തിരുവനന്തപുരം: കേരളാ പൊലീസിന് ചീത്തപ്പേരുണ്ടാക്കുന്ന വിധത്തിൽ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം അടുത്തകാലത്തായി പുറത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്താക്കാതിരിക്കാൻ ഡിജിപി പ്രത്യേക നിർദേശങ്ങളുമായി രംഗത്തുവന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരിൽ നിന്നു കോൺസ്റ്റബിൾ മുതൽ ഡിജിപി വരെയുള്ളവർ അകലം പാലിക്കണമെന്നും ജനസേവനം മുഖമുദ്രയാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി.

ഇതുൾപ്പെടെ 25 കൽപനകൾ പൊലീസ് സേനയ്ക്കു ഡിജിപി പുതുതായി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിന്റെ തീരുമാനമെന്ന തരത്തിലാണ് ഉത്തരവ്. എസ്‌ഐ മുതൽ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ വരെ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലും ബെനാമി പേരിലും ബിസിനസ് നടത്തുന്നതായും ക്വാറി നടത്തിപ്പു മുതൽ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളോടു വരെ ചങ്ങാത്തം പാലിക്കുന്നതായും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരക്കാരുടെ പേരുകൾ തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉത്തരവിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്: പരാതിയുമായി ആരെങ്കിലും എത്തിയാൽ അനിശ്ചിതത്വത്തിൽ നിർത്താതെ വ്യക്തമായ വിവരം നൽകണമെന്നും നിർദേശത്തൽ വ്യക്തമാക്കുന്നു. എഫ്‌ഐആറിന്റെ പകർപ്പും അന്വേഷണ പുരോഗതി വിവരവും പരാതിക്കാരനു കൃത്യമായി നൽകണം. പരാതിക്കാർക്കും ഓൺലൈൻ പരാതിക്കാർക്കും കൈപ്പറ്റു രസീതു നൽകണം. മനുഷ്യാവകാശ ലംഘനം, അന്യായമായ തടങ്കൽ, മൂന്നാംമുറ എന്നിവ ഒഴിവാക്കണമെന്നുമാണ് നിർദ്ദേശം.

അതേസമയം മതസ്പർധ വളർത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളമെന്നുമാണ് ഡിജിപിയുടെ മറ്റൊരു പ്രധാന നിർദ്ദേശം. പൊലീസ് സ്റ്റേഷനുകളിൽ ഒരേ ജോലി ദീർഘകാലമായി ചെയ്യുന്നവരെ മറ്റു ജോലികളിലേക്കു മാറ്റണം. മാനസിക സംഘർഷം ഉള്ളവരെ കണ്ടെത്തി ഡിവൈഎസ്‌പിമാർ പിരിമുറുക്കം ലഘൂകരിക്കണം. കസ്റ്റഡി പീഡനം അനുവദിക്കില്ല. എല്ലാ ജില്ലകളിലും ആധുനിക സജ്ജീകരണമുള്ള 'ചോദ്യം ചെയ്യൽ ' മുറികൾ ഉറപ്പാക്കണം. ലഹരിമരുന്നു വരവും ഉപയോഗവും തടയണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം റിപ്പോർട്ട് ചെയ്യുമ്പോൾ തന്റെ സ്റ്റേഷൻ പരിധിക്കു പുറത്താണെന്നു പറഞ്ഞ് ഒഴിയുന്നവർക്കെതിരെ എസ്‌പിമാർ കർശന നടപടി സ്വീകരിക്കണം. എല്ലാ സ്റ്റേഷനിലും വനിതാ ഹെൽപ് ഡെസ്‌ക് ഉറപ്പാക്കണമെന്നും ഡിജിപി നിർദേശിക്കുന്നു.

അതേസമയം പോക്‌സോ അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ കുറ്റവാളികളാണെങ്കിൽ ഉടൻ അറസ്റ്റുചെയ്യണമെന്നും നിർദേശമുണ്ട്. ട്രാൻസ്‌ജെൻഡേഴ്‌സിനോടു മനുഷ്യത്വപരമായി പെരുമാറണം. ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരെ പ്രത്യേകം ശ്രദ്ധിക്കണം. മുറിവേറ്റവരെയും ലഹരിമരുന്നിന് അടിമപ്പെട്ടവരെയും അറസ്റ്റു ചെയ്യുമ്പോൾ മെഡിക്കൽ പരിശോധനയ്ക്കു ശേഷം മാത്രമേ സ്റ്റേഷനിൽ ഹാജരാക്കാവൂ. സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഡിജിപി നിർദേശിക്കുന്നു.

അതേസമം കേരളാ പൊലീസിൽ മദ്യം, ലഹരിമരുന്ന്,ഹവാല, സ്വർണക്കടത്ത്, ക്വട്ടേഷൻ, അനധികൃത മണൽഖനനം, പാറക്കടത്ത് എന്നീ കുറ്റകൃത്യം ചെയ്യുന്നവരുമായി അനധികൃത ചങ്ങാത്തം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിൽ കൂടി വരുന്നതായി ഡിജിപി അനിൽ കാന്ത്. ഇതുവഴി പൊലീസ് ഉദ്യോഗസ്ഥർ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നു. സർവീസ് ചട്ടങ്ങൾ ലംഘിച്ചു പല പൊലീസ് ഉദ്യോഗസ്ഥരും വ്യാപാര, വ്യവസായ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

സ്വർണക്കടത്ത്, ക്വട്ടേഷൻ, ലഹരിക്കടത്ത് തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് അനധികൃതമായി സ്വത്തു സമ്പാദിച്ചു തങ്ങളുടെ സമൂഹത്തിലെ ഇടപെടൽ ശേഷി വർധിപ്പിക്കുന്ന പ്രവണത ചില കുറ്റവാളികൾ സ്വീകരിക്കുന്നു. ഇവർക്കെതിരെ കാപ്പ നിയമം ചുമത്തണം.