തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനം നിതിൻ ഗഡ്കരിയുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ മുന്നേറുന്നുണ്ട്. ദേശീയപാതകൾ അങ്ങോളമിങ്ങോളം നിർമ്മാണം നടക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലേതിനേക്കാൾ മികച്ചവയാണോ? അങ്ങനെയാണെന്നാണ് കേരളാ മു്ഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. അദ്ദേഹത്തോട് ന്യൂയോർക്കിൽ നിന്നുള്ള മലയാളികൾ പറഞ്ഞ കാര്യമാണത്രേ..

ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്. മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം!

ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു. ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി. തന്റെ സർക്കാറിന്റെ കാലത്ത് റോഡികളെല്ലാം വികസിക്കുന്നുണ്ടെന്ന് വ്യക്തമാക്കാനായിരുന്നു പിണറായിയുടെ വാക്കുകൾ.

നാടിനുണ്ടായ മാറ്റം ആളുകൾ അംഗീകരിക്കുകയും ഉൾക്കൊള്ളുകയുമാണ്. റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം പേരു വെളിപ്പെടുത്താതെയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ സൈബറിടത്തിലും വിമർശന വിധേയമായി. ഒരു മയത്തിലൊക്കെ തള്ളണമെന്നാണ് പലരും ഇതേക്കുറിച്ച് പറഞ്ഞ കാര്യം. മുഖ്യമന്ത്രി സ്വന്തം മരുമകനെ അഭിനന്ദിച്ചതാണെന്നുമാണ് മറുപക്ഷം. അതേസമയം ദേശീയ പാതയിലൂടെയാണ് ആ അമേരിക്കൻ മലയാളികൾ യാത്ര ചെയ്ത കാര്യമെന്നാണ് മറ്റു ചിലർ ഓർമ്മിപ്പിച്ചത്.