തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിമിനൽ പശ്ചാത്തലമുള്ള മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ്. സിഐ അഭിലാഷ് ഡേവിഡ്, പൊലീസ് ഡ്രൈവർ ഷെറി എസ് രാജ്, ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. രണ്ടുപേർ പീഡനക്കേസിൽ പ്രതിയായതിനും ഒരാൾ പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ചവരുത്തിയതിനുമാണ് നടപടി. പൊലീസിലെ ക്രിമിനലുകളെ പുറത്താക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ. പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയുടെ അന്തിമാനുമതിയോടെയാണ് തീരുമാനങ്ങൾ.

പൊലീസിനെ ശുദ്ധീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമാണ് നടപടികൾ. ഗുണ്ട ക്രിമിനൽ ബന്ധത്തിന്റെ പേരിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വരും. അയിരൂർ എസ് എച്ച് ഒ ആയിരുന്ന ജെ.എസ്. അനിൽ, മലയിൻകീഴ് മുൻ എസ് എച്ച് ഒ ആയിരുന്ന സൈജു എന്നിവർക്ക് എതിരെ ആകും ഉടൻ നടപടി ഉണ്ടാവുക. റിസോർട്ടിൽ നിന്ന് പിരിവ് നടത്താൻ ശ്രമിച്ചു എന്നത് അടക്കമുള്ള ആരോപണം ആണ് ജെ.എസ്. അനിൽ നേരിടുന്നത്.സൈജു രണ്ട് പീഡന കേസിൽ ആണ് ഉൾപ്പെട്ടത്. സസ്‌പെൻഷനും പിരിച്ചു വിടലും അടക്കം കടുത്ത നടപടിയിലൂടെ മുഖം രക്ഷിക്കാൻ ആണ് സർക്കാർ നീക്കം. സൈജുവിന്റേയും അനിലിന്റേയും പിരിച്ചു വിടലിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉടൻ അംഗീകാരം നൽകും.

ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ചവരുത്തിയതിനാണ് അഭിലാഷിനെ പിരിച്ചുവിട്ടത്. റെയിൽവേ പൊലീസിൽ സിഐ ആയിരുന്ന അഭിലാഷ് നിലവിൽ ഗുണ്ടാബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായിരുന്നു. ലൈംഗിക പീഡനക്കേസിലും വയോധികയെ മർദിച്ച കേസിലും പ്രതിയായതിനാലാണ് നന്ദാവനം എആർ ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജിനെതിരേ നടപടി സ്വീകരിച്ചത്. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നാണ് റെജി ഡേവിഡിനെ പിരിച്ചുവിട്ടത്.

ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ തിരുവനന്തപരുത്ത് രണ്ട് ഡിവൈഎസ്‌പിമാരെയും വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ. ജെ ജോൺസൺ, വിജിലൻസ് ഡിവൈഎസ്‌പി പ്രസാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാബന്ധത്തിന്റെ പേരിൽ തലസ്ഥാനത്ത് നാല് സിഐ അടക്കം അഞ്ച് ഉദ്യോഗസ്ഥരേയും അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് സേനയ്ക്കു കളങ്കമായി മാറിയ നടപടിയെന്നു വിലയിരുത്തിയാണ് വകുപ്പു തല നടപടികൾ.

ഗുണ്ടകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ രണ്ടു ഡിവൈഎസ്‌പിമാരെ സസ്‌പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതല ഇല്ലാതിരുന്നിട്ടും ഇവർ നഗരത്തിലെ ഗുണ്ടകൾക്കു വേണ്ടി സ്റ്റേഷനുകളിൽ ഇടപെട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഗുണ്ടാ-മാഫിയ ബന്ധമുള്ള 4 ഇൻസ്‌പെക്ടർമാരെയും ഒരു സബ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് 2 ഡിവൈഎസ്‌പിമാരെ കൂടി സസ്‌പെൻഡ് ചെയ്തത്. കഷായത്തിൽ കീടനാശിനി കലർത്തി കാമുകി കൊലപ്പെടുത്തിയ ഷാരോൺ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കെ.ജെ.ജോൺസൺ. അവധിയിൽ പ്രവേശിച്ചതിനെത്തുടർന്ന് അന്വേഷണം മറ്റൊരാളെ ഏൽപിച്ചു. വിജിലൻസിലെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്നിലെ ഡിവൈഎസ്‌പിയാണ് എം.പ്രസാദ്.

തലസ്ഥാനത്തെ ഗുണ്ടകളായ നിഥിൻ, രഞ്ജിത്ത് എന്നിവർ തമ്മിലുള്ള പണമിടപാടു തർക്കം പരിഹരിക്കാൻ 2 ഡിവൈഎസ്‌പിമാരും കഴിഞ്ഞ ദിവസം സസ്‌പെൻഷനിലായ റെയിൽവേ ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി പ്രവർത്തിച്ചെന്നും ജോൺസന്റെ മകളുടെ ജന്മദിനാഘോഷത്തിനു ഗുണ്ടകൾ പണപ്പിരിവു നടത്തിയെന്നും ഇന്റലിജൻസ് കണ്ടെത്തി.