തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് നിയമസഭയിലേക്ക് ക്ഷണിച്ചതോടെ സർക്കാരുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുടുംബാംഗങ്ങളെയും റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിലേക്ക് സത്കാരത്തിനായി ക്ഷണിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള വിശേഷ ദിവസങ്ങളിൽ ഗവർണർ അറ്റ് ഹോം എന്ന് പേരിട്ടിരിക്കുന്ന സത്കാര ചടങ്ങ് രാജ്ഭവനിൽ സംഘടിപ്പിക്കാറുണ്ട്. സർക്കാരുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് കഴിഞ്ഞ വർഷം എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷം അവസാന നിമിഷം സത്കാര ചടങ്ങ് ഗവർണർ റദ്ദാക്കിയിരുന്നു.

കോവിഡിനെത്തുടർന്ന് അതിനു മുൻപ് രണ്ടു വർഷവും ചടങ്ങ് നടത്തിയിരുന്നില്ല. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ മഞ്ഞുരുക്കാനും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മുഖാമുഖം കാണാനുമുള്ള അവസരമായി സത്കാര ചടങ്ങ് മാറ്റും. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാവും ഗവർണർ സത്കാര ചടങ്ങ് നടത്തുക. സത്കാരത്തിന് സർക്കാർ 15ലക്ഷം രൂപ അനുവദിക്കും. വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനും പ്രഭാഷണങ്ങൾക്കുമായി ഇപ്പോൾ ഡൽഹിയിലുള്ള ഗവർണർ 18ന് മടങ്ങിയെത്തും. 23നാണ് നിയമസഭയിൽ നയപ്രഖ്യാപനം. 26ന് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

അതിനുശേഷം വൈകിട്ടായിരിക്കും രാജ്ഭവനിലെ സത്കാരം. ക്രിസ്മസ് ആഘോഷത്തിന് രാജ്ഭവൻ മുറ്രത്ത് പന്തലിട്ട് ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണം നിരസിച്ച് പങ്കെടുത്തിരുന്നില്ല. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ സത്കാരത്തിനുള്ള ക്ഷണം നിരസിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിയില്ല. സർവകലാശാലകളിലെ ചാൻസലർ എന്ന നിലയിലെ ഗവർണറുടെ അധികാരം എടുത്തുമാറ്റാനുള്ള നീക്കങ്ങൾ സജീവമാക്കുകയും വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കാൻ ഓർഡിനൻസ് ഇറക്കാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഗവർണർ സത്കാരം റദ്ദാക്കിയിരുന്നു.

11ഓർഡിനൻസുകളിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുകയും അവ അസാധുവാകുകയും ചെയ്തതിനു പിന്നാലെ സർക്കാരുമായി ഉടക്കിയായിരുന്നു അവസാന നിമിഷത്തെ ഈ നടപടി. ഗവർണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സത്കാരത്തിനായി സർക്കാർ 15ലക്ഷം അനുവദിച്ച ശേഷമായിരുന്നു സത്കാരം റദ്ദാക്കിയത്. കനത്ത മഴ മൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും സത്കാരത്തിന് നീക്കിവച്ചിരുന്ന തുക തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി വിനിയോഗിക്കുമെന്നുമാണ് അന്ന് രാജ്ഭവൻ അറിയിച്ചത്.

ഇടഞ്ഞുനിൽക്കുന്ന ഗവർണറെക്കൊണ്ട് നയപ്രഖ്യാപനം നടത്തേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ. ഇതിനായി ഡിസംബറിലെ നിയമസഭാ സമ്മേളനം നീട്ടാനുള്ള വളഞ്ഞവഴിയും ആലോചിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം ഈ തീരുമാനം മാറ്റി ഗവർണറെ നയപ്രഖ്യാപനത്തിന് നിയമസഭയിൽ വിളിക്കാൻ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് രാജ്ഭവനിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി സത്കാരം നടത്താൻ ഗവർണറും തീരുമാനിച്ചത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്ന നിയമവിരുദ്ധ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന ഉപാധി വച്ച്, നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ കഴിഞ്ഞവർഷം വിസമ്മതിച്ചിരുന്നു.

മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഗവർണർ വഴങ്ങിയില്ല. ഹരി.എസ്.കർത്തയെ നിയമിച്ചത് കീഴ്‌വഴക്കം തെറ്റിച്ചാണെന്ന് കത്ത് നൽകിയ പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റി ഉത്തരവിറക്കിയതിനു ശേഷമാണ് ഗവർണർ നയപ്രഖ്യാനത്തിൽ ഒപ്പിട്ടത്. ഈ ദുരനുഭവമുള്ളതിനാലാണ് ഇത്തവണ നയപ്രഖ്യാപനം വേണ്ടെന്ന ആദ്യനിലപാട് സർക്കാർ കൈക്കൊണ്ടത്.