തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എൻ.ഐ.ഐ റിപ്പോർട്ട് കൈമാറിയെന്ന വാർത്ത നിഷേധിച്ച് കേരള പൊലീസ്. പി.എഫ്.ഐ ബന്ധമുള്ള 873 പൊലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് ഇറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം കേരളാ പൊലീസ് ഫേസ്‌ബുക്ക് പേജിലൂടെയും അറിയിച്ചു.

ഇത്തരം പൊലീസുകാരുടെ ഫോൺ രേഖകൾ ഉൾപ്പെടെ എൻ.ഐ.എ. പരിശോധിച്ചിരുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നതിന് ശേഷവും പൊലീസുകാരും നേതാക്കളും തമ്മിൽ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഹർത്താൽ സമയത്ത് പൊലീസും നേതാക്കളും ഫോണിൽ ബന്ധപ്പെട്ടെന്നും എൻ.ഐ.എയുടെ കണ്ടെത്തിയിരുന്നു.

പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പൊലീസിന്റെ ഡാറ്റാ ബേസിൽ നിന്ന് ആർ.എസ്.എസ്. പ്രവർത്തകരുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകി. ഇയാളെ പിരിച്ചു വിട്ടിരുന്നു. കോട്ടയത്ത് വനിതാപൊലീസ് ഉദ്യോഗസ്ഥ പി.എഫ്.ഐയുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായി. ഇതടക്കമുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി ശേഖരിച്ചിരുന്നു. തുടർന്നാണ് ഇത്തരം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ എൻ.ഐ.എ കൈമാറിയെന്ന വാർത്തവന്നത്.

പോപ്പുലർഫ്രണ്ട് ബന്ധമുള്ളതായി കരുതുന്ന പട്ടികയിലുള്ള സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണെന്നും സംസ്ഥാന പൊലീസിലെ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജൻസികളുടെ നിരീക്ഷണ വലയത്തിലുള്ളതെന്നുമാമായിരുന്നു പുറത്തുവന്ന വാർത്ത.