തിരുവനന്തപുരം: കേരളം കടക്കെണിയിൽ ആയതോടെ സാമ്പത്തിക രംഗവും കുത്തഴിഞ്ഞ അവസ്ഥയിൽ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സാധാരണക്കാരെ വരെ അത് ബാധിച്ചു തുടങ്ങി. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് തുടർച്ചയായി രണ്ട് മാസം ക്ഷേമ പെൻഷൻ മുടങ്ങുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അവിടം കൊണ്ടും പ്രശ്‌നങ്ങൾ തീരുന്നില്ല, കർഷകർക്കുള്ള ആനൂകൂല്യങ്ങളും സ്‌കോളർഷിപ്പുകളും അടക്കം മുടങ്ങിയ നിലയിലാണ്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുമുടിയിലാണ് കേരളം. ഇത്രയും കാലം കടമെടുത്തു മുന്നോട്ടു പോയിരുന്ന കേരളത്തെ വെട്ടിലാക്കിയത് കേന്ദ്രത്തിന്റെ സാമ്പത്തിക നീക്കങ്ങളാണ്. കടമെടുപ്പിന് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

ക്ഷേമപദ്ധതികൾ അടക്കം അവതാളത്തിലാണ്. കരാറുകാരുടെ കുടിശ്ശിക കൊടുക്കാനുള്ള തുകയും കുമിഞ്ഞു കൂടി. കർഷകർക്കുള്ള സഹായങ്ങളും നിലച്ചു. വിദ്യാഭ്യാസസ്‌കോളർഷിപ്പുകൾ പലതും നൽകുന്നില്ല. പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലേക്കെത്തി. ക്ഷേമപെൻഷൻ രണ്ടുമാസത്തേത് നൽകാനുണ്ട്. ഇത് ഡിസംബറിൽ നൽകാനാണ് ശ്രമം. ഇതിന് കഴിയണമെങ്കിൽ പിന്നെയും കടമെടുക്കേണ്ട അവസ്ഥയാണുള്ളത്.

അതേസമയം, ചെലവുചുരുക്കാനുള്ള നിർദ്ദേശം കടലാസിൽമാത്രം ഒതുങ്ങുന്നതും കേരളത്തെ ഈ ഗതിയിലേക്ക് എത്തിക്കുന്നതിന് കാരണമാണ്. സാമ്പത്തിക പ്രതിസന്ധി മുറുകുമ്പോഴും ചെലവു ചുരുക്കലിന് യാതൊരു കുറവും കേരളം വരുത്തിയിട്ടില്ല. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി സാധാരണക്കാരന്റെ ജീവിതത്തെ ബാധിച്ചുതുടങ്ങുന്ന ഘട്ടമാണ് അതിന്റെ തീവ്രത പ്രകടമാകുക. അത് മാന്ദ്യത്തിന്റെ ഒരുലക്ഷണംകൂടിയാണ്. പണിയും കൂലിയും കുറയും, കടംവാങ്ങുന്ന പ്രവണത കൂടുകയും തിരിച്ചടവ് കുറയുകയുംചെയ്യും, വട്ടിപ്പലിശക്കാർ അടക്കമുള്ളവർ നാട്ടുമ്പുറങ്ങളിൽ അവതരിക്കും.

ക്ഷേമപദ്ധതികൾ കടംവാങ്ങിയും നിർവഹിക്കണമെന്ന് ഇടതുസർക്കാർ സാമ്പത്തികനയമായി സ്വീകരിച്ചത് ഈ സാമൂഹികാഘാതം ഒഴിവാക്കാനാണ്. ആ നയം നടപ്പാക്കാൻ പണം കിട്ടാതെ വിറങ്ങലിച്ചുപോകുന്ന സ്ഥിതിയിലേക്കാണ് ഇപ്പോൾ കേരളം പോയിക്കൊണ്ടിരിക്കുന്നത്. വിവിധവകുപ്പുകളിലും കിഫ്ബിയിലുമായി കരാറുകാർക്കായി ആകെ നൽകാനുള്ളത് 11,000 കോടി രൂപയാണ്. രണ്ട് മാസത്തെ ക്ഷേമപെൻഷൻ കൊടുക്കാൻ പോലും വേണ്ടി വരിക 1600 കോടിയാണ്.

സൗജന്യ കന്നുകാലി ഇൻഷുറൻസും കാലിത്തീറ്റ സബ്സിഡിയും നിലച്ചിട്ടുണ്ട്. മാതാപിതാക്കൾ മരിച്ചുപോയ പാവപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്ന സ്‌നേഹപൂർവം പദ്ധതിയിൽ പത്ത് മാസത്തെ കുടിശ്ശികയാണുള്ളത്. കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് സഹായധനം നൽകുന്ന ആശ്വാസകിരണം പദ്ധതിയും അവതാളത്തിലാണ്.

