- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളി'ലെ നുണ പൊളിഞ്ഞപ്പോൾ പട്ടിക പുറത്തുവിടാൻ ഭയന്ന് വ്യവസായ വകുപ്പ്; താലൂക്ക് - പഞ്ചായത്ത് അടിസ്ഥാനത്തിൽ പട്ടിക പുറത്തുവിട്ടാൽ തൊലിയുരിയുമെന്ന് ഭയം; പഴയ സംരംഭങ്ങളും പെട്ടിക്കടകളും സംരംഭ പട്ടികയിൽ ഉൾപ്പെടുത്തി കുടുങ്ങി; 'വ്യാജന്മാർ' കൂടുതൽ മലപ്പുറം ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പ്രകാരം ആരംഭിച്ച പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടാതിരിക്കാൻ വഴിതേടി വ്യവസായ വകുപ്പ്. വകുപ്പിന് നല്ലപിള്ള ചമയാൻ വേണ്ടി ഉണ്ടാക്കിയ തട്ടിപ്പുകൾ ഓരോന്നായി പൊളിഞ്ഞതോടെ ആകെ പെട്ടിക്കിക്കയാണ വ്യവസായ വകുപ്പ്. പട്ടിക പുറത്തുവന്നാൽ പതിനായിരക്കണക്കിന് റജിസ്‌ട്രേഷനുകൾ വ്യാജമോ പഴയതോ ആണെന്ന വിവരം പുറത്തുവരുമോയെന്ന ആശങ്കയിലാണ് വ്യവസായവകുപ്പ്. അതുകൊണ്ട് തന്നെ ഇതിൽ നിന്നും എങ്ങനെ തടിയെടുക്കാം എന്നതാണ് ഇപ്പോഴത്തെ വകുപ്പിന്റെ ചിന്ത.
താലൂക്ക് - പഞ്ചായത്ത് അടിസ്ഥാനത്തിൽ പട്ടിക പുറത്തുവിടണമെന്ന ആവശ്യം ശക്തമാണ്. ഇങ്ങനെ ചെയ്താൽ തങ്ങളുടെ അവകാശവാദങ്ങൾ പൊളിയുമെന്ന കടുത്ത ആശങ്കയിലാണ ്‌വകുപ്പ്. പട്ടിക നൽകണമെന്ന് വിവരാവകാശ നിയമപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും വ്യവസായവകുപ്പ് അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുകയാണ്. ഇതിൽ നിന്നു തന്നെ സർക്കാറിന്റെ കള്ളത്തരം വ്യക്തമാകും. ചുരുക്കം ജില്ലകളിലെ വിവരങ്ങൾ മാത്രമാണു മാധ്യമങ്ങൾ അന്വേഷിച്ചതും ക്രമക്കേടുകൾ കണ്ടെത്തിയതും.
അതേസമയം, ചില ജില്ലകളിൽ മാത്രമാണു പിഴവുണ്ടായതെന്നും മറ്റുള്ളതെല്ലാം ശരിയാണെന്നുമാണു മന്ത്രി പി.രാജീവിന്റെ അവകാശവാദം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ 2 ലക്ഷത്തിലേറെ തൊഴിലവസരങ്ങളും 7,000 കോടിയുടെ നിക്ഷേപവും എന്ന വാഗ്ദാനമാണു സർക്കാർ നൽകിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ സംരംഭകരുടെ പട്ടികയും സർക്കാർ പെരുപ്പിച്ചുകാട്ടി. പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും വരെ പുതിയ സംരംഭങ്ങളുടെ പട്ടികയിലുണ്ട്. അവകാശവാദം പൊളിഞ്ഞതോടെ ഇതു പരിശോധിക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനുമാണു വ്യവസായ വകുപ്പിന്റെ തീരുമാനം.
പട്ടികയിൽ ഏറ്റവും കൂടുതൽ വ്യാജന്മാരുള്ളത് മലപ്പുറം ജില്ലയിലാണ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളാണ് പുതിയ സംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ടൗണിനോട് ചേർന്ന് മുണ്ടുപറമ്പ് ജംക്ഷനിൽ ലുലു ബേക്കറി ആൻഡ് കൂൾബാർ 8 വർഷം മുൻപാണ് പ്രവർത്തനം ആരംഭിച്ചത്. 5 വർഷം മുൻപ് പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തു. ലൈസൻസിയുടെ പേര് അടുത്തിടെ മാറ്റിയെന്ന കാരണത്താൽ സ്ഥാപനം സർക്കാരിന്റെ കണക്കിൽ പുതിയ സംരംഭമായി.
