തിരുവനന്തപുരം: ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറുടേയും സംഘത്തിന്റേയും കോവിഡ് കാല പർച്ചേസ് കൊള്ളയുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച സ്ഥാപനമായ കേരള മെഡിക്കൽ സർവിസ് കോർപറേഷൻ മെമ്പർഷിപ്പ് ഫീസും മാസവരി ഫിസും ആയി തിരുവനന്തപുരത്തെ ടെന്നിസ് ക്ലംബിന് നൽകിയത് 19, 13,700 രൂപ. ടെന്നിസ് ക്ലബ്ബിൽ സർക്കാർ സ്ഥാപനങ്ങൾ അംഗത്വം എടുക്കാറില്ല. ഇതിനായി പ്രത്യേക ഫണ്ടും സർക്കാർ നൽകാറില്ല. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് 2017 ഏപ്രിലിൽ മെഡിക്കൽ സർവിസ് കോർപറേഷൻ കോർപറേറ്റ് അംഗത്വം ഏറ്റെടുത്തത്.

കോർപറേഷൻ ചെയർമാനും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദനാണ് ടെന്നിസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുക്കണമെന്ന് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. നവജ്യോത് ഖോസ ഐ എ എസിനോട് നിർദ്ദേശം നൽകിയത്. അംഗത്വം എടുക്കുന്നതിനുള്ള അടിയന്തിര നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് 11.4.17 ൽ രാജീവ് സദാനന്ദൻ ഖോസക്ക് കത്ത് നൽകി. തുടർന്ന് 11.50 ലക്ഷം രൂപ മെമ്പർഷിപ്പ് ഫീസ് നൽകി ടെന്നിസ് ക്ലബ്ബിൽ അംഗത്വം എടുത്തു. സർക്കാർ അനുമതി ഇല്ലാതെ രാജിവ് സദാനന്ദന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ടെന്നിസ് ക്ലബ്ബിൽ അംഗത്വം എടുത്തത് കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഉല്ലസിക്കാനാണെന്ന് വ്യക്തം.

അഡിഷണൽ ചീഫ് സെക്രട്ടറി തസ്തികയിൽ നിന്നു വിരമിച്ചതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യ ഉപദേശകനായും രാജീവ് സദാനന്ദൻ പ്രവർത്തിച്ചിരുന്നു. 2017 - 18 ൽ 11.50 ലക്ഷം മെമ്പർഷിപ്പ് ഫീസായും 1, 93, 833 രൂപ മാസവരി, മീറ്റിങ് ചെലവുകൾക്കും ടെന്നിസ് ക്ലബ്ബിന് നൽകി. 2018 - 19 ന് 2, 59, 709 രൂപയും 2019 -20 ൽ 2, 69, 938 രൂപയും 2020-21 ൽ 14660 രൂപയും 2021 - 22 ൽ 14660 രൂപയും 2022 ഓഗസ്റ്റ് വരെ 10990 രൂപയും ടെന്നിസ് ക്ലബിന് നൽകി. ശൈലജ ടീച്ചറിന്റെ കാലത്ത് 18,88, 140 രൂപയാണ് ടെന്നിസ് ക്ലബ്ബിന് നൽകിയത്. വീണ ജോർജ് ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് വന്നതിനുശേഷം ടെന്നിസ് ക്ലബ്ബിന് നൽകിയത് 25,560 രൂപ.

ചെയർമാനായ രാജിവ് സദാനന്ദന്റെ നിർദ്ദേശപ്രകാരമാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ടെന്നിസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുത്തതെന്ന് വ്യക്തമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജ് മെമ്പർഷിപ്പ് എടുക്കാനുണ്ടായ സാഹചര്യം കോർപറേഷൻ ഫയലുകളിൽ വ്യക്തമാക്കിട്ടില്ല എന്ന് നിയമസഭയിൽ 12.12 .22 ന് രേഖാമൂലം മറുപടി നൽകി. ഒരു സർക്കാർ കമ്പനി സ്വകാര്യ ക്ലബ്ബായ ടെന്നിസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുത്തത് നിയമാനുസൃതമാണോ എന്ന ചോദ്യത്തിന് മന്ത്രി വീണ ജോർജ് വ്യക്തമായ മറുപടി നൽകിയില്ല. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്ന ഒഴുക്കൻ മറുപടിയാണ് വീണ ജോർജിൽ നിന്ന് ഉണ്ടായത്.

സർക്കാർ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്ന സർക്കാർ സ്ഥാപനമാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ . കോവിഡ് കാല പർച്ചേസിൽ കോടി കണക്കിന് രൂപയുടെ അഴിമതി അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും സംഘവും നടത്തിയെന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച സ്ഥാപനമാണ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ .

