തിരുവനന്തപുരം : പുതുവത്സര ദിനത്തിൽ കേരളത്തിൽ റിക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിറ്റുവരവിൽ 600 കോടി നികുതിയിനത്തിൽ സർക്കാരിന് കിട്ടും.

1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവർഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്.

സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം ഇന്നലെ വിറ്റു. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവിൽപ്പന 649.32 കോടിയായിരുന്നു.

അതേ സമയം, ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്.

കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ക്രിസ്തുമസിന് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിൽ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ 61.41 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.

ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശത്തിനിടെ കേരളത്തിൽ 50 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്ബോൾ ലഹരിയിൽ മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്കോയുടെ വരുമാനം.

മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിലാണ് ഫൈനൽ ദിവസം ഏറ്റവും കൂടുതൽ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരിൽ മാത്രം വിറ്റുപോയത്. വയനാട് വൈത്തിരി ഔട്ട്‌ലെറ്റാണ് വില്പനയിൽ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയിൽ നടന്നത്. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിൽ 36 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നിരുന്നു.

267 ഔട്ട്ലറ്റുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാൽ പൂട്ടിപോയ 68 ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങാനും ബെവ്കോ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രാദേശിക എതിർപ്പുകൾ കാരണം സ്ഥലസൗകര്യമുള്ള ഷോപ്പുകൾ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നതായി അധികൃതർ പറയുന്നു.