അതേസമയം സർക്കാർ വെബ്‌സൈറ്റിൽ മിനിറ്റ് വച്ച് സംരംഭങ്ങളുടേയും തൊഴിലവസരങ്ങളുടേയും എണ്ണം കൂടുന്നുണ്ടെങ്കിലും നിക്ഷേപം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴരയ്ക്ക് സംരംഭങ്ങളുടെ എണ്ണം 1,33,922ലെത്തി. തലേദിവസം ഇതേ സമയത്തേക്കാൾ 23 എണ്ണം കൂടുതൽ. അവധി ദിവസമായിട്ടും 23 സംരംഭങ്ങൾ കൂടി. തൊഴിലവസരങ്ങളുടെ എണ്ണം 2,87,764. തലേന്ന് ഇതേ സമയം 2,87,688. അധിക തൊഴിൽ 76. പക്ഷേ നിക്ഷേപം കുറയുകയാണ് ഉണ്ടായത്. ശനി വൈകിട്ട് 8098.6 കോടി ഉണ്ടെന്ന് അവകാശപ്പെട്ട നിക്ഷേപം കുറഞ്ഞ് 8097.4 ആയി. 1.2 കോടി രൂപ കുറവ്.
കണക്കുകളിൽ തൊഴിലും സംരംഭങ്ങളും കൂടുമ്പോഴും ഇതൊക്കെ എവിടെയാണെന്ന് ചോദിച്ചാൽ സർക്കാർ കൈമലർത്തുന്ന അവസ്ഥയാണുള്ളത്. അതേസമയം സംസ്ഥാന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു തെളിയിക്കാൻ കെപിസിസിയും അന്വേഷണം നടത്തുന്നുണ്ട്. കെപിസിസി ഇൻഡസ്ട്രിയൽ സെൽ വിശദമായ സർവേ നടത്തി റിപ്പോർട്ട് പുറത്തിറക്കുമെന്ന് സെൽ ചെയർമാൻ കിഷോർ ബാബു അറിയിച്ചു. 6000 കോടിയിലേറെ രൂപയുടെ നിക്ഷേപം ഉണ്ടായി എന്നാണ് അവകാശവാദമെങ്കിലും നിക്ഷേപസമാഹരണത്തിൽ സർക്കാർ വഹിച്ച പങ്ക് എന്താണെന്നു പറയുന്നില്ല. സ്വയം തൊഴിൽ കണ്ടെത്താനുള്ള സഹായം ചെയ്യാതെ രണ്ടു ലക്ഷത്തിൽപരം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു എന്ന അവകാശവാദവും തെറ്റാണെന്ന് ഇൻഡസ്ട്രിയൽ സെൽ അഭിപ്രായപ്പെട്ടു.
അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭക വർഷം പദ്ധതി വഴിയുള്ള നിക്ഷേപം 8000 കോടി കടന്നവെന്നാണ് സംസ്ഥാന സർക്കാറിന്റെ അവകാശവാദം. പദ്ധതി പൂർത്തിയാകാൻ ഒന്നര മാസത്തോളം ശേഷിക്കേ 8088.18 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ഒരു ലക്ഷം സംരംഭങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് വെള്ളിയാഴ്ച വരെ 1,33,569 സംരംഭങ്ങൾ ആരംഭിച്ചു. ഇതുവഴി 2,87,056 തൊഴിലവസരങ്ങളുണ്ടായി. രാജ്യശ്രദ്ധയാകർഷിച്ച കേരളത്തിന്റെ സംരംഭക വർഷം പദ്ധതിയെ ബെസ്റ്റ് പ്രാക്ടീസായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിരുന്നുവെന്നും സർക്കാർ അവകാശപ്പെടുന്നു,
പദ്ധതിയിൽ വനിതാസംരംഭകർ 42,873 യൂണിറ്റുകൾ ആരംഭിച്ചു. ഇതുവഴി 1558.09 കോടിയുടെ നിക്ഷേപവും 85484 തൊഴിലവസരവും സൃഷ്ടിച്ചു. ട്രാൻസ്ൻെഡർ വിഭാഗത്തിലുള്ള 13 പേരും സംരംഭങ്ങൾ തുടങ്ങി. തൃശൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത്. തൃശൂരിൽ 13,545 സംരംഭങ്ങളിലൂടെ 754.84 കോടിയുടെ നിക്ഷേപവും 28,379 തൊഴിലവസരവും സൃഷ്ടിച്ചു. തിരുവനന്തപുരത്ത് 13,527 സംരംഭങ്ങളും എറണാകുളത്ത് 13,062 സംരംഭങ്ങളും തുടങ്ങിയെന്നാണ് സർക്കാർ വാദം.
മറുനാടന് മലയാളി ബ്യൂറോ