഐ.എ കേന്ദ്രത്തിന്റെ പങ്കാളിയായി ചേരും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ വികസനത്തിൽ പങ്കുചേരുന്നതിനായി മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, എഡിൻബർഗ് സർവകലാശാലകൾ ഡിജിറ്റൽ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു.

നിർദിഷ്ട പാർക്കിൽ തുടക്കത്തിൽ രണ്ട് കെട്ടിടങ്ങളാണ് ഉണ്ടാകുക. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലായിരിക്കും ഇത്. ഒന്നര ലക്ഷം ചതുരശ്രയടിയുള്ളതാണ് ആദ്യ കെട്ടിടം. ആദ്യത്തെ കെട്ടിടത്തിൽ റിസർച്ച് ലാബുകളും ഡിജിറ്റൽ ഇൻകുബേറ്ററും ഉൾപ്പെടെ അഞ്ച് നിലകളും ഹൗസിങ് സെന്റർ ഓഫ് എക്സലൻസസും ഉണ്ടായിരിക്കും. രണ്ടാമത്തെ കെട്ടിടത്തിൽ അഡ്‌മിനിസ്ട്രേറ്റീവ് സെന്റർ, ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ എന്നിവയായിരിക്കും. ടെക്നോപാർക്കിലെ കബനി കെട്ടിടത്തിൽ നിന്ന് വാടകയ്ക്ക് എടുത്ത 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിന്നാണ് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്.