പൊതുമരാമത്ത് കെട്ടിടവിഭാഗം, നിരത്ത് വിഭാഗം, പാലങ്ങളുടെ വിഭാഗം എന്നിവയിൽ കരാറുകാർക്ക് എട്ടുമാസത്തെ ബില്ലുകളാണ്. ജലഅഥോറിറ്റിയിൽ സ്റ്റേറ്റ് ഫണ്ട് രണ്ടുവർഷംവരെ കുടിശ്ശിക 200 കോടിയാണ്. അറ്റകുറ്റപ്പണികൾക്ക് 14 മാസത്തെ ബില്ലുകളിൽ 130 കോടി നൽകാനുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ തനത് ഫണ്ടിൽ വലിയ കുറവുവന്നതോടെ ബില്ലുകൾ ഒരുവർഷത്തിലേറെ കുടിശ്ശിക.

എംഎ‍ൽഎ. ഫണ്ടിലെ ബില്ലുകൾ ഒന്നരവർഷത്തിലേറെ കുടിശ്ശിക നിലനിൽക്കുകയാണ്. മുഖ്യമന്ത്രി ഗ്രാമീണറോഡ് പദ്ധതികളുടെ ബില്ലുകൾ രണ്ടുവർഷത്തിലേറെ കുടിശ്ശികയുണ്ട്. ജൽ ജീവൻ മിഷൻ, പ്രധാനമന്ത്രി ഗ്രാമീണറോഡുകൾ തുടങ്ങിയവ കേന്ദ്രസർക്കാർവിഹിതമുള്ള കുടിശ്ശികയാണ്. അതേസമയം കേന്ദ്രം പണം നൽകാത്തതു കൊണ്ടുള്ള പ്രതിസന്ധിയുമുണ്ട്. കേന്ദ്രം നൽകാനുള്ളത് 9150 കോടിയാണ്.

കേരളം ഉപയോഗിക്കാതെ നീക്കിവെച്ച വായ്പയിൽനിന്ന് 1619 കോടിയാണ് കിട്ടാനുള്ളത്. വൈദ്യുതിമേഖല പരിഷ്‌കരിച്ചതിനുള്ള അധികവായ്പ യായി 4060 കോടിയുമുണ്ട്. ജി.എസ്.ടി. നഷ്ടപരിഹാരക്കുടിശ്ശികയായി ഇനി 1548 കോടി മാത്രമാണ് കിട്ടനുള്ളത്. യുജിസി. ശമ്പളപരിഷ്‌കരണം നടത്തിയ വകയിൽ 750.933 കോടിയും സംസ്ഥാനത്ത് ലഭിക്കാനുണ്ട് . നഗരവികസനം, ആരോഗ്യം ധനകാര്യകമ്മിഷൻ നിർദേശിച്ച സഹായധനം
1172 കോടിയാണ്.

കേന്ദ്രനയത്തിലെ മാറ്റമാണ് കേരളത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കിയതെന്നാണ് സർക്കാരിന്റെ കുറ്റപ്പെടുത്തൽ. പ്രളയങ്ങളും കോവിഡും ഉണ്ടാക്കിയ വരുമാനക്കുറവും വർധിച്ച ചെലവും ഇതിനുള്ള കാരണമാണ്. കേന്ദ്രധനകാര്യകമ്മിഷന്റെ റിപ്പോർട്ടനുസരിച്ചാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കുന്നത്. കേരളത്തിന് കിട്ടിക്കൊണ്ടിരുന്നത് 3.87 ശതമാനമായിരുന്നു. 15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടനുസരിച്ച് 1.925 ശതമാനമായി കുറഞ്ഞു. ഇതിനൊപ്പം ജി.എസ്.ടി. നഷ്ടപരിഹാരമില്ലാതായി. നേരത്തേ നൽകാനുള്ളതും കുടിശ്ശികയുണ്ട്.

വായ്പയെടുക്കാനുള്ള പരിധി കോവിഡ് കാലത്ത് 4.5 ശതമാനമാക്കിയെങ്കിലും ഇപ്പോഴത് വീണ്ടും മൂന്നുശതമാനമാക്കി. ഇതിനുപുറമേ, കിഫ്ബിയും സാമൂഹികസുരക്ഷാകമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തി വായ്പയിൽ 3578 കോടി കുറയ്ക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രതീരുമാനങ്ങൾകാരണം 20,000-24,000 കോടിയുടെ കുറവ് ഈ വർഷമുണ്ടാകുമെന്നാണ് സംസ്ഥാനം കണക്കുകൂട്ടിയത്.