- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിയെ കളിയായി മാത്രം കാണാൻ മുസ്ലിം സമുദായം തയ്യാറാവണമെന്ന് കേരള മുസ്ലിം ജമാഅത്തെ കൗൺസിൽ; കളിക്കാരെ പിന്തുണക്കുന്നതിനെ വിമർശിക്കാൻ ആർക്കും അധികാരമില്ലെന്ന് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എച്ച് ഫൈസൽ; സമസ്തയുടെ ഖുത്വബാ കമ്മിറ്റിയെ തള്ളി മറ്റൊരു മുസ്ലിം സംഘടന; നാസർ ഫൈസിയുടെ പരാമർശം മാധ്യമ ശ്രദ്ധനേടാനെന്ന് സമസ്തയിലെ ഒരു വിഭാഗം
മലപ്പുറം: ലോകകപ്പ് ഫുട്ബോൾ ജ്വരത്തിനെരിരെ രംഗത്തുവന്ന സമസ്തയുടെ ഖുത്വബാ കമ്മിറ്റിയെ തള്ളിയാണ് മറ്റൊരു മുസ്ലിംസംഘട രംഗത്ത്. കളിയെ കളിയായി മാത്രം കാണാൻ മുസ്ലിം സമുദായം തയ്യാറാവണമെന്ന് കേരള മുസ്ലിം ജമാഅത്തെ കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എച്ച് ഫൈസൽ പ്രസ്താവനയിൽ പറഞ്ഞു. ഏതെങ്കിലും കളിക്കാർ യുവാക്കളെ ആകർഷിക്കുന്നുവെങ്കിൽ അത് യുവാക്കളുടെ കുറ്റമല്ല. ലോകകപ്പ് കളിക്കുന്ന ടീമുകളിൽ മികച്ച ടീമിലെ കളിക്കാരെ പിന്തുണക്കുന്നതിനെ ഒരു തരത്തിലും വിമർശിക്കാൻ ആർക്കും അധികാരമില്ല. ഇന്ത്യയുടെ താരങ്ങൾക്ക് ജയ് വിളിക്കാൻ ആഗ്രഹിക്കുന്നവരാണിവർ. എന്നാൽ കോടിക്കണക്കിന് ജനസംഖ്യയുണ്ടായിട്ടും ലോക കപ്പ് ഫുട്‌ബോൾ കളിക്കാൻ ഇന്ത്യക്ക് കഴിയാത്ത് യുവാക്കളുടെ കുറമല്ല.
ഖുർആൻ മനപ്പാഠമാക്കിയ പാർവ്വതി എന്ന കുട്ടിക്കെതിരെ ഉയർന്നു വരുന്ന വിമർശനങ്ങൾ വിവരമില്ലാത്തവരുടെ ജൽപ്പനമായി മാത്രമേ കാണാൻ കഴിയൂ. മറ്റു മതസ്ഥർ ഖുർആൻ മനപാഠമാക്കുന്നുവെങ്കിൽ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അല്ലാതെ അപമാനിക്കലല്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കേരള മുസ്ലിം ജമാഅത്തെ കൗൺസിൽ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ പൂക്കൂഞ്ഞ് അനുസ്മരണ സമ്മേളനം ഡിസംബർ മാസത്തിൽ നടത്തുമെന്നും പി എച്ച് ഫൈസൽ പറഞ്ഞു.
അതേ സമയം ലോകകപ്പ് ഫുട്ബോളിനെതിരെ രംഗത്തുവന്ന സമസ്തയുടെ ഖുത്വബാ കമ്മിറ്റിയെ തള്ളിയാണ് മറ്റൊരു മുസ്ലിംസംഘട രംഗത്തു വന്നിട്ടുള്ളത്. ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ലെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റാണെന്നുമുള്ള നാസർ ഫൈസി കൂടത്തായിയുടെ പരമാർശങ്ങൾ മാധ്യമ ശ്രദ്ധനേടൻ മാത്രമെന്ന് സമസ്തയിലെ തന്നെ ഒരുവാഭാഗം തന്നെ പറയുന്നത്. ഇന്റേണലായി പറയണ്ടേ വിഷയം കൂടത്തായി പരസ്യമായി പറഞ്ഞതും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചതും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണെന്നും നാസർഫൈസി വെറും പബ്ലിസിറ്റി മാത്രം നോക്കി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.
ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ സമസ്തയുടെ പള്ളി ഇമാമുമാരുടെ സംഘടനയായ ജംഇയ്യത്തുൽ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായിയാണ് രംഗത്തുവന്നിരുന്നത്. ഒരു മുസ്ലിം വിശ്വാസിക്ക് ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ പാടിഴല്ലന്നും ഇതിനാൽ തന്നെ ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ലെന്നുമാണ് നാസർ ഫൈസി കൂടത്തായി സമസ്തയുടെ ഖുത്വബാ ഖത്തീബുമാർക്ക് സന്ദേശം നൽകിയിരുന്നത്. വിശ്വാസികൾക്കിടയിൽ ഇപ്പോൾ ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഖത്തീബുമാർക്ക് കൈമാറിയ സന്ദേശത്തിൽ നാസർ ഫൈസി കൂടത്തായി പറഞ്ഞു.ഇതെല്ലാം ഏക ദൈവ വിശ്വസത്തെ വ്രണപ്പെടുത്തും.
കുറ്റൻകട്ടൗട്ടുകൾ വെക്കുന്നത് ധൂർത്താണ്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് ജുമുഅ പ്രഭാഷണത്തിൽ വിശ്വാസികളെ ബോധവൽകരിക്കാനാണ് നിർദ്ദേശം. ഇന്ത്യയിൽ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നു സംഘടന ചോദിക്കുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തിൽ വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറയുന്നു.
ഒരു മുസ്ലിംവിശ്വസിക്കു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഉണ്ടാവാൻ പാടില്ലെന്ന് പറഞ്ഞ് തുടങ്ങുന്ന സന്ദേശത്തിന്റെ വിശദമായ രൂപം താഴെ: . കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവൻ ചെലവിടുന്ന സമയവും പണവും അവന്റെ നാഥൻ നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസയ്ക്കും അവൻ അവന്റെ രക്ഷിതാവിനു മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ല. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം.
പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയിൽ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്.ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്കുശേഷവുമാണു നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്കു ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്.
ഫുട്ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്.ഫുട്ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ആ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.സകലതെരുവുകളിലും കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിനു വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം.
ഇത് കാൽപന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഫുട്ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണ്. സ്നേഹവും കളി താൽപര്യവും അതിരു വിട്ട് ആരാധനയിലേക്കെത്തുമ്പോൾ വളരെ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാൻസ് എന്നതു വ്യക്തി ആരാധനയാക്കുന്നത് ശിർക്കിന്റെ പോലും കാരണമാകും.
അതുപോലെ ദുർവ്യയം പാടില്ലകളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിനു പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോടു ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയുടെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും ഖത്തീബുമാർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.