- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 51 കോടി; ഏറ്റവും കുടുതൽ തുക ചെലവാക്കിയത് പദ്ധതി റിപ്പോർട്ട് തയാറാക്കിയ കൺസൽട്ടൻസിക്ക് വേണ്ടി; ഇവർക്ക് 29 കോടി 29 ലക്ഷം രൂപ ചെലവാക്കിയപ്പോൾ ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി 16 കോടി 75 ലക്ഷം രൂപയും ചെലവിട്ടു; നടപ്പാകുമെന്ന് ഉറപ്പുള്ള പദ്ധതിക്കായി കോടികൾ ചിലവഴിച്ചതും കമ്മീഷൻ ലക്ഷ്യത്തിലോ?
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാർ കമ്മീഷനുകൾ വാരിക്കൂട്ടുന്നുണ്ടോ? ഈ ആരോപണം പ്രതിപക്ഷം അടക്കം ഉന്നയിച്ചിരുന്നു. ഈ പദ്ധതി എത്രകണ്ട് നടപ്പിലാകും എന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അതേസമയം കണക്കുകൾ പ്രകാരം സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കോടികളാണ് സർക്കാർ ഖജനാവിൽ നിന്നും ധൂർത്തടിക്കുന്നത്.
സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 51 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പദ്ധതിയുടെ കൺസൽട്ടൻസിയായ സിസ്ട്രയ്ക്കാണ് ഇതിലേറെയും നൽകിയിരിക്കുന്നത്. റവന്യു വകുപ്പും കെറെയിലും വിവരാവകാശ അപേക്ഷകൾക്ക് നൽകിയ മറുപടികളിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. എന്നുവരുമെന്ന് ആർക്കുമറിയാത്ത സിൽവർലൈൻ പദ്ധതിയുടെ പേരിൽ ഒക്ടോബർ അവസാനം വരെ ചെലവഴിച്ച തുകയുടെ കണക്കാണ് ഇത്.
വിശദപദ്ധതി റിപ്പോർട്ട് തയാറാക്കിയ സിസ്ട്രയ്ക്ക് കൺസൽട്ടൻസി തുകയായി ഇതുവരെ നൽകിയത് 29 കോടി 29 ലക്ഷം രൂപ. ഭൂമിയേറ്റെടുക്കാൻ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനും ഓഫിസുകൾ തുറന്നതിനും വാഹനങ്ങളോടിച്ചതിനും ഉൾപ്പെടെ റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം രൂപ ചെലവാക്കി. അലൈന്മെന്റ് തയാറാക്കുന്നതിന് മുന്നോടിയായി നടത്തിയ ലിഡാർ സർവേയ്ക്ക് രണ്ടുകോടി.
എത്രപേർ യാത്ര ചെയ്യുമെന്നറിയാൻ നടത്തിയ ട്രാഫിക് സർവേയ്ക്ക് 23 ലക്ഷം. ഹൈഡ്രോഗ്രാഫിക്‌ടോപോഗ്രാഫിക് സർവേയ്ക്ക് 14.6 ലക്ഷം. മണ്ണുപരിശോധനയ്ക്ക് 75 ലക്ഷവും ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷന് 10 ലക്ഷവും ചെലവായി. തുടക്കത്തിൽ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് പാരിസ്ഥിതിക ആഘാതപഠനത്തിന് 40 ലക്ഷവും ചെലവായി. പാതിവഴിയിൽ നിലച്ച സാമൂഹിക ആഘാതപഠനത്തിന്റെ കണക്ക് വരാനിരിക്കുന്നതേയുള്ളു.
അതേസമയം സിൽവർ ലൈനുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങൾ കെ-റെയിൽ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കിയിരു്‌നു. പദ്ധതിക്ക് റെയിൽവേ ബോർഡ് തത്ത്വത്തിലുള്ള അംഗീകാരം മാത്രമാണ് നൽകിയത്. പ്ലാൻ അനുസരിച്ച് ഏകദേശം 200 കി.മീ. നിലവിലുള്ള റെയിൽപാതക്ക് സമാന്തരമായിട്ടാണ് സിൽവർ ലൈൻ കടന്നുപോവുന്നത്. ഇതിന് 15 മീറ്ററോളം റെയിൽവേ ഭൂമി വേണ്ടിവരുന്നത് ഭാവിയിൽ റെയിൽവേ വികസനത്തെ ബാധിക്കുമെന്നും മൂന്നും നാലും ലൈനുകൾ ഇടുന്നതിന് തടസ്സമാവുമെന്നും മറുപടിയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നൽകിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പര്യാപ്തമല്ലെന്നും റെയിൽവേ ഭൂമി, സ്വകാര്യഭൂമി, ക്രോസിങ് ഓവറുകൾ, നിലനിൽക്കുന്ന റെയിൽവേ പാതകൾ മുതലായവ സമഗ്രമായി ഉൾക്കൊള്ളിച്ച് വിശദ ഡി.പി.ആർ നൽകാൻ കെ-റെയിലിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഹൈബി ഈഡൻ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രാലയം മറുപടി നൽകി.
ഡി.പി.ആറിന്റെ സാങ്കേതികവശങ്ങൾ മുഴുവൻ തൃപ്തികരമാണെങ്കിൽ മാത്രമേ സാമ്പത്തികകാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും കേന്ദ്രം വിശദീകരിച്ചിരുന്നു. അതേസമയം സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസം മുമ്പ് നിയമസഭയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ അദ്ദേഹം ഒരക്ഷരം എതിര് പറഞ്ഞില്ല. പദ്ധതി ഉപേക്ഷിക്കില്ല. ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
അതിരടയാള കല്ലുകൾ സ്ഥാപിച്ച പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയത്തിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്ലിടലുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ എടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലില്ല. പദ്ധതിക്ക് അനുമതി ലഭിക്കാത്തതിനാൽ മറ്റു പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് റവന്യൂ ജീവനക്കാരെ തൽക്കാലം പുനർവിന്യസിച്ചതാണ്. ഇതാണ് നിർത്തിവെച്ചെന്ന പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ആദ്യം തത്ത്വത്തിൽ അംഗീകാരം നൽകുകയും നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര ധനമന്ത്രിതന്നെ നിർദേശിക്കുകയും ചെയ്ത പദ്ധതിയോട് കേന്ദ്ര സമീപനം മാറാൻ കാരണം യു.ഡി.എഫിന്റെയും ബിജെപിയുടെയും നിലപാടാണ്. യു.ഡി.എഫ് എംപിമാർ ഒറ്റക്കെട്ടായി കേരള വികസനത്തിനെതിരെ നിലപാടെടുത്തു. ബിജെപി അതിനെക്കാൾ വാശിയോടെ പിന്തുണച്ചു. പദ്ധതി നടപ്പാക്കില്ലെന്നല്ല, പരിശോധിച്ച് തിരുമാനിക്കുമെന്നാണ് ഇപ്പോഴും കേന്ദ്ര നിലപാട്. എന്നായാലും പദ്ധതിക്ക് അനുമതി നൽകേണ്ടി വരും. അപ്പോൾ വേഗത്തിൽതന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