2017 ഏപ്രിൽ മാസത്തിലാണ് കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ടെന്നിസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുത്തത്. ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത് സനീഷ് കുമാർ ജോസഫ് നിയമസഭയിൽ ആരോഗ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ്. നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യമായാണ് സനീഷ് ചോദ്യം ഉന്നയിച്ചത്. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ടെന്നിസ് ക്ലബ്ബിൽ കോർപ്പറേറ്റ് മെമ്പർഷിപ്പ് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ എന്നായിരുന്നു ചോദ്യം. എത്ര തുകയ്ക്കാണ് മെമ്പർഷിപ്പ് എടുത്തതെന്നും അതിന് ഇടയാക്കിയ സാഹചര്യം എന്താണെന്നും ചോദ്യം ഉയർന്നു.

ഈ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞത് ഇങ്ങനെ: കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷന് ടെന്നീസ് ക്ലബ്ബിൽ 2017 ഏപ്രിൽ മാസത്തിൽ കോർപ്പറേഷൻ മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. 11.50 ലക്ഷം രൂപ നൽകിയാണ് ടെന്നിസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുത്തത്. മെമ്പർഷിപ്പ് എടുക്കാനുണ്ടായ സാഹചര്യം കോർപ്പറേഷൻ ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ല. 2022 സെപ്റ്റംബർ ഒന്നാം തീയ്യതിയാണ് നിയമസഭയിൽ വീണ ജോർജ്് ഈ മറുപടി നൽകിയത്. നിയമസഭയിൽ കൃത്യമായി വിവരങ്ങൾ നൽകാതിരുന്നതിന് അന്നത്തെ സ്പീക്കർ എം ബി രാജേഷിന്റെ ശാസന കേട്ടതിന് ശേഷമാണ് മന്ത്രി കൃത്യമായി സർക്കാറിനെ വെട്ടിലാക്കുന്ന ചോദ്യത്തിന് മറുപടി നൽകിയതും എന്നതും ശ്രദ്ധേയാണ്.

കോർപ്പറേറ്റ് മെമ്പർമാർക്ക് പ്രത്യേകം സൗകര്യങ്ങൾ അടക്കം ടെന്നിസ് ക്ലബ്ബിൽ ലഭ്യമാണ്. മാത്രമല്ല, കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് സർക്കാർ കോടികൾ മുടക്കി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇവിടെ നടത്തുകയും ചെയത്ിരുന്നു. എന്നിട്ടും, മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലക്ഷങ്ങൾ മുടക്കി മെമ്പർഷിപ്പ് നേടിയതിന്റെ കാരണങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. നേരത്തെ വലിയ പാട്ടക്കുടിശ്ശികയും ടെന്നീസ് ക്ലബ് പാട്ടക്കുടിശിക ഇളവു നൽകിയ നടപടിയും വിവാദമായിരുന്നു. നിരവധി ഐഎഎസ് ഉദ്യോഗസ്ഥരാണ് ഈ ക്ലബ്ബിൽ അംഗങ്ങളായിരുന്നത്.

ക്രമവിരുദ്ധമായിട്ടാണ് തിരുവനന്തപുരത്തെ ടെന്നിസ് ക്ലബ്ബിന്റെ കുടിശ്ശിക ചീഫ് സെക്രട്ടറി കുറച്ചുകൊടുത്തതെന്നും, താൻ പോലും കാണാതെ ഈ ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൊടുത്തെന്നും അന്നത്തെ മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ റവന്യൂമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഭവം വിവാദമായപ്പോൾ സർക്കാറിന് പിന്നോക്കം പോകേണ്ടി വന്നിരുന്നു. തിരുവനന്തപുരം ജില്ലയിൽ ശാസ്തമംഗലം വില്ലേജിൽ 191, 192, 194, 195, 210, 211 എന്നീ സർവേ നമ്പരിൽപ്പെട്ട 4.27 ഏക്കർ ഭൂമി 1950 ഓഗസ്റ്റ് 16നാണ് ടെന്നീസ് ക്ലബ്ബിന് 25 വർഷത്തേക്ക് കുത്തകപാട്ടത്തിന് നൽകിയത്.

1975 സെപ്റ്റംബറിൽ 50 വർഷത്തേക്ക് കുത്തകപ്പാട്ടം നീട്ടി നൽകി. എന്നാൽ, 1994ലെ മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം കുത്തകപ്പാട്ടം എല്ലാം പാട്ടം (ലീസ്) ആക്കി മാറ്റി. അതോടെ ഭൂമിയുടെ കമ്പോളവിലയുടെ അടിസ്ഥാനത്തിൽ പാട്ടം നിശ്ചയിച്ചു. തുടർന്ന് 2002 ജനുവരി ഏഴിന് കലക്ടറോട് ടെന്നീസ് ക്ലബ് കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് കമ്പോള വിലയുടെ അടിസ്ഥാനത്തിൽ 1995 മുതൽ പാട്ടം ചുമത്തുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദ്ദേശം നൽകി. അതനുസരിച്ച് 2012 മാർച്ച് 31 വരെയുള്ള പാട്ടക്കുടിശിക നിശ്ചയിച്ച് 6.52 കോടി രൂപ അടക്കണമെന്ന് കലക്ടർ ക്ലബ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു.